വാഹനം മാറി പൊലീസ് ജീപ്പിന് കൈ കാണിച്ച വയോധികക്ക് ലിഫ്റ്റ് നൽകി കേരളാ പൊലീസ്. ഈ സംഭവം സാമൂഹിക മാധ്യമങ്ങളിൽ ശ്രദ്ധ നേടുകയാണ്. സംഭവത്തിന്റെ ദൃശ്യങ്ങൾ പകർത്തി കേരളാ പൊലീസിന്റെ ഔദ്യോഗിക ഫേസ്ബുക്ക് പേജിൽ പോസ്റ്റുമിട്ടിട്ടുണ്ട്.

തിരുവനന്തപുരം: വാഹനം മാറി ലിഫ്റ്റ് ചോദിച്ച വയോധികക്ക് കൂട്ടായി കേരളാ പൊലീസ്. പൊലീസ് ജീപ്പ് ആണെന്ന് അറിയാതെയാണ് വയോധിക റോട്ടിലിറങ്ങി കൈ കാണിച്ചത്. എന്നാൽ പൊലീസ് അവർക്ക് ലിഫ്റ്റ് നൽകുകയും ചെയ്തു. സംഭവത്തിന്റെ ദൃശ്യങ്ങൾ പകർത്തി കേരളാ പൊലീസിന്റെ ഔദ്യോഗിക ഫേസ്ബുക്ക് പേജിൽ പോസ്റ്റുമിട്ടിട്ടുണ്ട്. യാത്രക്കിടയിൽ അറിയാതെയാണ് കൈ കാണിച്ചതെന്ന് വയോധിക പൊലീസുകാരോട് പറയുന്നുമുണ്ട്. ഇക്കഴിഞ്ഞ ദിവസം വോട്ട് ചെയ്യാനായി ബൂത്തിലെത്തിയ ഒരു സ്ത്രീയുടെ കുഞ്ഞിനെ സ്വന്തം കുഞ്ഞിനെപ്പോലെ താലോലിക്കുന്ന വനിതാ പൊലീസ് ഉദ്യോഗസ്ഥയുടെ വീഡിയോയും വലിയ ശ്രദ്ധ നേടിയിരുന്നു.

ഈയിടക്ക് പൊലീസ് ഒരു നീർക്കാക്കയുടെ കൊക്കിലെ വല മാറ്റുന്നതും സാമൂഹിക മാധ്യമങ്ങളിൽ വൈറലായിരുന്നു. മയ്യിൽ പൊലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥരായ എസ്‌.ഐ മുഹമ്മദ് ഫൈറൂസും എസ്‌.സി.പി.ഒ രഞ്ജിത്തും കണ്ണാടിപ്പറമ്പ് റൂട്ടിൽ പട്രോളിങ്ങിനിടെയാണ് നീർക്കാക്കയുടെ കൊക്കിൽ വല കുരുങ്ങിയതായി കണ്ടത്. അവശനിലയിൽ ഭക്ഷണം പോലും കഴിക്കാൻ സാധിക്കാതെ നിന്ന പക്ഷിയെ ഇരുവരും ചേർന്ന് പിടികൂടി കൊക്കിൽ കുരുങ്ങിയ വല അഴിച്ചുമാറ്റി രക്ഷപ്പെടുത്തുകയായിരുന്നുവെന്ന് ഫോസ്ബുക്കിലിട്ട കുറിപ്പിൽ പറയുന്നു.