ഷോപ്പിയാൻ: ആപ്പിൾ കൊണ്ടുപോവുകയായിരുന്ന ട്രക്ക് ഡ്രൈവർമാരെ തീവ്രവാദികൾ വെടിവച്ച് കൊന്നു. രണ്ട് ഡ്രൈവർമാർ ആക്രമണത്തിൽ കൊല്ലപ്പെട്ടു. ഒരു ഡ്രൈവർക്ക് ഗുരുതരമായി പരിക്കേറ്റു. ഇവരുടെ ട്രക്കിന് തീവ്രവാദികൾ തീയിട്ടു.

ആപ്പിൾ വ്യാപാരി തീവ്രവാദികളുടെ വെടിയേറ്റ് കൊല്ലപ്പെട്ട് ഒരാഴ്ച തികയും മുൻപാണ് ഷോപിയാനിൽ വീണ്ടും ആക്രമണം ഉണ്ടാകുന്നത്. മൂന്ന് ദിവസത്തിനിടെ ആപ്പിളുമായി പോകുന്ന ട്രക്ക് ഡ്രൈവർമാരെ ആക്രമിച്ച മൂന്നാമത്തെ സംഭവമാണിത്.

കശ്മീർ താഴ്‌വരയിൽ നിന്നും ആപ്പിളുകൾ കയറ്റി അയക്കുന്നത് കൂടുതൽ സജീവമായതോടെ തീവ്രവാദികൾ കടുത്ത നിരാശയിലാണെന്നും അതിനാലാണ് തുടർച്ചയായി ആക്രമണങ്ങൾ ഉണ്ടാകുന്നതെന്നും പൊലീസ് പറഞ്ഞു.

പരിക്കേറ്റ ഡ്രൈവറെ ശ്രീനഗറിലെ ആശുപത്രിയിലേക്ക് മാറ്റിയതായി പൊലീസ്  അറിയിച്ചു. അതേസമയം മറ്റ് രണ്ട് പേരുടെയും മൃതദേഹം പോസ്റ്റ്‌മോർട്ടത്തിന് അയച്ചു. രാജസ്ഥാനിലെ അൽവാർ സ്വദേശി മൊഹമ്മദ് ഇല്ലിയാസ് ആണ് മരിച്ച ഒരു ഡ്രൈവർ. പഞ്ചാബിലെ ഹൊഷിയാർപുറിൽ നിന്നുള്ള ജീവനാണ് പരിക്കേറ്റ ഒരാൾ.