കശ്മീരിലെ  രജൗരിയിൽ നിന്ന് കൊണ്ട് വന്ന തോക്കുകൾക്ക് ലൈസൻസില്ലെന്ന് വ്യക്തമായതോടെ പൊലീസ് കേസെടുത്ത്  നടപടിയാരംഭിക്കുകയായിരുന്നു. 

കൊച്ചി: കൊച്ചിയിൽ സ്വകാര്യ സുരക്ഷാ ഏജൻസിയുടെ പക്കൽ നിന്ന് 19 തോക്കുകൾ പിടികൂടിയ സംഭവത്തിൽ 19 പേർ അറസ്റ്റിൽ. തോക്ക് കൈവശം വെച്ചിരുന്ന ഏജൻസിയുടെ സ്വകാര്യ സുരക്ഷാ ഉദ്യോഗസ്ഥരാണ് അറസ്റ്റിലായത്. ആയുധ നിയമപ്രതാരം ജാമ്യമില്ലാ വകുപ്പുകൾ ചുമത്തിയാണ് ഇവർക്കെതിരെ കേസ് എടുത്തിരിക്കുന്നത്. കശ്മീരിലെ രജൗരിയിൽ നിന്ന് കൊണ്ട് വന്ന തോക്കുകൾക്ക് ലൈസൻസില്ലെന്ന് വ്യക്തമായതോടെ പൊലീസ് കേസെടുത്ത് നടപടിയാരംഭിക്കുകയായിരുന്നു. 

എടിഎമ്മിൽ പണം നിക്ഷേപിക്കുന്നതിന് ചുമതലയുളള സിസ്കോ എന്ന സ്വകാര്യ ഏജൻസിക്കുവേണ്ടിയാണ് തോക്കുകൾ കൊണ്ടുവന്നത്. കഴിഞ്ഞ ദിവസം തിരുവനന്തപുരത്ത് നടത്തിയ പരിശോധനയിൽ 5 തോക്കുകൾ പിടികൂടിയിരുന്നു. ഇതിന് തുടർച്ചയായി കൊച്ചിയിൽ നടത്തിയ റെയ്ഡിലാണ് 19 എണ്ണം കൂടി കണ്ടെടുത്തത്. ഇതിന്‍റെ രേഖകൾ ഹാജരാക്കാൻ പൊലീസ് ആവശ്യപ്പെട്ടിരുന്നു. 

തിരുവനന്തപുരത്ത് വ്യാജലൈസൻസുള്ള തോക്ക് പിടികൂടിയ കേസിൽ അന്വേഷണം കാശ്മീരിലേക്ക്

രജൗരിയിൽ നിന്ന് കൊണ്ടുവന്ന തോക്കുകൾ കൊച്ചിയിൽ ഉപയോഗിക്കുമ്പോൾ ഇവിടുത്തെ എഡിഎമ്മിന്‍റെ അനുമതി കൂടി ആവശ്യമാണ്. എന്നാൽ ഇത്തരം രേഖകളൊന്നും ഇത് കൈവശം വച്ചിരുന്ന സുരക്ഷാ ഉദ്യോഗസ്ഥരുടെ പക്കൽ ഉണ്ടായിരുന്നില്ല. ഇതേത്തുടർന്നാണ് കശ്മീർ സ്വദേശികളടക്കമുളള തോക്ക് കൈവശം വെച്ച സുരക്ഷാ ജീവനക്കാർക്ക് എതിരേ കേസെടുത്തിരിക്കുന്നത്. 

എടിഎമ്മിൽ പണം നിറയ്ക്കുന്നതിന് ചുമതലയുളള സിസ്കോ എന്ന സ്ഥാപനത്തിന് ഈ സുരക്ഷാ ജീവനക്കാരെ എത്തിച്ചത് മറ്റൊരു സ്വകാര്യ സ്ഥാപനമാണെന്ന് കണ്ടെത്തിയിട്ടുണ്ട്. അവർക്കെതിരെയും ആയുധ നിയമപ്രകാരം കേസെടുക്കുമെന്ന് പൊലീസ് അറിയിച്ചു. തിരുവനന്തപുരത്ത് കേസ് അന്വേഷിക്കുന്ന പൊലീസ് ഇപ്പോൾ കശ്മീരിലുണ്ട്. അവരുടെ സഹായത്തോടെ നടത്തിയ അന്വേഷണത്തിലാണ് കൊച്ചിയിൽ പിടികൂടിയ തോക്കിനും ലൈസൻസില്ലെന്ന് വ്യക്തമായത്.


കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona