തിരുവനന്തപുരം പട്ടത്ത് ഫര്‍ണിച്ചര്‍ കടയുടെ ഗോഡൗണ്‍ തീപിടിത്തത്തിൽ പൂർണ്ണമായും കത്തിനശിച്ചു.അഗ്നിശമന സേനയുടെ നാല് യൂണിറ്റുകൾ രണ്ട് മണിക്കൂറോളം പരിശ്രമിച്ചാണ് തീ അണച്ചത്.
തിരുവനന്തപുരം: തിരുവനന്തപുരം നഗരത്തിൽ ഫര്‍ണിച്ചര്‍ കടയുടെ ഗോഡൗണ്‍ കത്തി നശിച്ചു. ആരോ തീയിട്ടതാണെന്ന് കടയുടമ ആരോപിച്ചു. വിശദ പരിശോധനയ്ക്ക് ശേഷമേ തീ പിടിത്തത്തിന്‍റെ കാരണം പറയാനാവൂ എന്ന് അഗ്നിശമന സേന പ്രതികരിച്ചു.
പട്ടത്ത് ജോയ് ഫര്‍ണിച്ചര്‍ എന്ന സ്ഥാപനത്തിന്‍റെ ഗോഡൗണിലാണ് തീപിടിത്തം ഉണ്ടായത്. ഇവിടെ സൂക്ഷിച്ചിരുന്ന മെത്തയും ഫര്‍ണിച്ചര്‍ സാധനങ്ങളും ഉള്‍പ്പെടെയാണ് കത്തിയത്. രാവിലെ പത്തേ കാലോടെയാണ് സമീപത്തുള്ളവര്‍ ഗോഡൗണിൽ തീപിടിക്കുന്നത് കണ്ടത്. അടുത്ത കെട്ടിടത്തിന്‍റെ ജനാലയിലേയ്ക്കും തീ പടര്‍ന്നു. തൊട്ടടുത്ത ഹോട്ടലിലെ ജീവനക്കാരാണ് ഇവിടെ താസിക്കുന്നത്. സമീപത്തെ കെട്ടിടത്തിലുണ്ടായിരുന്നവര്‍ പുറത്തേയ്ക്ക് ഓടി.
അഗ്നശമന സേനയുടെ നാലു യൂണിറ്റുകൾ രണ്ടു മണിക്കൂറിലധികം പരിശ്രമിച്ചാണ് തീ നിയന്ത്രണ വിധേയമാക്കിയത്. കടയുടെ മുന്‍ ഭാഗത്ത് കൂട്ടിയിട്ടിരുന്ന ഫര്‍ണിച്ചര്‍ സാധനങ്ങളിലേയ്ക്കും സമീപത്തെ കെട്ടിടങ്ങളിലേയ്ക്കും ഗുരുമന്ദിരത്തിലേയ്ക്കും തീ പടരുന്നത് തടയാനായി. മുൻപും ഇവിടെ കടകള്‍ കത്തി നശിച്ചിരുന്നു. 20 ലക്ഷത്തോളം രൂപയുടെ സാധന സാമഗ്രികൾ കത്തി നശിച്ചെന്ന് കടയുടമ പറഞ്ഞു.

