തിരുവനന്തപുരം: ഇനി 178 പേർ, കൊവിഡ് 19 മഹാമാരിയെ ആദ്യഘട്ടത്തില്‍ തടഞ്ഞുനിർത്തിയ കേരളത്തിന് മുന്നിലുള്ളത് ഇത്രയും പേരുടെ രോഗമുക്തിയാണ്. ഇനിയാർക്കും രോഗം പിടിപെടാതിരിക്കാനുള്ള ജാഗ്രത മുന്നിലുള്ള പ്രധാനപ്പെട്ട മറ്റൊരു കാര്യം. പ്രതിസന്ധികള്‍ വഴിമുടക്കിയ കാസർകോട് നിന്ന് ഉയർത്തെഴുന്നേല്‍പ്പിന്‍റെ വാർത്തയാണ് കേരളം ഇന്നും കേട്ടത്. രണ്ട് ദിവസം കൊണ്ട് കാസർകോട് മാത്രം 40 പേർ രോഗമുക്തി നേടിയത് ചെറിയ കാര്യമല്ല. 

Read more: കേരളത്തിന് ഇന്നും ആശ്വാസം; 19 പേര്‍ക്ക് രോഗം ഭേദമായി, ജാഗ്രതയും നിയന്ത്രണവും തുടരണമെന്നും മുഖ്യമന്ത്രി

ഇന്ന് 19 പേരുടെ ഫലം നെഗറ്റീവ്

ഈസ്റ്ററിന് ശേഷമുള്ള ദിനവും കൊവിഡ് കൈകാര്യം ചെയ്യുന്നതില്‍ കേരളത്തിന് വലിയ ആശ്വാസങ്ങളുടേതായി. ഇന്ന് മൂന്ന് പേർക്ക് മാത്രമാണ് രോഗം സ്ഥിരീകരിച്ചത്. കണ്ണൂരിൽ രണ്ടും പാലക്കാട് ഒരാൾക്കുമാണ് വൈറസ് ബാധ കണ്ടെത്തിയത്. രണ്ട് പേർക്ക് സമ്പർക്കത്തിലൂടെ രോഗം ബാധിച്ചപ്പോള്‍ ഒരാൾ വിദേശത്ത് നിന്ന് വന്നതാണ്. അതേസമയം 19 പേരുടെ പരിശോധനാ ഫലം കൂടി നെഗറ്റീവായി എന്നതാണ് വലിയ ആശ്വാസ വാർത്ത. കാസർകോട് ജില്ലയില്‍ 12 ഉം പത്തനംതിട്ട, തൃശൂർ ജില്ലകളില്‍ മൂന്ന് വീതവും കണ്ണൂരില്‍ ഒരാളുമാണ് ഇന്ന് രോഗമുക്തി നേടിയത്. 

സംസ്ഥാനത്ത് ഇന്നലെ രണ്ട് പേർക്ക് മാത്രമായിരുന്നു കൊവിഡ് 19 സ്ഥിരീകരിച്ചത്. ഏറ്റവും കൂടുതൽ പേരില്‍ രോഗം ബാധിച്ച കാസര്‍ഗോഡ് ജില്ലയില്‍ 28 പേരുടേയും മലപ്പുറം ജില്ലയില്‍ 6 പേരുടേയും കോഴിക്കോട്, ഇടുക്കി ജില്ലകളില്‍ ഓരോരുത്തരുടേയും പരിശോധനാ ഫലമാണ് ഈസ്റ്റർ ദിനം നെഗറ്റീവായത്. 

