സംസ്ഥാനത്ത് 4 ദിവസത്തെ മഴയിൽ  1184 ഹെക്ടറിലെ കൃഷി നശിച്ചതായി കൃഷി വകുപ്പിന്റെ പ്രാഥമിക വിവര റിപ്പോർട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് നാല് ദിവസത്തെ മഴയിൽ 332 കോടിയുടെ കൃഷിനാശം ഉണ്ടായതായി പ്രാഥമിക വിവര റിപ്പോർട്ട്. 14 ജില്ലകളിലായി 1184 ഹെക്ടറിലെ കൃഷി നശിച്ചു. 13,927 കർഷകരെ ബാധിച്ചുവെന്നും കൃഷി വകുപ്പ് തയ്യാറാക്കായിയ പ്രാഥമിക റിപ്പോർട്ട് വ്യക്തമാക്കുന്നു. കൂടുതൽ കൃഷി നാശമുണ്ടായത് കണ്ണൂരിലാണ്. 295.18 കോടി രൂപയുടെ നഷ്ടം കണ്ണൂരിലെ കാർഷിക മേഖലയിൽ ഉണ്ടായതായും പ്രാഥമിക റിപ്പോർട്ടിൽ കൃഷി വകുപ്പ് വിലയിരുത്തുന്നു. 1998 കർഷകരെ കണ്ണൂരിൽ മഴക്കെടുതി ബാധിച്ചു. കണ്ണൂർ കഴിഞ്ഞാൽ പാലക്കാടാണ് കൂടുതൽ കൃഷി നാശം ഉണ്ടായത്. നെല്ലറയിൽ 250.1 ഹെക്ടർ സ്ഥലത്തെ കൃഷി നശിച്ചു. എന്നാൽ കൂടുതൽ കർഷകർ ബാധിക്കപ്പെട്ടത് എറണാകുളം ജില്ലയിലാണ്. 3158 പേർ.

ജില്ല തിരിച്ചുള്ള കൃഷി നാശത്തിന്റെ കണക്ക്

ആലപ്പുഴ-298.66 ഹെക്ടർ (1064 കർഷകർ)
എറണാകുളം-304.1 ഹെക്ടർ (3,158 കർഷകർ)
ഇടുക്കി-28.90 ഹെക്ടർ (174 കർഷകർ)
കണ്ണൂർ-75.82 ഹെക്ടർ (1998 കർഷകർ)
കാസർകോട്-14.89 ഹെക്ടർ (214 കർഷകർ)
കൊല്ലം-15.01 ഹെക്ടർ (423 കർഷകർ)
കോട്ടയം-109.23 ഹെക്ടർ (358 കർഷകർ)
കോഴിക്കോട്-18.47 ഹെക്ടർ (550 കർഷകർ)
മലപ്പുറം-17.88 ഹെക്ടർ (351 കർഷകർ)
പാലക്കാട്-250.1 ഹെക്ടർ (615 കർഷകർ)
പത്തനംതിട്ട-80.26 ഹെക്ടർ (1587 കർഷകർ)
തിരുവനന്തപുരം-77.28 ഹെക്ടർ (840 കർഷകർ)
തൃശ്ശൂർ-115.81 ഹെക്ടർ (2226 കർഷകർ)
വയനാട്-47.30 ഹെക്ടർ (369 കർഷകർ)

ജൂലൈ 31 മുതൽ ഇന്ന് വരെയുണ്ടായ നാശനഷ്ടത്തിന്റെ പ്രാഥമിക വിലയിരുത്തൽ മാത്രമാണ് ഇതെന്നാണ് കൃഷി വകുപ്പിന്റെ വിശദീകരണം. അന്തിമ കണക്കെടുക്ക് കിട്ടാൻ പരിശോധനകൾ പൂർത്തിയാകേണ്ടി വരും.
സംസ്ഥാനത്ത് ആശ്വാസം; അതിതീവ്ര മഴ മുന്നറിയിപ്പ് പിൻവലിച്ചു, അണക്കെട്ടുകളിൽ ജാഗ്രത തുടരുന്നു

സംസ്ഥാനത്ത് മഴയുടെ തീവ്രത കുറഞ്ഞു. എല്ലാ ജില്ലകളിലെയും റെഡ് അലർട്ടുകൾ പൂർണമായി പിൻവലിച്ചു. 11 ജില്ലകളിൽ ഇന്ന് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. പത്തനംതിട്ട മുതൽ കണ്ണൂർ വരെയുള്ള ജില്ലകളിലാണ് ഓറഞ്ച് അലർട്ട്. തിരുവനനന്തപുരം, കൊല്ലം, കാസർകോട് ജില്ലകളിൽ നിലവിൽ യെല്ലോ അലർട്ടാണ്. പത്തനംതിട്ട മുതൽ കാസർകോട് വരെയുള്ള ജില്ലകളിൽ നാളെയും ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. 

റെഡ് അലർട്ടുകൾ പിൻവലിച്ചെങ്കിലും മലയോരമേഖലകളിൽ അതീവ ജാഗ്രത തുടരണമെന്ന് കാലാവസ്ഥാ കേന്ദ്രം മുന്നറിയിപ്പ് നൽകി. ഒറ്റപ്പെട്ടയിടങ്ങളിൽ അതിശക്തമായ മഴ ലഭിച്ചേക്കും കഴിഞ്ഞ ദിവസങ്ങളിൽ തുടർച്ചയായി മഴ ലഭിച്ച പ്രദേശങ്ങളിൽ ഉരുൾപൊട്ടലിനും മലവെള്ളപ്പാച്ചിലിനും സാധ്യത കൂടുതലാണെന്നും മുന്നറിയിപ്പുണ്ട്. വിഴിഞ്ഞം മുതൽ കാസർകോട് തീരം വരെ ഉയർന്ന തിരമാലകൾക്കും ശക്തമായ കാറ്റിനും സാധ്യതയുള്ളതിനാൽ മത്സ്യതൊഴിലാളികൾ കടലിൽ പോകരുതെന്നും നിർദേശമുണ്ട്.