Asianet News MalayalamAsianet News Malayalam

കെഎസ്ആർടിസിയുടെ 100 കോടി കാണാനില്ല, ഉന്നതർക്കും പങ്ക്; വ്യാപക ക്രമക്കേടെന്ന് എംഡി

കെഎസ്ആർടിസിയെ വെട്ടിമുറിക്കാനല്ല ശ്രമം. ജീവനക്കാരിൽ ആരെയും പിരിച്ചുവിടില്ല. എന്നാൽ ആളുകളെ കുറയ്ക്കേണ്ടി വരും. 22000 പേരായി ആദ്യഘട്ടം ജീവനക്കാരെ കുറയ്ക്കും

100 crore of KSRTC missing MD Biju Prabhakar accuses staff for curroption
Author
Thiruvananthapuram, First Published Jan 16, 2021, 12:13 PM IST

തിരുവനന്തപുരം: കെഎസ്ആർടിസിയിൽ വ്യാപക ക്രമക്കേടെന്ന് മാനേജിങ് ഡയറക്ടർ ബിജു പ്രഭാകർ. 2012 മുതൽ 2015 വരെയുള്ള കാലയളവിൽ കെഎസ്ആർടിസിയുടെ 100 കോടിയോളം രൂപ കാണാനില്ല. അന്ന് അക്കൗണ്ട്സ് മാനേജരായിരുന്ന ശ്രീകുമാറിനെതിരെ നടപടി സ്വീകരിക്കും. നിലവിൽ എക്സിക്യൂടീവ് ഡയറക്ടറാണ് ശ്രീകുമാർ. മറ്റൊരു എക്സിക്യൂട്ടീവ് ഡയറക്ടറായ ഷറഫിനെതിരെയും നടപടിയുണ്ടാകും. 

പോക്സോ കേസിൽ ആരോപണവിധേയരായ ജീവനക്കാരെ തിരിച്ചെടുത്തതിലാണ് വിജിലൻസ് വിഭാഗം എക്സിക്യൂട്ടീവ് ഡയറക്ടർ പിഎം ഷറഫിനെതിരെ നടപടി എടുക്കുമെന്ന് എംഡി പറഞ്ഞത്. കെഎസ്ആർടിസി കടം കയറി നിൽക്കുകയാണെന്നും വലിയ പ്രതിസന്ധിയിലൂടെയാണ് കടന്നുപോകുന്നതെന്നും അദ്ദേഹം പറഞ്ഞു. കടുത്ത പ്രതിസന്ധി മറികടക്കാനാണ് ഉടമസ്ഥതയിലുള്ള സ്ഥലങ്ങൾ വിൽക്കാനും പാട്ടത്തിന് നൽകാനും തീരുമാനിച്ചതെന്ന് എംഡി വിശദീകരിച്ചു. വികാസ് ഭവൻ ഡിപ്പോ കിഫ്ബിയ്ക്ക്  പാട്ടത്തിനു നൽകുന്ന നടപടി സുതാര്യമാണ്. 

കെഎസ്ആർടിസിയെ വെട്ടിമുറിക്കാനല്ല ശ്രമം. ജീവനക്കാരിൽ ആരെയും പിരിച്ചുവിടില്ല. എന്നാൽ ആളുകളെ കുറയ്ക്കേണ്ടി വരും. 22000 പേരായി ആദ്യഘട്ടം ജീവനക്കാരെ കുറയ്ക്കും. പിന്നീട് 15000 ആയും 10000 ആയും ജീവനക്കാരെ കുറയ്ക്കുമെന്നും അദ്ദേഹം പറഞ്ഞു. ഇപ്പോൾ സിഎൻജിയെ എതിർക്കുന്നത് ഡീസൽ വെട്ടിപ്പ് തുടരാൻ വേണ്ടിയാണ്. ജീവനക്കാരെ മുഴുവനായും അങ്ങിനെ കാണുന്നില്ലെന്നും എന്നാൽ പത്ത് ശതമാനം പേരെങ്കിലും ഇത്തരം പ്രവർത്തികളിൽ ഏർപ്പെടുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.