Read more: 'പ്രവാസികൾ വന്നാൽ എല്ലാം സർക്കാർ ചെയ്തുകൊള്ളാം, എത്തിച്ചാൽ മതി', മോദിക്ക് പിണറായിയുടെ കത്ത്

പ്രതീക്ഷയോടെ 178 പേർ

സംസ്ഥാനത്ത് ആകെ 378 പേർക്ക് രോഗം സ്ഥീരികരിച്ചപ്പോള്‍ രണ്ട് പേർ മാത്രമാണ് മരണപ്പെട്ടത്. 198 പേർക്ക് രോഗം ഭേദമായതോടെ 178 കൊവിഡ് ബാധിതർ മാത്രമാണ് ഇപ്പോള്‍ ചികിത്സയിലുള്ളത്. സംസ്ഥാനത്ത് കൂടുതല്‍ കൊവിഡ് കേസുകള്‍ റിപ്പോർട്ട് ചെയ്ത കാസർകോട് 85 പേരും കണ്ണൂരില്‍ 43 പേരും ചികിത്സയിലുണ്ട്. വയനാട്(1), കോഴിക്കോട്(8), മലപ്പുറം(10), പാലക്കാട്(4), തൃശൂർ(2), എറണാകുളം(7), ആലപ്പുഴ(3), പത്തനംതിട്ട(6), കൊല്ലം(7), തിരുവനന്തപുരം(2) എന്നിങ്ങനെയാണ് മറ്റ് ജില്ലകളില്‍ ചികിത്സയിലുള്ളവർ. കോട്ടയത്തും ഇടുക്കിയിലും നിലവില്‍ കൊവിഡ് രോഗികളാരുമില്ല എന്നത് മറ്റൊരു ആശ്വാസം.

'കരുതല്‍ തുടരണം, നിയന്ത്രണങ്ങള്‍ ഒഴിവാക്കുക അപകടം'

സംസ്ഥാനത്തൊട്ടാതെ ഇതുവരെ 15683 സാമ്പിളുകൾ പരിശോധിച്ചു. 14829 എണ്ണം രോഗബാധയില്ലെന്ന് ഉറപ്പാക്കി. 86 പേരെയാണ് ഇന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. പുതുതായി രോഗം ബാധിക്കുന്നവരുടെ എണ്ണം കുറയുകയും സുഖപ്പെടുന്നവരുടെ എണ്ണം വർധിക്കുകയും ചെയ്യുന്നുണ്ട്. ഇതുകണ്ട് നിയന്ത്രണങ്ങൾ ഒഴിവാക്കാം എന്ന ധാരണ ചില കേന്ദ്രങ്ങളിൽ രൂപപ്പെട്ടിട്ടുണ്ട്. ഇത് അപകടകരമാണ് എന്നും മുഖ്യമന്ത്രി ഇന്ന് വ്യക്തമാക്കിയിട്ടുണ്ട്.

Read more: ദുരിതാശ്വാസ നിധിയിലേക്ക് മരച്ചീനി; മുള്ളന്‍കൊല്ലിയിലെ കര്‍ഷകന് അഭിനന്ദനവുമായി മുഖ്യമന്ത്രി

രാജ്യത്ത് ലോക്ക് ഡൌണ്‍ നീട്ടുന്ന കാര്യത്തില്‍ നാളെ ഔദ്യോഗിക പ്രഖ്യാപനമുണ്ടാകും. ഇതിന് ശേഷം സംസ്ഥാനത്തെ നിയന്ത്രണങ്ങളുടെ കാര്യത്തില്‍ കേരളം തീരുമാനമറിയിക്കും. കൊവിഡ് 19 സുഖപ്പെടുന്നവരുടെ എണ്ണം കൂടുന്നതിനാല്‍ നിയന്ത്രണങ്ങള്‍ ഒഴിവാക്കാം എന്ന ചിന്ത അപകടം ക്ഷണിച്ചുവരുത്തിയേക്കും. അതിനാല്‍ കേരളത്തിന് ഇനിയും പ്രതീക്ഷയുടെ വാർത്തകള്‍ കേള്‍ക്കാന്‍ നിയന്ത്രണവും ജാഗ്രതയും തുടർന്നേ തീരു. അത് സാധ്യമായാല്‍ ഇപ്പോള്‍ ആശുപത്രിയിലുള്ള 178 പേരുടെ കാര്യത്തിലും നമുക്ക് ആശങ്കകള്‍ വേണ്ട. 
 

കൊവിഡ് -19, പുതിയ വാര്‍ത്തകളും സമ്പൂര്‍ണ്ണ വിവരങ്ങളും അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക