Asianet News MalayalamAsianet News Malayalam

പാൽ വാങ്ങാൻ പോകുന്നതിനിടെ തെരുവുനായ കടിച്ചു; 12 വയസ്സുകാരി ഗുരുതരാവസ്ഥയിൽ

പാൽ വാങ്ങാൻ പോകുന്നതിനിടെയാണ് തെരുവുനായ കുട്ടിയെ കടിച്ചത്. അഭിരാമിക്ക് കൈയിലും കാലിലും കണ്ണിലുമായി ഏഴിടത്ത് തെരുവുനായയുടെ കടിയേറ്റിരുന്നു.

12 year old girl in critical condition after bitten by stray dog
Author
First Published Sep 3, 2022, 8:04 AM IST

പത്തനംതിട്ട: പത്തനംതിട്ടയില്‍ തെരുവുനായയുടെ കടിയേറ്റ 12 വയസ്സുകാരി ഗുരുതരാവസ്ഥയിൽ. റാന്നി പെരുനാട് മന്ദപ്പുഴ ചേർത്തലപ്പടി ഷീനാഭവനിൽ ഹരീഷിന്‍റെ മകൾ അഭിരാമിയെ  കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. 

പാൽ വാങ്ങാൻ പോകുന്നതിനിടെയാണ് തെരുവുനായ കുട്ടിയെ കടിച്ചത്. അഭിരാമിക്ക് കൈയിലും കാലിലും കണ്ണിന് താഴെയുമായി ഏഴിടത്ത് തെരുവുനായയുടെ കടിയേറ്റിരുന്നു. പത്തനംതിട്ട ജനറൽ ആശുപത്രിയിലാണ് ആദ്യം ചികിത്സ തേടിയത്. പ്രതിരോധ വാക്സിൻ നൽകിയിരുന്നു. ഇന്നലെ വൈകീട്ടോടെ തീരെ വയ്യാതായ കുട്ടിയെ പത്തനംതിട്ട ജനറൽ ആശുപത്രിയിലെത്തിച്ചെങ്കിലും കോട്ടയം മെഡിക്കൽ കോളേജിലേക്ക് മാറ്റുകയായിരുന്നു. രണ്ട് ആഴ്ച മുൻപാണ് കുട്ടിയെ പട്ടി കടിച്ചത്.

പേവിഷ ബാധ: മൃഗങ്ങളുമായി ഇടപഴകുന്നവർ കുത്തിവയ്പ്പ് മുൻകൂർ എടുക്കണം, നിലവിലെ രീതി മാറണമെന്ന് വിദഗ്‍ധർ

സംസ്ഥാനത്ത് പേവിഷ ബാധയ്ക്കെതിരായ വാക്സിനേഷനിൽ നിലവിൽ പിന്തുടരുന്ന രീതി മാറ്റുന്നതിനെ കുറിച്ച് ആലോചിക്കണമെന്ന് പ്രശസ്ത വൈറോളജിസ്റ്റ് ഗഗൻദീപ് കാങ്. നായ്ക്കൾ അടക്കം പേവിഷ ബാധ സാധ്യത കൂടുതലുള്ള മൃഗങ്ങളുമായി ഇടപഴകുന്നവർ മുൻകൂർ വാക്സീൻ സ്വീകരിക്കുന്നതാണ് നല്ലതെന്ന് ഗഗൻദീപ് കാങ് വ്യക്തമാക്കി. നിർഭാഗ്യവശാൽ, കടിയേറ്റ  ശേഷം വാക്സീൻ നൽകുന്നതാണ് നിലവിലെ രീതി. നായ്ക്കളുടെ ആക്രമണത്തിന് ഇരയായ ശേഷം വാക്സീൻ എടുക്കുമ്പോൾ പരാജയ സാധ്യത കൂടുതലാണ്. കടിയേറ്റ സ്ഥലം, വാക്സീൻ എടുക്കുന്നതിലെ കാലതാമസം എന്നിവ ഫലപ്രാപ്തിയിൽ പ്രധാനമാണെന്നും ഗഗൻദീപ് കാങ് ഏഷ്യാനെറ്റ്‌ ന്യൂസിനോട് പറഞ്ഞു.  വാക്സീൻ ഗുണനിലവാരത്തിൽ പ്രശ്നങ്ങൾ ഉണ്ടോ ഇല്ലയോ എന്നത് പരിശോധനയിലൂടെ തെളിയിക്കപ്പെടേണ്ടതാണെന്നും ഗഗൻദീപ് കാങ് വ്യക്തമാക്കി. 

സംസ്ഥാനത്ത് തെരുവുനായ്ക്കളുടെ ആക്രമണം നേരിട്ട ചിലർ പേവിഷ ബാധയ്ക്കെതിരായ വാക്സിനേഷൻ എടുത്ത ശേഷവും മരിക്കുന്ന സാഹചര്യം ഉണ്ടായിരുന്നു. പ്രതിരോധ വാക്സീന്റെ ഗുണനിലവാര കുറവാണ് ഇതിന് കാരണമെന്ന് പല കോണുകളിൽ നിന്ന് പരാതിയും ഉയർന്നു. ഈ സാഹചര്യത്തിൽ തെരുവുനായ്ക്കളുടെ കടിയേറ്റുള്ള മരണം വിദഗ്ധ സമിതി അന്വേഷിക്കുമെന്ന് മന്ത്രി വീണ ജോ‍ർജ് വ്യക്തമാക്കിയിരുന്നു. ഈ വര്‍ഷം നായകളുടെ കടിയേറ്റ് ഉണ്ടായിട്ടുള്ള മരണങ്ങള്‍ സംബന്ധിച്ച് അന്വേഷണം നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിക്കാനാണ് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് ഉത്തരവിട്ടിരിക്കുന്നത്. പേവിഷബാധ സംബന്ധിച്ചുള്ള ആശങ്കകള്‍ അകറ്റുന്നതിന് ഓരോ മരണം സംബന്ധിച്ചും ശാസ്ത്രീയമായ അന്വേഷണം നടത്താനാണ് നിര്‍ദേശം നല്‍കിയത്. വിദഗ്ധ സമിതി ഇതുസംബന്ധിച്ച് അന്വേഷിച്ച് രണ്ടാഴ്ചയ്ക്കുള്ളില്‍ സമര്‍പ്പിക്കണമെന്നാണ് നിര്‍ദേശം. ഈ വർഷം ഇതുവരെ 1.2 ലക്ഷം പേർക്ക് കേരളത്തിൽ നായ്ക്കളുടെ കടിയേറ്റതായാണ് ആരോഗ്യവകുപ്പിന്റെ കണക്കുകൾ സൂചിപ്പിക്കുന്നത്. ഓഗസ്റ്റ് വരെ 19 പേർ പേവിഷബാധ ഏറ്റു മരിച്ചു. അതേസമയം രാജ്യത്ത് പ്രതിവർഷം ഇരുപതിനായിരം പേരാണ് പേവിഷ ബാധയേറ്റ് മരിക്കുന്നത്. 

Follow Us:
Download App:
  • android
  • ios