വി എസിന്റെ നൂറാം പിറന്നാൾ ആഘോഷം; സന്തത സഹചാരി സുരേഷ് പുറത്ത്, പോസ്റ്ററിൽ പേരില്ല
വിഭാഗീയതയുടെ പേരിൽ പാർട്ടിയിൽ നിന്ന് പുറത്താക്കപ്പെട്ട് വർഷങ്ങളായിട്ടും എന്തിനാണ് ഇത്ര വിരോധമെന്ന് അറിയില്ലെന്ന് സുരേഷ് പ്രതികരിച്ചു.

പാലക്കാട്: വി എസ് അച്ചുതാനന്ദൻ്റെ നൂറാം പിറന്നാൾ ആഘോഷത്തിൽ നിന്ന് മുൻ പിഎ സുരേഷിനെ ഒഴിവാക്കി.
വിഎസിന്റെ സന്തത സഹചാരിയായിരുന്ന എ സുരേഷിൻ്റെ പേരൊഴിവാക്കി പുതിയ പോസ്റ്റർ ഇറക്കി. വിഭാഗീയതയുടെ പേരിൽ പാർട്ടിയിൽ നിന്ന് പുറത്താക്കപ്പെട്ട് വർഷങ്ങളായിട്ടും എന്തിനാണ് ഇത്ര വിരോധമെന്ന് അറിയില്ലെന്ന് സുരേഷ് പ്രതികരിച്ചു.
ഈ മാസം 20 നാണ് മുണ്ടൂരിലെ സി പി എം അനുഭാവികളുടെ സംഘടനയായ കളേഴ്സ് ഓഫ് മുണ്ടൂർ വി.എസിൻ്റെ പിറന്നാൾ ആലോഷം സംഘടിപ്പിച്ചിരിക്കുന്നത്. വി.എസിൻ്റെ പി.എ ആയിരുന്ന എ സുരേഷിനെ പരിപാടിയിലേക്ക് ക്ഷണിക്കുകയും പോസ്റ്ററിൽ പേര് വെക്കുകയും ചെയ്തിരുന്നു. സുരേഷിനെ കൂടാതെ എ പ്രഭാകരൻ എം എൽ എ ,സി പി എം പാലക്കാട് ജില്ല കമ്മിറ്റി അംഗം പി.എ ഗോകുൽദാസ്, മുണ്ടൂർ ഏരിയ സെക്രട്ടറി സി.ആർ സജീവ് എന്നിവരുടെ പേരുമുണ്ടായിരുന്നു. വിഭാഗീയതയുടെ പേരിൽ പാർട്ടി പുറത്താക്കിയ സുരേഷിനെ പരിപാടിയിലേക്ക് ക്ഷണിച്ചതിൽ ജില്ലയിലെ ഒരു വിഭാഗം നേതാക്കൾക്ക് അതൃപ്തിയുണ്ടായിരുന്നു. ഇതോടെ സുരേഷിനെ ഒഴിവാക്കി കൊണ്ട് തീരുമാനം വന്നു.
അതേ സമയം, സംഭവം പാർട്ടിയുടെ അറിവോടെയല്ലെന്ന് സി പി എം ജില്ല നേതൃത്വം വ്യക്തമാക്കി. മാധ്യമങ്ങൾക്ക് വാർത്ത ചോർത്തി നൽകിയെന്നതിൻ്റെ പേരിൽ വർഷങ്ങൾക്ക് മുമ്പ് പാർട്ടിയിൽ നിന്ന് പുറത്താക്കപ്പെട്ട സുരേഷ് മടങ്ങി വരാൻ സിപിഎം സംസ്ഥാന കമ്മിറ്റിക്ക് അപ്പീൽ നൽകി കാത്തിരിക്കുകയാണ്.
https://www.youtube.com/watch?v=Ko18SgceYX8