മൂന്നാര്‍: മൂന്നാറില്‍ റിസോര്‍ട്ടുകളില്‍ പെയ്ഡ് ക്വാറന്റൈനില്‍ കഴിഞ്ഞ 15 പേര്‍ക്ക് കൊവിഡ്. കൊച്ചിയിലെ ലുമിനസ് ഗ്രൂപ്പിന്റെ നേതൃത്വത്തില്‍ മൂന്നാറില്‍ താമസിപ്പിച്ച 41 പേരില്‍ 15 പേര്‍ക്കാണ് ശനിയാഴ്ച കൊവിഡ് സ്ഥിരീകരിച്ചത്. കഴിഞ്ഞ 17നാണ് സംഘം മൂന്നാറിലെത്തിയത്. സാധിക്കുന്നവര്‍ക്ക് പെയ്ഡ് ക്വാറന്റൈനില്‍ കഴിയാമെന്ന് സര്‍ക്കാര്‍ അറിയിച്ചിരുന്നു. തുടര്‍ന്നാണ് കൊച്ചിയിലെ ലുമിനസ് ഗ്രൂപ്പില്‍ ജോലിക്കെത്തിയ 41 പേരെ മൂന്നാറില്‍ വിവിധ റിസോര്‍ട്ടുകളില്‍ നിരീക്ഷണത്തിലാക്കിയത്. 

തമിഴ്നാട്ടില്‍ നിന്നും അതിര്‍ത്തികടന്നെത്തിയ ഇവരുടെ സ്രവം 29നാണ് പരിശോധനയ്ക്ക് വിധേയമാക്കുന്നത്. ശനിയാഴ്ച ലഭിച്ച ഫലത്തിലാണ് കൊവിഡ് കണ്ടെത്തിയത്. നിലവില്‍ ഇവരുടെ ലിസ്റ്റ് എവിടെ ഉള്‍പ്പെടുത്തുമെന്ന ആശയക്കുഴപ്പിലാണ് ആരോഗ്യപ്രവര്‍ത്തകര്‍. മറ്റിടങ്ങളില്‍ ഉള്ളവരെ മൂന്നാറിലെ റിസോര്‍ട്ടുകളില്‍ നിരീക്ഷണത്തിലാക്കുന്നത് കടുത്ത പ്രതിഷേധങ്ങള്‍ക്കും ഇടയാക്കിയിട്ടുണ്ട്. സര്‍ക്കാര്‍ പ്രശ്നങ്ങള്‍ ഗൗരമായി എടുക്കണമെന്ന് മുന്‍ എംഎല്‍എ എ കെ മണി പറഞ്ഞു.