തിരുവനന്തപുരം: യൂണിവേഴ്‍സിറ്റി കോളേജിലെ ബിരുദ വിദ്യാര്‍ഥി അഖിലിനെ കുത്തിക്കൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ 16 പേരെകൂടി തിരിച്ചറിഞ്ഞു. സംഭവവുമായി ബന്ധപ്പെട്ട് പ്രധാന പ്രതികളടക്കം ആറ് പേരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. എന്നാല്‍ കൂടുതല്‍ പേരെ പ്രതിചേര്‍ത്ത് പൊലീസ് കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കും.  

സംഘര്‍ഷത്തില്‍ കോളേജിന് പുറത്തുള്ളവരും ഉള്‍പ്പെട്ടിട്ടുണ്ടെന്ന് പൊലീസ് സ്ഥിരീകരിച്ചു. പൊലീസിനെ ആക്രമിച്ച കേസിലെ  പ്രതികളിലൊരാളായ ബാലരാമപുരം സ്വദേശി ഹൈദറും കാട്ടാക്കട സ്വദേശി ഹരീഷും വധശ്രമത്തില്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്നാണ് പൊലീസ് സംശയിക്കുന്നത്. അഖിലിനെ കുത്തിയ കേസിലെ  പ്രതികളായ ശിവഞ്ജിത്ത്, നസീം, ആരോമൽ, ആദിൽ, അദ്വൈത് എന്നിവരെ ഇന്നലെ പതിനാല് ദിവസത്തേക്ക് കോടതി റിമാന്‍ഡ് ചെയ്തിരുന്നു.

ഇന്നലെ പുലര്‍ച്ചെ പ്രധാന പ്രതികളായ ശിവരഞ്ജിത്തും നസീമും പൊലീസിന്‍റെ പിടിയിലായെങ്കിലും ആയുധം എവിടെ ഒളിപ്പിച്ചുവെന്നതിന്‍റെ ഒരു സൂചനയും പ്രതികള്‍ പൊലീസിന് നല്‍കിയിരുന്നില്ല. ഇതിനെക്കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ അറിയുന്നതിന് പ്രതികളെ ഇന്ന് കസ്റ്റഡിയില്‍ വിട്ടുകിട്ടുന്നതിനായി പൊലീസ് കോടതിയില്‍ അപേക്ഷ നല്‍കും. 

എസ്എഫ്ഐ അംഗങ്ങളുടെ ധാർഷ്ട്യം ചോദ്യം ചെയ്തതിലുളള വൈരാഗ്യമാണ് അഖിലിനെ ആക്രമിക്കാൻ കാരണമെന്നാണ് റിമാൻഡ് റിപ്പോർട്ടിലുള്ളത്. ഒന്നു മുതൽ അഞ്ചുവരെയുള്ള പ്രതികള്‍ അഖിലിനെ തടഞ്ഞു നിർത്തുകയും ഒന്നാം പ്രതിയായ ശിവരഞ്ജിത്ത് കത്തിയെടുത്ത് നെഞ്ചിൽ കുത്തുകയും ചെയ്തുവെന്നാണ് പൊലീസ് പറയുന്നത്.