ആലപ്പുഴ സ്വദേശി അനിക്കുട്ടന്റേതാണെന്ന് ഡിഎൻഎ പരിശോധനയിൽ സ്ഥിരീകരിച്ചു. പോലീസ് പ്രതിയെന്ന് സംശയിച്ച് തിരഞ്ഞിരുന്നയാളാണ് കൊല്ലപ്പെട്ടതെന്ന് വ്യക്തമായതോടെ, കൊലപാതക അന്വേഷണം നിർണ്ണായക വഴിത്തിരിവിലെത്തി.

പുനലൂര്‍: അഞ്ചുമാസം മുൻപ്, സെപ്റ്റംബർ 23ന് പുനലൂർ ആളുകേറാമലയിൽ കൈകാലുകൾ ചങ്ങലകൊണ്ട് ബന്ധിച്ച് മുഖം വികൃതമാക്കിയ നിലയിൽ മൃതദേഹം കണ്ടെത്തിയ സംഭവത്തിൽ വൻ ട്വിസ്റ്റ്. മരിച്ചത് ആരെന്ന് കണ്ടെത്തി, അവിടെയാണ് നിർണ്ണായക വഴിത്തിരിവ്. കൊല്ലപ്പെട്ടത് പൊലീസ് പ്രതിയെന്ന് സംശയിച്ച് തിരഞ്ഞയിരുന്നയാൾ. ആലപ്പുഴ ചാരുംമൂട് സ്വദേശിയായ അനിക്കുട്ടനാണ് മരിച്ചത്. ഡിഎൻഎ പരിശോധനയാണ് ഈ കണ്ടെത്തലിൽ എത്തിച്ചത്. കൊല്ലപ്പെട്ടയാളെ ഒടുവിൽ തിരിച്ചറിഞ്ഞെങ്കിലും ഇതുവരെ പോലീസ് പങ്കുവെച്ച കണ്ടെത്തലുകൾ സംബന്ധിച്ച് ഇപ്പോഴും ചോദ്യങ്ങൾ ബാക്കിയാണ്. സംഭവത്തിലെ ദുരൂഹതകളും തുടരുകയാണ്.

കഴിഞ്ഞദിവസം ലഭിച്ച ഫൊറൻസിക് റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് പ്രതിയെന്ന സംശയിച്ചയാളാണ് കൊല്ലപ്പെട്ടതെന്ന് പൊലീസ് സ്ഥിരീകരിച്ചത്. ആലപ്പുഴ ജില്ലയിലെ ചാരുംമൂട് താമരക്കുളം വേടർപ്ലാവ് ചേറ്റാരിക്കൽ ക്ഷേത്രത്തിനു സമീപം കുട്ടിയുടെ മകൻ പാപ്പർ എന്ന് വിളിക്കുന്ന അനിക്കുട്ടൻ ആണ് മരിച്ചതെന്ന് പോലീസ് പറയുന്നു. ഇതോടെ കൊന്നതാര് എന്ന ചോദ്യം ബാക്കിയായി. കൊല്ലപ്പെട്ടയാളെ സ്ഥിരീകരിച്ചതോടെ കൊലപാതകിയിലേക്ക് എത്താനുള്ള ദൂരം കുറഞ്ഞെന്നാണ് പോലീസിന്റെ പ്രതീക്ഷ.

പുനലൂർ-മൂവാറ്റുപുഴ ഹൈവേയോടു ചേർന്ന് പിറവന്തൂർ പഞ്ചായത്തിലെ വൻവിള വാർഡിലെ മുക്കടവ് ആളുകേറാമലയിലെ റബർതോട്ടത്തിൽ കഴിഞ്ഞ സെപ്റ്റംബർ 23-നാണ് മൃതദേഹം കണ്ടത്. നെഞ്ചിൽ വലതുഭാഗത്തായി ആഴത്തിൽ കുത്തേറ്റതാണ് മരണകാരണമെന്നാണ് പോസ്റ്റ്മോർട്ടത്തിൽ സ്ഥിരീകരിച്ചത്. മൃതദേഹത്തിന് ഒരാഴ്ചയിലധികം പഴക്കമുണ്ടായിരുന്നു. ഇതിനടുത്തുനിന്ന് കന്നാസ്, കത്രിക, ബാഗ് തുടങ്ങിയവയും ലഭിച്ചു. കൊലപാതകത്തിനുശേഷം മുഖം കത്തിച്ച് തെളിവുനശിപ്പിക്കാനുള്ള ശ്രമം നടത്തിയതായും പോലീസ് പറഞ്ഞിരുന്നു.

