കോഴിക്കോട് നടത്തിയ പരിശോധനയിലാണ് പരിശോധന ഫലം നെഗറ്റീവ് ആയത്
തൃശ്ശൂർ: നിപ സംശയത്തെ തുടർന്ന് തൃശ്ശൂർ മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ച 15കാരിയുടെ പരിശോധന ഫലം നെഗറ്റീവ്. ഇതോടെ പെൺകുട്ടിക്ക് നിപ അല്ലെന്ന് സ്ഥിരീകരിച്ചു. കോഴിക്കോട് നടത്തിയ പരിശോധനയിലാണ് നിപ അല്ലെന്ന് തെളിഞ്ഞത്. കുട്ടിക്ക് തലച്ചോറിനെ ബാധിച്ച വൈറൽ പനിയാണെന്നും വിദഗ്ധ ചികിത്സ തുടരുന്നതായും മെഡിക്കൽ കോളേജ് അധികൃതർ അറിയിച്ചു.
കഴിഞ്ഞ ദിവസമാണ് പെരിന്തൽമണ്ണ സ്വദേശിയായ 15 വയസുകാരിയെ ചികിത്സയ്ക്ക് തൃശ്ശൂർ മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചത്. സംസ്ഥാനത്ത് വിവിധ ജില്ലകളിലായി ആകെ 581 പേരാണ് നിപ സമ്പര്‍ക്കപ്പട്ടികയിലുള്ളത്.
നിപ ലക്ഷണം
നിപ വൈറസ് വവ്വാലുകളിൽ നിന്ന് പകരുന്ന ഒരു ജന്തുജന്യ വൈറസാണ്. ഇത് മനുഷ്യരിലും മറ്റ് മൃഗങ്ങളിലും നിപ്പ വൈറസ് അണുബാധയ്ക്ക് കാരണമാകുന്നു. വളരെ ഉയർന്ന മരണനിരക്ക് ഉള്ള ഒരു രോഗമാണിത്. വൈറസ് ബാധയുള്ള വവ്വാലുകളിൽ നിന്നോ പന്നികളിൽ നിന്നോ ഇത് മനുഷ്യരിലേക്ക് പകരാൻ സാധ്യതയുമുണ്ട്. മനുഷ്യരിൽ നിന്ന് മനുഷ്യരിലേക്കും പകരാം. അസുഖ ബാധയുള്ളവരെ അടുത്ത് പരിചരിക്കുന്നവരിലേക്ക് ശ്രദ്ധിച്ചില്ലെങ്കിൽ രോഗം പകരാം. വൈറസ് ബാധയുള്ള വവ്വാലുകളുടെ കാഷ്ഠം കലർന്ന പാനീയങ്ങളും വവ്വാൽ കടിച്ച പഴങ്ങളും മറ്റും കഴിക്കുന്നതിലൂടെയും രോഗം പകരാം.


