ബിജെപിയോടും ആർഎസ്എസിനോടും പോരാടുന്നതിനുള്ള വിചിത്ര വഴിയാണ് 'ഭാരത് ജോഡോ യാത്ര'യെന്നും സിപിഎം പരിഹസിച്ചു.  

ദില്ലി : രാഹുൽ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്രയെ പരിഹസിച്ച് സിപിഎം. ബിജെപിയോടും ആർഎസ്എസിനോടും പോരാടുന്നതിനെന്ന പേരിൽ നടത്തുന്ന യാത്രയിൽ 18 ദിവസം രാഹുൽ കേരളത്തിലൂടെയാണ് യാത്ര ചെയ്യുന്നതെന്ന് സിപിഎം വിമര്‍ശിച്ചു. ബിജെപി ഭരിക്കുന്ന യുപിയിൽ വെറും രണ്ട് ദിവസം മാത്രമാണ് രാഹുൽ യാത്ര നടത്തുന്നതെന്നും സിപിഎം കുറ്റപ്പെടുത്തി. സിപിഎം ഔദ്യോഗിക ട്വിറ്റ‍ര്‍ അക്കൗണ്ടിൽ രാഹുലിന്റെ കാരിക്കേച്ചര്‍ അടക്കമുള്ള പോസ്റ്റര്‍ പങ്കുവെച്ചായിരുന്നു പ്രതികരണം. ബിജെപിയോടും ആർഎസ്എസിനോടും പോരാടുന്നതിനുള്ള വിചിത്ര വഴിയാണ് 'ഭാരത് ജോഡോ യാത്ര'യെന്നും സിപിഎം പരിഹസിച്ചു.

Scroll to load tweet…

വിഴിഞ്ഞത്ത് ഇടപെടുമോ? രാഹുൽ ഗാന്ധിയെ കാണാൻ സമരസമിതി; ഭാരത് ജോഡോ യാത്ര തലസ്ഥാനത്ത്, നഗരത്തിൽ ഗതാഗത നിയന്ത്രണം

അതേ സമയം, രാഹുല്‍ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്ര രണ്ടാം ദിവസവും കേരളത്തിൽ പുരോഗമിക്കുകയാണ്. രാവിലെ നേമം വെള്ളായണി ജംഗ്ഷനില്‍ നിന്ന് തുടങ്ങിയ യാത്ര പത്തുമണിയോടെയാണ് തിരുവന്തപുരം നഗരത്തിലെത്തിയത്. വെള്ളായണി ജംഗ്ഷനില്‍ സംസ്ഥാനത്തെ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കള്‍ക്കൊപ്പമാണ് ജാഥ മുന്നേറിയത്. നൂറുകണക്കിന് കോണ്‍ഗ്രസ് പ്രവര്‍ത്തകരാണ് സ്ഥിരാംഗങ്ങള്‍ക്കൊപ്പം ജാഥയെ അനുഗമിക്കുന്നത്.

അതിനിടെ, നെയ്യാറ്റിന്‍കര നിംസ് ആശുപത്രിയില്‍ സ്വാതന്ത്ര്യസമര സേനാനികളുടെ സ്മൃതി മണ്ഡപം ഉദ്ഘാടനം ചെയ്യാന്‍ രാഹുല്‍ ഗാന്ധിയെത്താതിരുന്നതാണ് ആദ്യം ദിനം വിവാദത്തിന് തിരികൊളുത്തി. ഗാന്ധിയന്‍ ഗോപിനാഥൻ നായരുടെയും കെഇ മാമന്‍റെയും ബന്ധുക്കളും കെപിസിസി അദ്ധ്യക്ഷന്‍ കെ സുധാകരനും ശശി തരൂരും അടക്കമുള്ള നേതാക്കളും അടക്കം വന്‍ ജനക്കൂട്ടം എത്തിയിട്ടും മുന്നിലൂടെ ജാഥയില്‍ നടന്നു പോയ രാഹുല്‍ ഗാന്ധി സ്മൃതി മണ്ഡപം ഉദ്ഘാടനം ചെയ്യാൻ എത്തിയില്ല. 

ഈയിടെ അന്തരിച്ച ഗാന്ധിയന്‍ ഗോപിനാഥന്‍ നായരുടെയും കെഇ മാമന്‍റെയും സ്മൃതി മണ്ഡപമാണ് നെയ്യാറ്റിന്‍കര നിംസില്‍ നിര്‍മിച്ചത്. ഭാരത് ജോഡോ യാത്ര ഇതിന് മുന്നിലൂടെ കടന്നുപോകുമ്പോൾ രാഹുല്‍ ഗാന്ധി ഉദ്ഘാടനം ചെയ്യാനായിരുന്നു നേരത്തെയുണ്ടായിരുന്ന തീരുമാനം. ജാഥയുടെ വിവരങ്ങള്‍ അടങ്ങിയ വാര്‍ത്താക്കുറിപ്പിലും ഇക്കാര്യം മാധ്യമങ്ങളെ അറിയിച്ചിരുന്നു. 

'രാഹുൽ ഗാന്ധി മാപ്പ് പറയണം; സ്വാതന്ത്ര്യ സമര സേനാനികളെ അപമാനിച്ചതിൽ പ്രായശ്ചിത്തം ചെയ്യണം': ബിജെപി

വൈകീട്ട് നാല് മണിക്ക് മുമ്പ് തന്നെ കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്‍, ശശി തരൂര്‍ എംപി, യു‍ഡിഎഫ് കണ്‍വീനര്‍ എംഎം ഹസ്സന്‍, ഡിസിസി അദ്ധ്യക്ഷന്‍ പാലോട് രവി, വിഎസ് ശിവകുമാര്‍ തുടങ്ങിയ നേതാക്കൾ സ്ഥലത്തെത്തി. ഗോപിനാഥന്‍ നായരുടെ ഭാര്യയും കുടുംബാംഗങ്ങളും കെഇ മാമന്‍റെ കുടുംബാംഗങ്ങളും എത്തി. ജാഥ ഇതിന് മുന്നിലൂടെ കടന്നുപോയി. പക്ഷേ രാഹുല്‍ ഗാന്ധി എത്തിയില്ല. സംഭവം കോണ്‍ഗ്രസ് നേതാക്കള്‍ക്ക് വലിയ നാണക്കേടായി. പറയാമെന്നല്ലാതെ എന്ത് ചെയ്യാന്‍ കഴിയുമെന്നാണ് കെപിസിസി അധ്യക്ഷൻ കെ സുധാകരന്‍ പറഞ്ഞത്. ഇത്തരം തീരുമാനങ്ങളാണ് വിശ്വാസ്യത ഇല്ലാതാക്കുന്നതാണെന്ന് ശശി തരൂരും തുറന്നടിച്ചു. മറ്റൊരു അവസരത്തില്‍ നന്നായി ചടങ്ങ് സംഘടിപ്പിക്കാമെന്ന് ഉറപ്പ് നല്‍കിയ കെ സുധാകരന്‍ ആശുപത്രി അധികൃതരോട് ക്ഷമ ചോദിക്കുകയും ചെയ്തു.