Asianet News MalayalamAsianet News Malayalam

ബിജു രമേശിൻ്റെ കോടതിയിലെ രഹസ്യമൊഴി പുറത്ത്: ചെന്നിത്തലയ്ക്കും ശിവകുമാറിനുമെതിരെ മൊഴിയിൽ പരാമർശമില്ല

ശിവകുമാറിനും ചെന്നിത്തലയ്ക്കും ബാറുടമകളിൽ നിന്നും ശേഖരിച്ച പണം കൈമാറിയിരുന്നുവെന്ന് നേരത്തെ ബിജു രമേശ് ആരോപിച്ചിരുന്നു.

164 statement of biju ramesh leaked
Author
Thiruvananthapuram, First Published Nov 24, 2020, 12:49 PM IST

തിരുവനന്തപുരം: ബാർകോഴ കേസിൽ ഹോട്ടൽ ആൻഡ് ബാർ അസോസിയേഷൻ മുൻ ഭാരവാഹി ബിജു രമേശിൻ്റെ മൊഴി പുറത്ത്. തിരുവനന്തപുരം ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി മുൻപാകെ സിആർപിസി 164 വകുപ്പ് പ്രകാരം 2015 മാർച്ച് 30-ന് ബിജു രമേശ് നൽകിയ മൊഴിയുടെ വിശദാംശങ്ങളാണ് ഇപ്പോൾ പുറത്തു വന്നിരിക്കുന്നത്. 

മുൻആരോഗ്യമന്ത്രിയും തിരുവനന്തപുരം സെൻട്രൽ എംഎൽഎയുമായ വി.എസ്.ശിവകുമാറിന് പണം നൽകിയ കാര്യം ബിജു രമേശ് കോടതിയിൽ നൽകിയ മൊഴിയിൽ പറയുന്നില്ല. രമേശ് ചെന്നിത്തലയ്ക്ക് ബാറുടമകൾ ഒരു കോടി രൂപ നൽകിയ കാര്യവും ഈ മൊഴിയിൽ ഇല്ല. ശിവകുമാറിനും ചെന്നിത്തലയ്ക്കും ബാറുടമകളിൽ നിന്നും ശേഖരിച്ച പണം കൈമാറിയിരുന്നുവെന്ന് നേരത്തെ ബിജു രമേശ് ആരോപിച്ചിരുന്നു.

എന്നാൽ മുൻപ് വിജലൻസ് എസ്.പി എസ്.സുകേശന് നൽകിയ മൊഴിയിൽ ബിജു രമേശ് ഇക്കാര്യം പറഞ്ഞിരുന്നില്ല. കഴിഞ്ഞ ദിവസം നടത്തിയ പത്രസമ്മേളനത്തിനിടെ ബിജു രമേശിനോട് ഇക്കാര്യം മാധ്യമപ്രവർത്തകർ ചോദിച്ചിരുന്നു. വിജിലൻസിനോട് താൻ എല്ലാ കാര്യവും മൊഴിയായി നൽകിയിരുന്നുവെന്നും എന്നാൽ അന്വേഷണ ഉദ്യോഗസ്ഥനായ എസ്പി സുകേശൻ ഈ മൊഴി രേഖപ്പെടുത്തിയില്ലെന്നുമാണ് ബിജു രമേശ് പറഞ്ഞത്. 

എന്നാൽ കോടതിയിൽ സ്വന്തമായി നേരിട്ട് നൽകിയ മൊഴിയിലും ചെന്നിത്തലയ്ക്കും വിഎസ് ശിവകുമാറിനും പണം നൽകിയതിനെക്കുറിച്ച് ബിജു രമേശ് പരാമർശിക്കാതിരുന്നത് ദുരൂഹത സൃഷ്ടിക്കുന്നുണ്ട്. കഴിഞ്ഞ ദിവസത്തെ പത്രസമ്മേളനത്തിൽ കെഎം മാണി ക്ലിഫ് ഹൌസിലെത്തി മുഖ്യമന്ത്രി പിണറായി വിജയനെ കണ്ടതോടെയാണ് ബാർകോഴ കേസിലെ അന്വേഷണം നിശ്ചലമായതെന്ന് ബിജു രമേശ് ആരോപിച്ചിരുന്നു. 

ബാറുകളുടെ ലൈസൻസ് ഫീ ഉയർത്തുന്ന കാര്യം ചർച്ച ചെയ്യാൻ വിളിച്ച യോഗത്തിന് ശേഷം അന്ന് എക്സൈസ് മന്ത്രിയായിരുന്ന കെ ബാബുവാണ് പത്ത് കോടിയുമായി വരാൻ തങ്ങളോട് ആവശ്യപ്പെട്ടതെന്നും തുടർന്ന് കൊച്ചിയിൽ ബാറുടമകളുടെ യോഗം വിളിച്ച് പണം പിരിക്കുകയും കിട്ടിയ തുക രമേശ് ചെന്നിത്തല, വിഎസ് ശിവകുമാർ, കെ ബാബു, കെഎം മാണി എന്നിവർക്ക് നൽകുകയും ചെയ്തുവെന്നാണ് ബിജു രമേശ് വെളിപ്പെടുത്തിയത്.  

ബാർകോഴ കേസിൽ അന്വേഷണം തുടങ്ങിയപ്പോൾ അന്ന് അഭ്യന്തരമന്ത്രിയായിരുന്ന രമേശ് ചെന്നിത്തലയും ഭാര്യ അനിതയും വിജിലൻസിൽ തനിക്കെതിരെ മൊഴി നൽകരുതെന്ന് ഫോണിലൂടെ വിളിച്ച് അപേക്ഷിച്ചിരുന്നുവെന്നും ബിജു രമേശ് വ്യക്തമാക്കിയിരുന്നു. കോടതിയിൽ നിന്നും വിജിലൻസിൽ നിന്നും നേരത്തെ മറച്ചു വച്ച അഴിമതി കാര്യം ബിജു രമേശ് ഇപ്പോൾ വെളിപ്പെടുത്തിയതിനെ പിന്നിലെ സാഹചര്യം എന്തായാലും ചർച്ചയാവുകയാണ്

Follow Us:
Download App:
  • android
  • ios