തിരുവനന്തപുരം: സംസ്ഥാനത്ത് 108 ആംബുലൻസ് ജീവനക്കാരുടെ മിന്നൽ പണിമുടക്ക്. ശമ്പളവുമായി ബന്ധപ്പെട്ട കാര്യങ്ങളില്‍ തീരുമാനമില്ലാത്തതിനെ തുടര്‍ന്നാണ് സമരം. കൂടാതെ അധികം ഓടുന്ന ഓരോ കിലോമീറ്ററിനും കമ്പനിക്ക് ലഭിക്കുന്ന 15 രൂപയിൽ 2 രൂപ ജീവനക്കാർക്ക് നൽകണമെന്ന ആവശ്യവും ജീവനക്കാര്‍ ഉന്നയിക്കുന്നുണ്ട്. സംസ്ഥാന സർക്കാരിന്‍റെ സമഗ്ര ട്രോമ കെയർ പദ്ധത്തിയായ കനിവ് 108 ആംബുലൻസ് സർവീസ് കഴിഞ്ഞ മാസം 25നാണ് പ്രവർത്തനം ആരംഭിച്ചത്.

എന്നാൽ ജീവനക്കാരുടെ വേതനം സംബന്ധിച്ച കാര്യത്തിൽ കരാർ എടുത്തിരിക്കുന്ന ജി വി കെ എം ആർ ഐ എന്ന കമ്പനി ഇതുവരെയും നടപടികൾ സ്വീകരിക്കാത്തതിനെ തുടർന്നാണ് ജീവനാക്കാര്‍ മിന്നൽ പണിമുടക്ക് നടത്തുന്നത്. അതേസമയം, മുന്നറിയിപ്പ് നല്‍കാതെയുള്ള സമരത്തിനെതിരെ ചില ജീവനാക്കാര്‍ക്ക് പ്രതിഷേധമുണ്ട്.

നേരത്തെ തിരുവനന്തപുരം, ആലപ്പുഴ ജില്ലയിൽ മാത്രമാണ് 108 ആംബുലൻസ് പ്രവർത്തനം ഉണ്ടായിരുന്നത്. ആ സർവീസിൽ പ്രവർത്തിച്ചിരുന്ന ജീവനക്കാരെ പുതിയ സർവീസിലേക്ക് എടുത്തിരുന്നു. ഇവർ ആവശ്യപ്പെട്ട ശമ്പളം ലഭ്യമാക്കണമെന്ന് കമ്പനിയോട് ഇവർ അവശ്യപ്പെട്ടിരുന്നു. ഹൈദരാബാദിലെ ഹെഡ് ഓഫീസിൽ നിന്ന് അനുമതി ലഭിച്ചാൽ മാത്രമേ ഇതിന് സാധിക്കൂവെന്ന് കമ്പനി അധികൃതർ ഇവരെ അറിയിച്ചിരുന്നു. മൂന്ന് ദിവസം ഇതിനായി കമ്പനി സമയം ആവശ്യപ്പെട്ടു. എന്നാല്‍ സമയം കഴിഞ്ഞിട്ടും നടപടിയില്ലാത്തതിനെ തുടര്‍ന്നാണ് ജീവനക്കാർ സമരത്തിലേക്ക് തിരിഞ്ഞത്.

തിരുവനന്തപുരം ജില്ലയിൽ ചിലയിടങ്ങളിൽ ജീവനക്കാർ ആംബുലൻസുകൾ ഓടിക്കുന്നുണ്ട്. ജീവനക്കാരുമായി ചർച്ച നടത്താൻ ശ്രമിക്കുന്നുണ്ടെന്നും എന്നാൽ അവർ തയ്യാറാകുന്നില്ലയെന്നും നോട്ടീസ് പോലും തരാതെ മിന്നൽ പണിമുടക്കിലേക്ക് നീങ്ങിയത് ദൗർഭാഗ്യകാരമാണെന്നും  കമ്പനി കേരള ഓപറെഷൻസ്‌ മാനേജർ ശരവണൻ പറഞ്ഞു.