കല്ലാച്ചി സ്വദേശിയായ യുവാവിനെ നാദാപുരം പൊലീസ് കസ്റ്റഡിയില്‍ വെച്ച് ക്രൂരമായി മര്‍ദിച്ചെന്ന പരാതിയില്‍ 15 വര്‍ഷങ്ങള്‍ക്ക് ശേഷം അന്നത്തെ പോലീസ് ഉദ്യോഗസ്ഥനെതിരെ കേസെടുക്കാന്‍ ഉത്തരവിട്ട് കോടതി
കോഴിക്കോട്: കല്ലാച്ചി സ്വദേശിയായ യുവാവിനെ നാദാപുരം പൊലീസ് കസ്റ്റഡിയില്‍ വെച്ച് ക്രൂരമായി മര്‍ദിച്ചെന്ന പരാതിയില്‍ 15 വര്‍ഷങ്ങള്‍ക്ക് ശേഷം അന്നത്തെ പോലീസ് ഉദ്യോഗസ്ഥനെതിരെ കേസെടുക്കാന്‍ ഉത്തരവിട്ട് കോടതി. കല്ലാച്ചി പയന്തോങ്ങിലെ വലിയപറമ്പത്ത് രാഗേഷ്(39) നല്‍കിയ പരാതിയിലാണ് ഹൈക്കോടതി നിര്‍ദേശപ്രകാരം നാദാപുരം മജിസ്‌ട്രേറ്റ് കോടതി കേസെടുക്കാന്‍ ഉത്തരവിട്ടത്. ഇദ്ദേഹത്തോട് കോടതിയില്‍ ഹാജരാകാനും ആവശ്യപ്പെട്ടിട്ടുണ്ട്. 2011-ലാണ് കേസിനാസ്പദമായ സംഭവം നടന്നത്. നാദാപുരം പോലീസ് സ്‌റ്റേഷനിലെ സിഐ ആയിരുന്ന ഉദയഭാനുവിനെതിരെയാണ് നടപടി. കല്ലാച്ചിയില്‍ നിന്ന് വില്യാപ്പള്ളിയിലേക്ക് ബൈക്കില്‍ പോവുകയായിരുന്ന രാഗേഷിനെ നാദാപുരത്ത് വെച്ച് ഉദയഭാനു കസ്റ്റഡിയിലെടുത്ത് സ്റ്റേഷനിലേക്ക് കൊണ്ടുപോവുകയായിരുന്നു.
വീടിന് നേരെ ബോംബെറിഞ്ഞ കേസില്‍ കുറ്റം ഏറ്റെടുക്കാന്‍ ആവശ്യപ്പെട്ട് രണ്ട് ദിവസം കസ്റ്റഡിയില്‍ വെച്ചു. ബൂട്ടിട്ട കാലുകൊണ്ട് ചവിട്ടുകയും ക്രൂരമായി മര്‍ദ്ദിക്കുകയും ചെയ്ത ശേഷം കേസില്‍ പ്രതി ചേര്‍ത്ത് കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്യുകയും ചെയ്‌തെന്നായിരുന്നു രാഗേഷിന്റെ പരാതി. അടുത്ത ദിവസം തന്നെ നാദാപുരം മജിസ്‌ട്രേറ്റ് കോടതിയില്‍ പരാതി നല്‍കിയെങ്കിലും പൊലീസ് കംപ്ലെയ്ന്റ് അതോറിറ്റിയെ സമീപിക്കാന്‍ ആവശ്യപ്പെട്ട് പരാതി തള്ളുകയായിരുന്നു. ഇതേത്തുടര്‍ന്നാണ് രാഗേഷ് ഹൈക്കോടതിയെ സമീപിച്ചത്. ലോക്കപ്പ് മര്‍ദന പരാതി ആയിരുന്നിട്ടും സ്വീകരിക്കാതിരുന്ന മജിസ്‌ട്രേറ്റ് കോടതിയെ വിമര്‍ശിച്ച ഹൈക്കോടതി നാദാപുരം മജിസ്ട്രേറ്റ് കോടതിയുടെ ഉത്തരവ് റദ്ധ് ചെയ്തു കൊണ്ട് കേസ് വീണ്ടും പരിഗണിക്കണമെന്ന് നിര്‍ദേശിക്കുകയായിരുന്നു. ഉദയഭാനു നിലവില്‍ സര്‍വീസില്‍ നിന്നും റിട്ടയര്‍ ചെയ്തിട്ടുണ്ട്.