ഡീസലിൽ മാത്രമല്ല വെട്ടിപ്പ് നടക്കുന്നത്. ടിക്കറ്റ് മെഷീനിലും തട്ടിപ്പ് നടക്കുന്നുണ്ട്. ജീവനക്കാരിൽ 7090 പേർ പഴയ ടിക്കറ്റ് നൽകി വെട്ടിപ്പ് നടത്തുന്നു. ദീർഘദൂര ബസ്സ് സർവീസുകാരെ സഹായിക്കാനുള്ള ശ്രമമാണ് നടത്തുന്നത്. കെഎസ്ആർടിസിയുടെ വർക് ഷോപ്പുകളിൽ സാമഗ്രികൾ വാങ്ങുന്നതിലും ക്രമക്കേട് നടക്കുന്നുണ്ട്. വെട്ടിപ്പ് നടത്തുന്നവർക്കെതിരെ ശക്തമായ നടപടിയെടുക്കും. അടുത്ത മൂന്ന് മുതൽ അഞ്ച് വർഷത്തിനുള്ളിൽ സമഗ്രമായ മാറ്റം വരുത്തുമെന്നും അദ്ദേഹം വ്യക്തമാക്കി.

കടത്തിൽ നിന്നും കടത്തിലേക്ക് കൂപ്പ് കുത്തുന്നതിനിടെയാണ് കെഎസ്ആർടിസി എംഡി ജീവനക്കാർക്കെതിരെ കടുത്ത വിമർശനം ഉയർത്തിയത്. കെഎസ്ആർടിസിക്ക് കീഴിൽ സ്വിഫ്റ്റ് എന്ന ഉപകമ്പനി രൂപീകരിക്കാനുള്ള എംഡിയുടെ നിർദ്ദേശത്തിനെതിരെ യൂണിയനുകൾ വലിയ എതിർപ്പാണ് ഉയർത്തിയിരുന്നത്. ഇതിന് പിന്നാലെയാണ് എംഡി ജീവനക്കാർക്കെതിരെ ആഞ്ഞടിച്ചത്.

ചില ജീവനക്കാർ മാത്രമാണ് പ്രശ്നക്കാരെന്ന് പറയുമ്പോഴും സ്ഥാപനത്തിനെതിരായ എംഡിയുടെ തുറന്ന് പറച്ചിൽ വൻവിവാദമായി. സിപിഐ-കോൺഗ്രസ്-ബിജെപി അനുകൂല സംഘനടകൾ എംഡിക്കെതിരെ വിമർശനവുമായെത്തിയതോടെ കെഎസ്ആർടിസിയിൽ വീണ്ടും പോര് മുറുകുമെന്നുറപ്പായി. ബാങ്ക് കൺസോർഷ്യവുമായി വായ്പയെടുത്തതിനാൽ കെഎസ്ആർടിസിക്ക് കിഫ്ബിയിൽ നിന്നും നേരിട്ട് പുതിയ വായ്പ എടുക്കാനാകില്ല. ഈ സാഹചര്യത്തിലാണ് വായ്പ എടുക്കാൻ സ്വിഫ്റ്റ് എന്ന ഉപകമ്പനി രൂപീകരിക്കുന്നത്. ആദ്യം സിഎൻജി-എൽഎൻജി ബസ്സുകൾ വാങ്ങുന്നതിന് മാത്രമാണ് സ്വിഫ്റ്റ് എന്ന് പറഞ്ഞെങ്കിലും പിന്നീട് ദീർഘദൂര ബസ്സുകൾ ഈ കമ്പനിക്ക് കീഴിലേക്ക് മാറ്റാൻ എംഡി തീരുമാനിച്ചതോടെയാണ് യൂണിയനുകൾ ഉടക്കിട്ടത്.

Follow Us:
Download App:
  • android
  • ios