നാട്ടുകാരും ഫയര്‍ഫോഴ്‌സും ചേര്‍ന്ന നടത്തിയ തിരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്. 4 പേരാണ് അപകടത്തിൽ പെട്ടത്. മറ്റ് മൂന്നുപേർ നീന്തി രക്ഷപ്പെടുകയായിരുന്നു.
കോഴിക്കോട്: കോടഞ്ചേരി പതങ്കയം വെള്ളച്ചാട്ടത്തില്‍ 18 കാരന്‍ മുങ്ങി മരിച്ചു. കോഴിക്കോട് എരഞ്ഞിപ്പാലം സ്വദേശി അമല്‍ ആണ് മരിച്ചത്. 4 പേരാണ് അപകടത്തിൽ പെട്ടത്. മറ്റ് മൂന്നുപേർ നീന്തി രക്ഷപ്പെടുകയായിരുന്നു. ഇന്ന് വൈകിട്ട് മൂന്നുമണിയോടെയാണ് കുളിക്കുന്നതിനിടെ കയത്തില്‍ അകപ്പെട്ടത്. നാട്ടുകാരും ഫയര്‍ഫോഴ്‌സും ചേര്‍ന്ന നടത്തിയ തിരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്.
നേരത്തെ കോഴിക്കോട് ജില്ലയിലെ പതങ്കയം, ഒലിച്ചു ചാട്ടം എന്നീ പ്രദേശങ്ങളിലെ പുഴയുടെ പരിസരത്തും പുഴയിലും ഇറങ്ങുന്നത് 2023 ജൂൺ ഒന്നു മുതൽ നിരോധിച്ചതായി ജില്ലാ ദുരന്തനിവാരണ അതോറിറ്റി ചെയർമാനും ജില്ലാ കലക്ടറുമായ എ. ഗീത അറിയിച്ചത്. നിരോധനം ലംഘിക്കുന്നവരിൽ നിന്നും 1000 രൂപ പിഴ ഈടാക്കുകയും നിയമനടപടികൾ സ്വീകരിക്കുകയും ചെയ്യുമെന്നും ജൂൺ ഒന്നിന് മുൻപായി പ്രസ്തുത പ്രദേശങ്ങളിൽ വ്യക്തമായ മുന്നറിയിപ്പ് ബോർഡുകൾ സ്ഥാപിക്കാൻ നടപടി സ്വീകരിക്കണമെന്ന് പഞ്ചായത്ത് അധികൃതർക്കും നിർദേശം നൽകിയതായും കളക്ടർ അറിയിച്ചിരുന്നു.
സ്വകാര്യ ഭൂമികളിലൂടെ വെള്ളച്ചാട്ടത്തിലേക്ക് പ്രവേശിക്കുന്നത് തടയാൻ അതത് ഭൂവുടമകൾ ശ്രദ്ധിക്കണമെന്നും കലക്ടർ നിർദേശിച്ചിരുന്നു. എന്നാൽ ഇതൊന്നും വകവെയ്ക്കാതെയാണ് കോഴിക്കോട് നഗരപ്രദേശത്തുള്ളവർ ഇവിടെയെത്തി അപകടത്തിന് ഇരയാകുന്നത്.
താനൂർ ബോട്ട് അപകടത്തിൽ കേരളത്തെ കണ്ണീരിലാക്കിയത് കൊല്ലപ്പെട്ട 22 പേരിൽ 15 പേരും കുട്ടികളാണ് എന്നതാണ്. സംസ്ഥാനത്തെയൊന്നാകെ നൊമ്പരത്തിലാഴ്ത്തിയ ദുരന്തത്തിന്റെ വേദന മായുന്നതിന് മുൻപ് 20 ദിവസത്തിനിടെ തുടർച്ചയായി അപകടങ്ങൾ ആവർത്തിച്ചു. കഴിഞ്ഞ 20 ദിവസത്തിനിടെ സംസ്ഥാനത്ത് വിവിധ സ്ഥലങ്ങളിൽ നടന്ന അപകടങ്ങളിൽ 32 കുട്ടികളാണ് മുങ്ങി മരിച്ചത്. ഇന്ന് അച്ചൻകോവിലാറ്റിൽ മുങ്ങിമരിച്ച വെട്ടൂർ സ്വദേശികളായ അഭിരാജ്, ഋഷി അജിത് എന്നിവരാണ് ഈ കണക്കിലെ അവസാന പേരുകാർ. ഏഷ്യാനെറ്റ് ന്യൂസ് റിപ്പോർട്ട് ചെയ്ത അപകടങ്ങളിൽ നിന്നുള്ള കണക്കാണിത്.
അതിനിടെയാണ് കോഴിക്കോട് പയങ്കയത്തെ 18കാരൻ്റെ മരണം ഉണ്ടായിരിക്കുന്നത്. നാലുപേർ കുളിക്കാനിറങ്ങിയെങ്കിലും അമൽ മുങ്ങി മരിക്കുകയായിരുന്നു.
