കോഴിക്കോട്: പക്ഷിപ്പനി സ്ഥിരീകരിച്ച കോഴിക്കോട് വേങ്ങേരിയിലും കൊടിയത്തൂരിലുമായി ഇന്ന് 1700 പക്ഷികളെ കൊന്നതായി മൃഗസംരക്ഷണ വകുപ്പ്. കോഴികൾ, താറാവ്, വളര്‍ത്ത് പക്ഷികൾ എന്നിവയെയാണ് ഇന്ന് നശിപ്പിച്ചത്. രോഗം സ്ഥിരീകരിച്ചതിന് ഒരു കിലോമീറ്റർ പരിധിയിലുള്ള പക്ഷികളെ നശിപ്പിക്കുന്നത് നാളെയും തുടരും. രോഗം സ്ഥിരീകരിച്ചതിന് ഒരു കിലോമീറ്റർ ചുറ്റളവിലുള്ള വളർത്തു പക്ഷികളെയാണ് കൊല്ലുന്നത്. പരിശീലനം നേടിയ അഞ്ചുപേരടങ്ങുന്ന 25 സംഘങ്ങളാണ് വേങ്ങേരി ചാത്തമംഗലം കൊടിയത്തൂർ മേഖലകളിൽ കോഴികളെ കൊല്ലുന്നത്. 

രോഗം സ്ഥിരീകരിച്ച പ്രദേശത്തിന് ഒരു കിലോമീറ്റർ ചുറ്റളവിലുള്ള മുഴുവൻ വളർത്തു പക്ഷികളെയും മൂന്ന് ദിവസത്തിനുള്ളിൽ കൊന്ന് കത്തിച്ച് കളയും. അഞ്ചര അടി താഴ്ചയില്‍ കുഴിയെടുത്താണ് പക്ഷികളെ കത്തിക്കുന്നത്. 13000 ത്തിലധികം വളർത്തു പക്ഷികളെയാണ് കൊല്ലേണ്ടി വരിക. കോഴി നഷ്ടപ്പെട്ട മുഴുവൻ കർഷകർക്കും നഷ്ടപരിഹാരം നൽകും എന്നാണ് കൊടിയത്തൂർ പഞ്ചായത്ത് ചേർന്ന് പ്രാദേശിക ജനപ്രതിനിധികളുടെ യോഗത്തിൽ ജില്ലാ കളക്ടര്‍ നൽകിയ ഉറപ്പ്. രോഗം മനുഷ്യരിലേക്ക് പടര്‍ന്നിട്ടില്ലാത്തതിനാല്‍ നിലവില്‍ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് ആരോഗ്യവകുപ്പ് അറിയിച്ചു. എങ്കിലും പക്ഷിപനി സ്ഥിരീകരിച്ച പ്രദേശങ്ങളില്‍  നിരീക്ഷണം ശക്തമാക്കിയിട്ടുണ്ട്.