തിരുവനന്തപുരം: പൊലീസുകാരന് കൊവിഡ് സ്ഥിരീകരിച്ച പശ്ചാത്തലത്തിൽ പേട്ട സ്റ്റേഷനിലെ 12 പൊലീസുകാർ ക്വറന്‍റീനിൽ പ്രവേശിച്ചു. ഒമ്പത് പൊലീസ് ഉദ്യോഗസ്ഥരും, മൂന്ന് ട്രെയിനികളുമാണ് ക്വാറന്‍റീനിൽ പോയത്. കണ്ടെയ്ന്മെന്റ് സോണിൽ ജോലി ചെയ്യുകയായിരുന്ന സ്റ്റേഷനിലെ പൊലീസുകാരന് ഇന്നലെയാണ് കൊവിഡ് സ്ഥിരീകരിച്ചത്. ഈ പശ്ചാത്തലത്തിലാണ് ഇദ്ദേഹത്തോട് സംമ്പര്‍ക്കം പുലര്‍ത്തിയവര്‍ നീരീക്ഷണത്തിലായത്. രണ്ട് പൊലീസുകാര്‍ക്കാണ് തിരുവനന്തപുരത്ത് കൊവിഡ് സ്ഥിരീകരിച്ചത്. നേരത്തെ  എആർ ക്യാബിലെ ഒരു പൊലീസുകാരനും കൊവിഡ് സ്ഥിരീകരിച്ചിരുന്നു. 

തിരുവനന്തപുരത്ത് സ്ഥിതി അതീവഗുരുതരമായി തുടരുകയാണ്. മാണിക്യവിളാകം, ബീമാപള്ളി, ചെറിയമുട്ടം, കുമരിച്ചന്ത, ഉൾപ്പെടുന്ന പൂന്തുറ മേഖല കേരളത്തിലെ ആദ്യ സൂപ്പർ സ്പ്രെഡ് മേഖലയുമായി മാറി. തിരക്കേറിയ സാഹചര്യവും പ്രാദേശികമായ പ്രത്യേകതകളുമാണ് തീരദേശമേഖലയായ പൂന്തുറയിൽ സൂപ്പർ സ്പ്രെഡിന് വഴിയൊരുക്കിയത്. കന്യാകുമാരിയിൽ നിന്ന് മത്സ്യമെത്തിച്ച് വിൽപ്പന നടത്തിയതിലൂടെയാകാം വലിയ രീതിയിലുള്ള കൊവിഡ് വ്യാപനത്തിന് തുടക്കമായതെന്നാണ് നിഗമനം.

മത്സ്യത്തൊഴിലാളികൾ അടക്കം തിങ്ങിപ്പാർക്കുന്ന പ്രദേശമാണിത്. കന്യാകുമാരിയിൽ നിന്ന് കുമരിച്ചന്തയിൽ മത്സ്യമെത്തിച്ച് വിൽപ്പന നടത്തിയയാളിൽ നിന്ന് വ്യാപനമുണ്ടായി എന്ന് കണക്കാക്കുമ്പോഴും ഇതേ ജോലി ചെയ്യുന്ന വേറെയും ആളുകൾ ഇവിടങ്ങളിലുണ്ട് എന്നതിനാൽ ഒന്നിലധികം പേരിൽ നിന്നാകാം വൈറസ് വ്യാപനമുണ്ടായതെന്നാണ് നിഗമനം.