കോഴിക്കോട്: നഗരപരിധിയിൽ ഇന്ന് 144 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. കോർപ്പറേഷൻ പരിധിയിൽ നാലിടത്തായി നടത്തിയ ആൻ്റിജൻ പരിശോധനയിലാണ് ഇത്രയും പേർക്ക് രോഗം സ്ഥിരീകരിച്ചത്. നഗരമധ്യത്തിൽ സ്ഥിതി ചെയ്യുന്ന കോഴിക്കോട് സെൻട്രൽ മാർക്കറ്റിൽ ജോലി ചെയ്യുന്ന 111 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. 

801 പേരിൽ നടത്തിയ കൊവിഡ് പരിശോധനയിലാണ് 111 പേർക്ക് കൊവിഡ് പോസിറ്റീവായത്. സെൻട്രൽ മാർക്കറ്റ് കൂടാതെ തീരദേശമേഖലയായ പയ്യാനക്കല്ലിൽ 20 പേർക്കും വെള്ളയിൽ എട്ടു പേർക്കും വെസ്റ്റ്ഹില്ലിൽ അഞ്ച് പേർക്കും കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. 

മത്സ്യത്തൊഴിലാളികൾ കൂടുതലായി ഇടപെടുകയും നിത്യേന ആളുകൾ പലവിധ ആവശ്യങ്ങൾക്കായി എത്തുകയും ചെയ്യുന്ന കോഴിക്കോട് സെൻട്രൽ മാർക്കറ്റിൽ രോഗം പടർന്നത് വലിയ ആശങ്ക സൃഷ്ടിക്കുന്നുണ്ട്. കോഴിക്കോട് കോർപ്പറേഷനോട് ചേർന്ന് കിടക്കുന്ന കടലുണ്ടി, ഫറൂഖ് മേഖലകളിലും രോഗവ്യാപനം ശക്തമാണ്.