രണ്ടുമാസത്തിനു ശേഷമാണ് സംഭവവുമായി അനിക്കുട്ടന് ബന്ധമുണ്ടെന്ന് പോലീസ് കണ്ടെത്തിയത്. സംഭവസ്ഥലത്തിനടുത്തുള്ള പെട്രോൾ പമ്പിൽ നിന്ന് ശേഖരിച്ച ഇയാളുടെ സി സി ടി വി. ദൃശ്യങ്ങൾ സഹിതം രണ്ടുതവണ പോലീസ് ലുക്ക്ഔട്ട് നോട്ടീസ് പുറത്തിറക്കി. സംഭവത്തിനുശേഷം ഇയാളുടെ ഫോൺ സ്വിച്ച് ഓഫ് ആണെന്ന് സ്ഥിരീകരിച്ച പശ്ചാത്തലത്തിൽ ഇയാളാവാം പ്രതിയെന്ന മട്ടിലാണ് തിരച്ചിലും അന്വേഷണവും മുന്നോട്ട് നീങ്ങിയത്. എന്നാൽ, കഴിഞ്ഞ ദിവസം ഡിഎൻഎ ഫലവും ഫൊറൻസിക് റിപ്പോർട്ട് ലഭിച്ചതോടെ സ്ഥിതി കീഴ്‌മേൽ മറിയുകയായിരുന്നു.

ഇതിനിടെ, കൊല്ലപ്പെട്ടയാളുടെ ഇടതുകാലിന് സ്വാധീന കുറവുണ്ടെന്നായിരുന്നു മൃതദേഹപരിശോധന റിപ്പോർട്ടിൽ സൂചിപ്പിച്ചിരുന്നത്. എന്നാൽ അനിക്കുട്ടന് കാര്യമായ എന്തെങ്കിലും സ്വാധീനക്കുറവുള്ളതായി സ്ഥിരീകരിച്ചിട്ടില്ല. ഈ സാഹചര്യത്തിൽ പോസ്റ്റുമോർട്ടം റിപ്പോർട്ട് ഉൾപ്പെടെ പുന:പരിശോധിക്കാൻ പോലീസ് ആലോചിക്കുന്നുണ്ട്. താമരക്കുളം സ്വദേശിയായ അനിക്കുട്ടന് പുനലൂരുമായി എന്താണ് ബന്ധമെന്നതും കൃത്യമായി കണ്ടെത്താൻ പോലീസിന് കഴിഞ്ഞിട്ടില്ല. ടൈൽ പണിക്കാരനായ അനിക്കുട്ടൻ ജോലിയുമായി ബന്ധപ്പെട്ടാണോ പുനലൂരിലെത്തിയത് എന്നും സംശയിക്കുന്നു. പുനലൂർ അസിസ്റ്റന്റ് പോലീസ് സൂപ്രണ്ട് ഡോ. ഒ. അപർണയുടെ നേതൃത്വത്തിൽ പുനലൂർ ഇൻസ്പെക്ടർ എസ്. വിജയ്ശങ്കർ, സബ് ഇൻസ്പെക്ടർ എം.എസ്. അനീഷ് തുടങ്ങിയവർ അടങ്ങിയ സംഘമാണ് കേസ് അന്വേഷിച്ചു വന്നത്. പുതിയ വഴിത്തിരിവോടെ പോലീസ് അന്വേഷണം ഊർജിതപ്പെടുത്തിയിരിക്കുകയാണ്