തിരുവനന്തപുരത്ത് രണ്ട് പേരെ ഒഡിഷയിൽ നിന്ന് കേരളത്തിലേക്ക് കഞ്ചാവ് കടത്തുന്നതിനിടെ പിടികൂടി

തിരുവനന്തപുരം: ഒഡിഷയിൽ നിന്നും കേരളത്തിലേക്ക് കഞ്ചാവ് കടത്തിയ രണ്ട് പേരെ തിരുവനന്തപുരത്ത് പൊലീസിൻ്റെ ഡാൻസാഫ് സംഘം പിടികൂടി. വിഴിഞ്ഞം പിറവിളാകം കാവുവിള സ്വദേശി രാജു(48) നെ വിഴിഞ്ഞത്ത് നിന്നും തെരുവ് മൈത്രി മൻസിലിൽ നാസുമുദീൻ (50) നെ ബാലരാമപുരത്ത് നിന്നുമാണ് പൊലീസ് പിടികൂടിയത്. രാജുവിൻ്റെ ചുമലിൽ തൂക്കിയിട്ടിരുന്ന ബാഗിൽ നിന്ന് 4.2 കിലോ കഞ്ചാവും നാസുമുദ്ദീൻ്റെ കൈയ്യിലുണ്ടായിരുന്ന ബാഗിൽ നിന്ന് 2.5 കിലോ കഞ്ചാവുമാണ് പൊലീസ് പിടികൂടിയത്.

ഒഡിഷയിൽ നിന്നും കഞ്ചാവ് വാങ്ങിയ ഇരുവരും ട്രെയിനിലാണ് തിരുവനന്തപുരത്തേക്ക് വന്നത്. തിരുവനന്തപുരം സെൻട്രൽ റെയിൽവെ സ്റ്റേഷനിൽ ഇറങ്ങിയ ശേഷം രണ്ട് പേരും രണ്ട് ബസുകളിലായി യാത്ര തുടർന്നു. സംശയം തോന്നാതിരിക്കാനായിരുന്നു ഈ രീതിയിൽ യാത്ര ചെയ്തതെന്ന് പൊലീസ് പറയുന്നു. നാസുമുദ്ദീൻ ബാലരാമപുരത്തും രാജു വിഴിഞ്ഞത്തുമാണ് ബസിറങ്ങിയത്. നാസുമുദ്ദീനെ ബാലരാമപുരത്ത് വച്ച് പിടികൂടിയതിന് പിന്നാലെയാണ് രാജുവിനെ വിഴിഞ്ഞത്ത് റംസാൻകുളം റോഡിലൂടെ നടന്നു പോകും വഴി പിടികൂടിയത്.

ഇവർ ഇരുവരും കഞ്ചാവ് കടത്തുന്നതായി നേരത്തെ തന്നെ പൊലീസിന് വിവരം ലഭിച്ചിരുന്നു. ഡാൻസാഫ് സംഘം ഇവരെ നിരീക്ഷിച്ചുവരികയായിരുന്നു. ഇതിനിടെയാണ് ഇവർ ഒഡിഷയിലേക്ക് പോയത്. തങ്ങൾ കഞ്ചാവ് കച്ചവടം ചെയ്യുന്നവരല്ലെന്നും ഇടനിലക്കാർ മാത്രമാണ് എന്നുമാണ് പ്രതികൾ പൊലീസിന് നൽകിയ മൊഴി. കഞ്ചാവ് എത്തിച്ചു നൽകിയാൽ 10000 രൂപ പ്രതിഫലമായി ലഭിക്കുമെന്നും ഇവർ പൊലീസിനോട് പറഞ്ഞു. രാജു മുൻപ് കഞ്ചാവ് ഉപയോഗിച്ചതിന് പൊലീസിൻ്റെ പിടിയിലായിരുന്നു. കോഴിക്കോട് സ്വദേശിയായ രാജു വിവാഹത്തെ തുടർന്നാണ് വിഴിഞ്ഞത്ത് താമസമാക്കിയത്. ആർക്ക് വേണ്ടിയാണ് കഞ്ചാവ് എത്തിച്ചെന്നതടക്കം കാര്യങ്ങൾ അറിയേണ്ടതുണ്ട്. ഇതിനായി പ്രതികളെ വിശദമായി ചോദ്യം ചെയ്യും. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.

YouTube video player