തിരുവനന്തപുരത്ത് നവ്ജ്യോത് ഖോസ, കൊല്ലം ജില്ലയിൽ അഫ്സാന പർവീൻ, പത്തനംതിട്ടയിൽ ഡോ.ദിവ്യ എസ്. അയ്യർ...
തിരുവനന്തപുരം: കേരളത്തിൽ വനിതാ കളക്ടർമാർ ഭരിക്കുന്ന ജില്ലകളുടെ എണ്ണം പത്തായി. 14 ജില്ലകളിൽ 10 ജില്ലകളും ഇപ്പോൾ ഭരിക്കുന്നത് വനിതാ കളക്ടർമാരാണ്. നേരത്തേ ഒമ്പത് ഉണ്ടായിരുന്നത് ആലപ്പുഴ കളക്ടറായി ഡോ രേണു രാജിനെ ബുധനാഴ്ച നിയമിച്ചതോടെ പത്താകുകയായിരുന്നു. ഇത് സംസ്ഥാനത്തിന്റെ റെക്കോർഡ് നേട്ടം തന്നെയാണ്. ആദ്യമായാണ് ഇത്തരമൊരു സ്ത്രീ മുന്നേറ്റം കേരളത്തിലുണ്ടാകുന്നത്.
തിരുവനന്തപുരത്ത് നവ്ജ്യോത് ഖോസ, കൊല്ലം ജില്ലയിൽ അഫ്സാന പർവീൻ, പത്തനംതിട്ടയിൽ ഡോ.ദിവ്യ എസ്. അയ്യർ, ആലപ്പുഴയിൽ ഇനി മുതൽ ഡോ.രേണുരാജ്, കോട്ടയത്ത് ഡോ.പി.കെ. ജയശ്രീ, ഇടുക്കിയിൽ ഷീബ ജോർജ്, തൃശൂർ ജില്ലയിൽ ഹരിത വി. കുമാർ, പാലക്കാട് മൃൺമയി ജോഷി, വയനാട് എം.ഗീത, കാസർകോട് ജില്ലയിൽ ഭണ്ഡാരി സ്വാഗത് രൺവീർചന്ദ് എന്നിവരാണ് കേരളത്തിലെ 10 ജില്ലകളിലെ പെൺ സാരഥികൾ.
എറണാകുളം, മലപ്പുറം, കോഴിക്കോട്, കണ്ണൂർ ജില്ലകളിൽ മാത്രമാണ് പുരുഷ ഐഎഎസ് ഓഫീസർമാർ ഭരിക്കുന്നത്. കൊല്ലം കലക്ടർ അഫ്സാന പർവീന്റെ ഭർത്താവ് ജാഫർ മാലിക്കാണ് എറണാകുളം കലക്ടർ. റവന്യൂ ദിനാഘോഷത്തിന്റെ ഭാഗമായി പ്രഖ്യാപിച്ച റവന്യൂ പുരസ്കാരങ്ങളിൽ മികച്ച മൂന്ന് ജില്ലാ കളക്ടർമാരായി തെരഞ്ഞെടുക്കപ്പെട്ടതിൽ രണ്ടുപേരും വനിതകളായിരുന്നു. നവ്ജ്യോത് ഖോസ, മൃൺമയി ജോഷി എന്നിവരാണ് ഈ നേട്ടം കൈവരിച്ച വനിതാ കളക്ടർമാർ. ആലപ്പുഴ കളക്ടറായിരിക്കെ വിരമിക്കുന്ന എ.അലക്സാണ്ടറാണ് ഈ പുരസ്കാരം നേട്ടം സ്വന്തമാക്കിയ മറ്റൊരാൾ. ഇദ്ദേഹം വിരമിക്കുന്നതോടെയാണ് ഡോ.രേണുരാജിനെ കളക്ടറായി നിയമിച്ചിരിക്കുന്നത്.
വയസ്സ് വെറും നമ്പറല്ലേ, 58ാം വയസ്സിൽ മാസ്റ്റേഴ്സ് മിസ്റ്റർ ഇന്ത്യയായി സുരേഷ് കുമാർ
കൊല്ലം: ഇത്തവണത്തെ മാസ്റ്റേഴ്സ് മിസ്റ്റർ ഇന്ത്യ എന്ന നേട്ടം ഒരു കൊല്ലംകാരനാണ്. അതുമാത്രമല്ല ഈ വിജയത്തിന്റെ പ്രത്യേകത, അദ്ദേഹം 58 വയസ്സുള്ള യുവാവാണ്. കൊല്ലം തെക്കേവിള സ്വദേശിയായ എ സുരേഷ് കുമാറാണ് തന്റെ 58ാം വയസ്സിൽ മാസ്റ്റേഴ്സ് മിസ്റ്റർ ഇന്ത്യയായി തെരഞ്ഞെടുക്കപ്പെട്ടിരിക്കുന്നത്. റിട്ടയേഡ് കെഎസ്ആർടിസി ജീവനക്കാരനാണ് സുരേഷ് കുമാർ.
ഇന്ത്യൻ ബോഡി ബിൽഡിങ് ഫെഡറേഷൻ പോണ്ടിച്ചേരിയിൽ നടത്തിയ മത്സരത്തിൽ മാസ്റ്റേഴ്സ് കാറ്റഗറിയിലാണ് സുരേഷ് നേട്ടം സ്വന്തമാക്കിയത്. നേരത്തേ മിസ്റ്റർ കൊല്ലവും മിസ്റ്റർ കേരളയുമായ ആളാണ് ഇദ്ദേഹം. നിലവിൽ കൊല്ലം എസ്എൻ കോളേജ് ജംങ്ഷനിലെ അലിയൻ സിമ്മിൽ പരിശീലകനാണ്.
മാസ്റ്റേഴ്സ് സ്വന്തമാക്കാൻ 25 കാരനായ അഭിഷേകിന് കീഴിൽ ആണ് 30 വർഷമായി ബോഡി ബിൽഡിംഗ് രംഗത്തുള്ള സുരേഷ് പരിശീലിച്ചത്. കഴിഞ്ഞ ഒരു വർഷമായി ചിട്ടയായ പരിശീലനം നടത്തിവരികയായിരുന്നു. ഭാര്യയും മക്കളും കൊച്ചുമക്കളുമടങ്ങിയ കുടുംബത്തിന്റെ വലിയ പിന്തുണയുമുണ്ട് സുരേഷിന്. മകൻ അനന്ത കൃഷ്ണൻ ദുബായിൽ ബോഡി ബിൽഡിംഗ് ട്രെയിനറാണ്. ഭാര്യ മിനി, മക്കൾ - ശ്രുതി, അനന്ദകൃഷ്ണൻ, മരുമക്കൾ - ഹരികൃഷ്ണൻ, ഡോ.കബനി, ചെറുമക്കൾ - വേദ, അഖിൽ
