കാസർകോട്: സംസ്ഥാനത്ത് ഏറ്റവും കൂടുതൽ കൊവിഡ് കേസുകളുള്ള കാസർകോട് ജില്ലയിൽ നിന്നും പതിമൂന്ന് പേർ കൂടി രോ​ഗവിമുക്തരായി ഉടൻ ആശുപത്രി വിടും. കാസർകോട് ജനറൽ ആശുപത്രിയിൽ നിന്നുള്ള അഞ്ചുപേർക്കും കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയിൽ ചികിത്സയിലുള്ള അഞ്ചുപേർക്കും പരിയാരം മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ച മൂന്ന് പേർക്കുമാണ് രോഗം ഭേദമായത്. മെഡിക്കൽ ബോർഡിന്റെ അനുമതി കിട്ടുന്നതോടെ ഇവർ ആശുപത്രി വിടും.

ഇതോടെ ജില്ലയിൽ രോഗം ഭേദമായവരുടെ എണ്ണം 37 ആയി. 128 പേരാണ് ജില്ലയിൽ ഇനി ചികിത്സയിലുള്ളത്. ജില്ലയിൽ ഇന്നലെ മാത്രം 15 പേരാണ് കൊവിഡ് ഭേദമായി ഇന്ന് ആശുപത്രി വിട്ടത്. കേരളത്തിലെ കൊവിഡിന്റെ രണ്ടാം വരവിലെ ആദ്യ രോ​ഗിയും ഇതിൽ ഉൾപ്പെടുന്നു. കൊവിഡ് ബാധിച്ച് കാസർകോട് ജനറൽ ആശുപത്രിയിൽ ചികിത്സയിൽ കഴിഞ്ഞിരുന്ന ആറ് പേരും കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിൽ ഉണ്ടായിരുന്ന മൂന്ന് പേർക്കും പരിയാരം മെഡിക്കൽ കോളേജിൽ ചികിത്സായിലുള്ള എട്ട് കാസർകോട് സ്വദേശികൾക്കുമാണ് ഇന്നലെ രോ​ഗം ഭേദമായത്. 

Also Read: കാസർകോട് കൊവിഡിന് ​ഗുഡ് ബൈ പറഞ്ഞ് 15 പേർ, ആശ്വാസ ദിനം

കൊവിഡ് ഭേദമായവരുടെ എണ്ണം വർധിക്കുന്ന നല്ല വാർത്തകൾക്കിടയിലും ജില്ലയിൽ രോഗം വ്യാപനം തടയാനായി നിയന്ത്രണങ്ങൾ ശക്തമാക്കുകയാണ് പൊലീസ്. ഇനിയും രോഗ വ്യാപനത്തിനുള്ള സാധ്യതകൾ പൂർണമായും അടക്കുകയാണ് പ്രത്യേക നിയന്ത്രണത്തിലൂടെ ലക്ഷ്യമാക്കുന്നത്. കൊവിഡ് ബാധിത പ്രദേശങ്ങളിൽ ഇന്ന് മുതൽ ട്രിപ്പിൽ ലോക്കിംഗ് നിലവിൽ വരും. ആദ്യം പ്രഖ്യപിച്ച ലോക്ക് ഡൗണിന് പുറമെ സെക്ടർ ലോക്കിംഗ് കാസർകോട് നടപ്പിലാക്കിയിരുന്നു. മൂന്നാംഘട്ടമായാണ് പ്രത്യേക നിയന്ത്രണങ്ങൾ വരുന്നത്. 

കൊവിഡ് കൂടുതലായി വ്യാപിച്ച ഇടങ്ങളിൽ അഞ്ച് വീടുകൾ കേന്ദ്രീകരിച്ച് ബൈക്ക് പെട്രോളിംഗ് നടത്തും. കൂടെ ഡ്രോൺ നിരീക്ഷണകവും പ്രത്യേക മൊബൈൽ ആപ്പും ഇറക്കിയിട്ടുണ്ട്. രോഗം കൂടുതലായി റിപ്പോർട്ട് ചെയ്ത അഞ്ച് പഞ്ചായത്തുകളിലും കാസർകോട്, കാഞ്ഞങ്ങാട് നഗരസഭകളിലും ആരോഗ്യ വകുപ്പ് പ്രത്യേക സമൂഹ സർവ്വേ നടത്തും. ചികിത്സ ലഭ്യമാകാത്ത മറ്റ് രോഗികളെ കണ്ടെത്താനാണിത്.

Also Read:കാസർകോട് പ്രത്യേക നിയന്ത്രണം; ചില സ്ഥലങ്ങളിൽ ട്രിപ്പിൾ ലോക്ക് ഡൗണും പ്രഖ്യാപിച്ചു