കുട്ടികൾ ഏറെ നാളായി വീട്ടിൽ പോകണമെന്ന് ആവശ്യപ്പെട്ടിരുന്നു. കോടതി ഉത്തരവ് പ്രകാരം നിർഭയ കേന്ദ്രത്തിൽ പാർപ്പിക്കേണ്ടതിനാൽ അതിന് കഴിഞ്ഞില്ല.
പാലക്കാട്: നിർഭയാ കേന്ദ്രത്തിൽ നിന്നും ചാടിപ്പോയ19 പെൺകുട്ടികളെ മണിക്കൂറുകൾക്കുള്ളിൽ കണ്ടെത്തി. പാലക്കാട് കൂട്ടുപാതയിലുള്ള സർക്കാർ നിർഭയ കേന്ദ്രത്തിൽ നിന്നാണ് പെണ്‍കുട്ടികൾ ഇന്നലെ രാത്രി 8.30ന് ചാടിപ്പോയത്. ഇവരിൽ പോക്സോ കേസ് അതിജീവിതകളും ഉൾപ്പെട്ടിരുന്നു. എന്നാൽ പെണ്‍കുട്ടികൾക്കായി അന്വേഷണം വ്യാപിപ്പിച്ചതോടെ രാത്രി പത്തരയോടെ ഇവരെ കണ്ടെത്തുകയായിരുന്നു. 14 പേരെ കൂട്ടുപാതയിൽ നിന്നും 5 പേരെ കല്ലെപ്പുള്ളിയിൽ നിന്നുമാണ് കണ്ടെത്തിയത്. കുട്ടികൾ ഏറെ നാളായി വീട്ടിൽ പോകണമെന്ന് ആവശ്യപ്പെട്ടിരുന്നു. എന്നാൽ കോടതി ഉത്തരവ് പ്രകാരം നിർഭയ കേന്ദ്രത്തിൽ പാർപ്പിക്കേണ്ടതിനാൽ അധികൃതർക്ക് അതിന് കഴിഞ്ഞിരുന്നില്ല. ചാടിപ്പോയ കുട്ടികളെ താൽക്കാലിക കേന്ദ്രത്തിലേക്ക് മാറ്റി. അതേസമയം, ജില്ലാ കളക്ടർ എത്തി കുട്ടികളോട് സംസാരിച്ച ശേഷം മാത്രമായിരിക്കും തുടർ നടപടിയുണ്ടാവുക.
