ആലപ്പുഴ: കൊവിഡ് 19 വ്യാപനം തടയുന്നതിന്‍റെ ഭാഗമായി ആലപ്പുഴ ജില്ലയിലും നിരോധനാജ്ഞ പ്രഖ്യാപിച്ചു. ആലപ്പുഴയിലെ പുന്നപ്രയില്‍ നിര്‍ദ്ദേശം ലംഘിച്ച് പ്രവര്‍ത്തിച്ച രണ്ട് ഹോട്ടല്‍ ഉടമകള്‍ക്കെതിരെ പൊലീസ് കേസെടുത്തു. ഹോട്ടൽ മെൻസാ, ബ്രീസ് എന്നീ ഹോട്ടലുകൾക്കെതിരെയാണ് പുന്നപ്ര പൊലീസ് കേസെടുത്തത്. 

ഹോട്ടലുകളില്‍ ഹോം ഡെലിവറി അല്ലെങ്കില്‍ പാഴ്‍സല്‍ സംവിധാനമേ പാടുള്ളുവെന്ന് ഇന്നലെ മുഖ്യമന്ത്രി വ്യക്തമാക്കിയിരുന്നു. ഈ നിര്‍ദേശം ലംഘിച്ച് ഹോട്ടലില്‍ ആളുകളെ ഇരുത്തി ഭക്ഷണം നല്‍കിയതിനാണ് പൊലീസ് കേസെടുത്തത്. ഹോട്ടല്‍ പൊലീസ് പൂട്ടിച്ചു.

അതേസമയം ഭക്ഷണം ആവശ്യമുള്ളവര്‍ക്ക് വീടുകളില്‍ പൊതിച്ചോറ് എത്തിച്ച് നൽകുകയാണ് ആലപ്പുഴയിലെ ജനകീയ ഭക്ഷണശാല പ്രവർത്തകർ. ഫോൺ മുഖേന ബുക്കിംഗ് എടുത്താണ് വിതരണം. സംസ്ഥാനമൊട്ടാകെ ഇത്തരത്തിൽ വിതരണം വ്യാപകമാക്കാനാണ് സർക്കാർ തീരുമാനം.