ഈ മാസം 13-നാണ് കരമന പോലീസ് എടിഎമ്മിലേക്ക് പണം കൊണ്ടുപോകുന്ന കമ്പനിയിലെ അഞ്ച് ജീവനക്കാരെ വ്യാജ ലൈസൻസുള്ള തോക്ക് കൈവശം വച്ചതിന് അറസ്റ്റ് ചെയ്തത്. 

തിരുവനന്തപുരം: തലസ്ഥാനത്ത് വ്യാജ ലൈസൻസുള്ള തോക്കുകള്‍ പിടിച്ചെടുത്ത സംഭവത്തില്‍ അന്വേഷണം കാശ്മീരിലേക്ക്. തോക്ക് കൈവശം വച്ചിരുന്ന കാശ്മീരി സ്വദേശികളുമായി കേരളാ പൊലീസ് തെളിവെടുപ്പ് നടത്തും. സംസ്ഥാനത്തെ സ്വകാര്യ സുരക്ഷാ ഏജൻസികളില്‍ തോക്ക് കൈവശം വച്ചിരിക്കുന്നവരുടെ ലൈസൻസ് പരിശോധിക്കാൻ പൊലീസ് തീരുമാനിച്ചു

ഈ മാസം 13-നാണ് കരമന പോലീസ് എടിഎമ്മിലേക്ക് പണം കൊണ്ടുപോകുന്ന കമ്പനിയിലെ അഞ്ച് ജീവനക്കാരെ വ്യാജ ലൈസൻസുള്ള തോക്ക് കൈവശം വച്ചതിന് അറസ്റ്റ് ചെയ്തത്. തോക്കിന് പുറമേ 25 വെടിയുണ്ടകളുമായി ആയിരുന്നു ആറ് മാസത്തിലേറെയായി ഇവര്‍ തിരുവനന്തപുരത്ത് താമസിച്ചത്. കരമന പോലീസ് ഇവരെ കസ്റ്റഡിയിലെടുത്തതിന് പിന്നാലെ കേന്ദ്രരഹസ്യാന്വേഷണ ഏജന്‍സികളും ഇവരെ ചോദ്യം ചെയ്തു. 

വിമാനത്താവളം, പത്മനാഭ സ്വാമി ക്ഷേത്രം, പാങ്ങോട് മിലിട്ടറി ക്യാമ്പ്,ഐഎസ്ആര്‍ഒ തുടങ്ങിയ നിരവധി പ്രധാന സ്ഥാപനങ്ങള്‍ സ്ഥിതി ചെയ്യുന്ന തിരുവനന്തപുരത്ത് കശ്മീരില്‍ നിന്നുള്ള അഞ്ചുപേര്‍ വ്യാജ തോക്കുകളുമായി എത്തിയത് ഗൗരവത്തോടെയാണ് പോലീസ് സമീപിച്ചത്. തീവ്രവാദ പശ്ചാത്തലം ഇവര്‍ക്ക് ഉണ്ടോയെന്ന് അറിയാനാണ് കാശ്മീരിലേക്ക് അന്വേഷണം വ്യാപിപ്പിച്ചത്.

ഇവര്‍ക്ക് തോക്കുകള്‍ നല്‍കിയവരെക്കുറിച്ച് അന്വേഷിക്കുകയാണ് ലക്ഷ്യം. ഇതിനായി കാശ്മീര്‍ പൊലീസിന്‍റെ സഹായവും കേരളാ പൊലീസ് തേടി. ഈ സംഭവത്തിന് പിന്നാലെയാണ് സംസ്ഥാനത്ത് എടിഎം കൗണ്ടറിലുള്‍പ്പടെ ജോലി ചെയ്യുന്ന സ്വകാര്യ സുരക്ഷാ ഉദ്യോഗസ്ഥരുടെ ലൈസൻസ് പരിശോധിക്കാൻ പൊലീസ് തീരുമാനിച്ചത്. വ്യാജ ലൈസൻസ് കൈവശം വച്ചാല്‍ കര്‍ശന നടപടി സ്വീകരിക്കാനാണ് തീരുമാനം.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യർത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona