103 കേസുകളിലായി 24.36 ഗ്രാം എംഡിഎംഎ, 125.3 ഗ്രാം കഞ്ചാവ്, 81 കഞ്ചാവ് ബീഡി എന്നിവ പൊലീസ് പിടിച്ചെടുത്തു.

തിരുവനന്തപുരം: ലഹരിക്കെതിരെ സംസ്ഥാന പൊലീസ് നടത്തുന്ന ഓപ്പറേഷന്‍ ഡി-ഹണ്ടിന്‍റെ ഭാഗമായി ഇന്നലെ മാത്രം 112 പേരെ അറസ്റ്റ് ചെയ്തതായി പൊലീസ് അറിയിച്ചു. സംസ്ഥാന വ്യാപകമായി നടത്തിയ സ്പെഷ്യല്‍ ഡ്രൈവില്‍ മയക്കുമരുന്ന് വില്‍പ്പനയില്‍ ഏര്‍പ്പെടുന്നതായി സംശയിക്കുന്ന 1841 പേരെ പരിശോധനയ്ക്ക് വിധേയമാക്കി. വിവിധ തരത്തിലുള്ള നിരോധിത മയക്കുമരുന്ന് കൈവശം വച്ചതിന് 103 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു.

Add Asianetnews as a Preferred SourcegooglePreferred

ഇന്നലെ രജിസ്റ്റർ ചെയ്ത 103 കേസുകളിലായി 24.36 ഗ്രാം എംഡിഎംഎ, 125.3 ഗ്രാം കഞ്ചാവ്, 81 കഞ്ചാവ് ബീഡി എന്നിവ പൊലീസ് പിടിച്ചെടുത്തു. പൊതുജനങ്ങളില്‍ നിന്ന് മയക്കുമരുന്ന് സംബന്ധിച്ച വിവരങ്ങള്‍ സ്വീകരിച്ച് നടപടികള്‍ സ്വീകരിക്കുന്നതിനായി 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന ആന്‍റി നര്‍ക്കോട്ടിക്ക് കണ്‍ട്രോള്‍ റൂം നിലവിലുണ്ട്. നമ്പർ - 9497927797. ഈ നമ്പറിലേക്ക് ബന്ധപ്പെടുന്നവരുടെ വിവരങ്ങള്‍ രഹസ്യമായാണ് സൂക്ഷിക്കുന്നതെന്നും പൊലീസ് അറിയിച്ചു.

നിരോധിത മയക്കുമരുന്നുകളുടെ സംഭരണത്തിലും വിപണനത്തിലും ഏര്‍പ്പെട്ടിരിക്കുന്നവരെ കണ്ടുപിടിച്ച് കര്‍ശന നിയമനടപടികള്‍ സ്വീകരിക്കുന്നതിനാണ് 2025 ജൂണ്‍ 15 ന് സംസ്ഥാന വ്യാപകമായി ഓപ്പറേഷന്‍ ഡി-ഹണ്ട് നടത്തിയത്.