കോഴിക്കോട്: കോഴിക്കോട് ജില്ലയിൽ നിരോധനാജ്ഞ നിലവിൽ വന്നു. ജില്ലയിൽ ഇന്ന് രണ്ട് പേർക്കു കൂടി കൊവിഡ് ബാധ സ്ഥിരീകരിച്ചതോടെയാണ് കടുത്ത നിയന്ത്രണം ഏർപ്പെടുത്തിയത്. അഞ്ച് പേരിൽ കൂടുതൽ കൂട്ടംകൂടാൻ പാടില്ലെന്ന് ജില്ലാ കളക്ടർ അറിയിച്ചു. എല്ലാവർക്കും ഭക്ഷ്യവസ്തുക്കളും മരുന്നും ഉറപ്പാക്കും. ഭക്ഷ്യവസ്തുക്കളും മരുന്നുകളും വിൽക്കുന്ന കടകൾ അടയ്ക്കാൻ അനുവദിക്കില്ല. ഭക്ഷ്യധാന്യം വീട്ടിലെത്തിക്കാനുള്ള സൗകര്യം ഒരുക്കും. 

കടകൾക്കു മുമ്പിൽ ആളുകൾ കൂടിനിൽക്കാൻ പാടില്ല. ബസുകളിൽ 50 ശതമാനം സീറ്റുകളിൽ മാത്രമേ യാത്രക്കാരെ അനുവദിക്കൂ എന്നും കളക്ടർ വ്യക്തമാക്കി.

ഇന്ന് കൊവിഡ് സ്ഥിരീകരിച്ച രണ്ടു പേരും ദുബായിൽ നിന്നെത്തിയവരാണ്. ഒരാൾ വെള്ളിയാഴ്ച (മാർച്ച് 20) എത്തി. ഇയാൾ നേരിട്ട് ആശുപത്രിയിലേക്കെത്തുകയായിരുന്നു. അതുകൊണ്ട് തന്നെ മറ്റാരുമായും സമ്പർക്കത്തിലേർപ്പെട്ടിട്ടില്ല. രണ്ടാമത്തെയാൾ ഈ മാസം 13നാണ് നാട്ടിലെത്തിയത്. ഇയാൾ 25 പേരുമായി സമ്പർക്കത്തിലേർപ്പെട്ടതായി മനസിലായിട്ടുണ്ടെന്നും കളക്ടർ പറഞ്ഞു.