അഗസ്ത്യർകൂടത്തിലെ തിരുമുൽ കാഴ്ചകളുമായി ശബരിമലയിൽ ദര്‍ശനത്തിന് വനവാസികളെത്തി 

സന്നിധാനം: അഗസ്ത്യർ കൂടത്തിലെ വനവാസികൾ ഇത്തവണയും അയ്യപ്പദർശനത്തിനായി ശബരിമലയിലെത്തി. തിരുവനന്തപുരം ജില്ലയിലെ കോട്ടൂർ മുണ്ടണി മാടൻ തമ്പുരാൻ ക്ഷേത്ര ട്രസ്റ്റി വിനോദ് മുണ്ടണിയുടെ നേതൃത്വത്തിലുള്ള 145 അംഗ സംഘമാണ് ഇത്തവണ അയ്യനെകാണാൻ വന വിഭവങ്ങളുമായി എത്തിയത്. എല്ലാവർഷവും മണ്ഡലകാലത്ത് അയ്യപ്പന് സമർപ്പിക്കാനായി തേൻ, കാട്ടുപൂക്കൾ ,കദളിക്കുല തുടങ്ങിയ വിഭവങ്ങളുമായാണ്‌ ഇവർ മല ചവിട്ടുന്നത്.

തിരുവനന്തപുരത്തെ പാറ്റാംപാറ, കുന്നത്തേരി, പ്ലാവിള, കമലകം, മുക്കോത്തിവയൽ, പൊടിയം, കൊമ്പിടി, ചോനാംപാറ, മാങ്കോട്, മുളമൂട്, കൈതോട്, പാങ്കാവ്, ആമല തുടങ്ങിയ മേഖലകളിൽ നിന്നുള്ളവരും തമിഴ്നാട്ടിലെ കന്യാകുമാരി ജില്ലയിലെ പ്രാവിള, കോതയാർ, ആറുകാണി നിവാസികളുമാണ് ഇത്തവണത്തെ സംഘത്തിൽ ഉൾപ്പെട്ടത്.സംഘാംഗമായ ഭിന്ന ശേഷിക്കാരൻ അയ്യപ്പൻ കാണി ഇഴഞ്ഞാണ് മല കയറിയത്. 45 കാരനായ ഇദ്ദേഹം ഇത് മൂന്നാം തവണയാണ് ശബരിമല ദർശനത്തിനായി എത്തുന്നത്. 

മുളംകുറ്റികളിൽ നിറച്ച കാട്ടുതേൻ, കദളിക്കുല, കുന്തിരിയ്ക്കം, കരിമ്പ് തുടങ്ങിയ വനവിഭവങ്ങളും പൂക്കൂടകൾ, പൂവട്ടികൾ തുടങ്ങിയ കരകൗശല വസ്തുക്കളുമാണ് അഗസ്ത്യർകൂടവാസികൾ അയ്യപ്പന് സമർപ്പിച്ചത്. വനമേഖലയിൽ നിന്നും രണ്ടു ദിവസം മുൻപേ കാൽനടയായി പുറപ്പെട്ട തീർഥാടകർ കോട്ടൂർ മുണ്ടണി മാടൻ തമ്പുരാൻ ക്ഷേത്രത്തിൽ നിന്നാണ് ഇരുമുടിക്കെട്ടുമായി സന്നിധാനത്തെത്തിയത്. പതിനെട്ടാം പടി ചവിട്ടി സോപാനം വഴി ശ്രീകോവിലിൽ എത്തിയ സംഘം വനത്തിൽ നിന്നും ശേഖരിച്ച കാട്ടുതേൻ, കരിമ്പ്, കുന്തിരിക്കം എന്നിവ അയ്യപ്പന് സമർപ്പിച്ചു. മേൽശാന്തിയിൽ നിന്നും പ്രസാദം സ്വീകരിച്ച ശേഷം മാളികപ്പുറത്തും ഇവർ ദർശനം നടത്തി.

മണ്ഡലകാലം തുടങ്ങി 20 ദിവസത്തിൽ 60,54,95,040 രൂപയുടെ വിൽപ്പന; ശബരിമലയിൽ അപ്പം അരവണ വിൽപ്പനയിൽ റെക്കോർഡ് വര്‍ധന

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം