തൃശ്ശൂര്‍: ഈ വര്‍ഷത്തെ കൊടുങ്ങല്ലൂര്‍ ഭരണി ലളിതമായ ചടങ്ങായി നടത്തും. അശ്വതി കാവുതീണ്ടല്‍ അടക്കമുള്ള ചടങ്ങുകളാവും ആള്‍ക്കൂട്ടം ഒഴിവാക്കി ലളിതമാക്കി നടത്തുക. കൊവിഡ് വ്യാപന ഭീഷണി നിലനില്‍ക്കുന്നതിനിടെ കൊടുങ്ങല്ലൂര്‍ ഭരണിക്ക് ആയിരക്കണക്കിന് ഭക്തര്‍ എത്തുന്നത് രോഗവ്യാപനത്തിന് കാരണമാകുമെന്ന് ആരോഗ്യ വകുപ്പ് അധികൃതരും ജില്ലാ ഭരണകൂടവും ക്ഷേത്രം ഭാരവാഹികളെ അറിയിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് ഭക്തജനങ്ങളെ മാറ്റി നിര്‍ത്തി കൊടുങ്ങല്ലൂര്‍ ഭരണി ലളിതമായി നടത്താന്‍ തീരുമാനിച്ചത്. 

അതേസമയം കൊടുങ്ങല്ലൂര്‍ ഭരണി മുന്‍നിര്‍ത്തി കൊടുങ്ങല്ലൂര്‍ താലൂക്കില്‍ ജില്ലാ കളക്ടര്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചു. എല്ലാ വര്‍ഷവും ആയിരങ്ങള്‍ പങ്കെടുക്കാനെത്തുന്ന കൊടുങ്ങല്ലൂര്‍ ഭരണിക്ക് ഈ വര്‍ഷവും അതേ രീതിയില്‍ ജനങ്ങള്‍ എത്താനുള്ള സാധ്യത മുന്‍നിര്‍ത്തിയാണ് നിരോധാനജ്ഞ പ്രഖ്യാപിച്ചത്. മാര്‍ച്ച് 27-നാണ് അശ്വതി കാവുതീണ്ടല്‍ ചടങ്ങ് നടക്കുന്നത്. 29-നാണ് പ്രസിദ്ധമാണ് കൊടുങ്ങല്ലൂര്‍ ഭരണി.