വയനാട്: കൊവിഡ് 19 ഭീഷണി നിലനില്‍ക്കുന്ന സാഹചര്യത്തില്‍ വയനാട്ടില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചു. ഇന്ന് അര്‍ധരാത്രി മുതലാണ് നിരോധനാജ്ഞ പ്രാബല്ല്യത്തില്‍ വരിക. അഞ്ചുപേരില്‍ കൂടുതല്‍ കൂട്ടം കൂടി നില്‍ക്കരുത്. സംസ്ഥാനത്ത് ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചതിന് പിന്നാലെ മലപ്പുറത്തും നിരോധനാജ്ഞ പ്രഖ്യാപിച്ചിരുന്നു. 

സംസ്ഥാനത്ത് ഇന്ന് അർദ്ധരാത്രി മുതൽ ഈ  മാസം 31വരെയാണ് ലോക്ക് ഡൗൺ പ്രഖ്യാപിച്ചിരിക്കുന്നത്. രാവിലെ എഴു മണിമുതൽ വൈകീട്ട് അഞ്ച് മണിവരെ അവശ്യസാധനങ്ങൾ വിൽക്കുന്ന കടകൾ മാത്രം തുറക്കും. കാസർകോട് കടകൾ 11 മണി മുതൽ 5 മണി മാത്രമായിരിക്കും തുറക്കുക. അവശ്യസാധനങ്ങൾ വിൽക്കുന്ന കടകൾ മെഡിക്കൽ ഷോപ്പുകൾ പെട്രോൾ പമ്പുകൾ ആശുപത്രികൾ എന്നിവമാത്രമേ പ്രവർത്തിക്കു. ബാങ്കുകൾ രണ്ട് മണിവരയെ ഉണ്ടാകു.

ഹോട്ടലുകളിൽ ഹോം ഡെലിവറി മാത്രമായിരിക്കും ഉണ്ടാവുക. ബാറുകൾ മുഴുവൻ അടച്ചിടും ബെവ്കോ നിയന്ത്രണങ്ങളോടെ തുറക്കും. ആരാധനലായങ്ങളിൽ ഭക്തർക്ക് പ്രവേശനമുണ്ടാകില്ല. ഓഫീസുകളിൽ സർക്കാർ ജീവനക്കാരുടെ എണ്ണം കുറക്കും. ഓട്ടോകളിൽ ആളുകളുടെ എണ്ണം കുറക്കണം. അത്യാവശ്യകാര്യങ്ങൾക്ക് മാത്രേ പുറത്തിറാങ്ങാവു.