ആലുവയിൽ നിന്ന് ഒരു മാസം പ്രായമായ കുട്ടിയെ തട്ടിക്കൊണ്ടുപോയ സംഭവത്തിൽ ഇതരസംസ്ഥാനക്കാർ അറസ്റ്റിൽ. 

കൊച്ചി: എറണാകുളം ആലുവയില്‍ ഒരു മാസം പ്രായമുളള കുഞ്ഞിനെ തട്ടിക്കൊണ്ടു പോകാനുളള ശ്രമം പൊളിച്ച് പൊലീസ്. കുഞ്ഞിനെ തട്ടിക്കൊണ്ടു പോയ ട്രാന്‍സ്ജെന്‍ഡര്‍ ഉള്‍പ്പെടെ രണ്ടു പേരെ പൊലീസ് അറസ്റ്റ് ചെയ്തു. ഇന്നലെ രാത്രിയിലുണ്ടായ തട്ടിക്കൊണ്ടു പോകല്‍ ശ്രമം പൊലീസിന്‍റെ സമയബന്ധിതമായ ഇടപെടലിലൂടെയാണ് പൊളിഞ്ഞു പോയത്.

ബിഹാര്‍ സ്വദേശിനിയുടെ ഒരു മാസം പ്രായമുളള കുട്ടിയെ തട്ടിക്കൊണ്ടു പോയെന്ന വിവരം ആലുവ ഈസ്റ്റ് പൊലീസ് സ്റ്റേഷനില്‍ കിട്ടുന്നത് ഇന്നലെ രാത്രി എട്ടു മണിയോടെയാണ്. എഴുപതിനായിരം രൂപ ആവശ്യപ്പെട്ടാണ് കുട്ടിയെ തട്ടിയെടുത്തെന്ന വിവരവും പൊലീസിന് കിട്ടി. തട്ടിക്കൊണ്ടു പോയവരില്‍ ഒരു ട്രാന്‍സ്ജെന്‍ഡറുമുണ്ടെന്ന വിവരം നിര്‍ണായകമായി. തുടര്‍ന്ന് സ്റ്റേഷന്‍ ക്രൈം ഗ്യാലറിയില്‍ നിന്ന് സംശയമുളളവരുടെ ചിത്രങ്ങളില്‍ നിന്ന് കുട്ടിയുടെ അമ്മ റിങ്കി എന്ന ട്രാന്‍സ്ജെന്‍ഡറിനെ തിരിച്ചറിഞ്ഞു.

റിങ്കിയുടെ താമസ സ്ഥലത്തേക്ക് പൊലീസ് എത്തുമ്പോഴേക്കും അവര്‍ കുട്ടിയുമായി കടന്നിരുന്നു. തുടര്‍ന്ന് സിസിടിവി ദൃശ്യങ്ങളുടെ സഹായത്തോടെ നടത്തിയ അന്വേഷണത്തിലാണ് കുട്ടിയുമായി സംഘം തൃശൂര്‍ ഭാഗത്തേക്ക് കടന്നെന്ന് വ്യക്തമായതും ഇവരെ പിന്തുടര്‍ന്നെത്തിയ പൊലീസ് കൊരട്ടിയില്‍ നിന്ന് കുട്ടിയെ കണ്ടെത്തിയതും. റിങ്കിയുടെ സുഹൃത്തായ ആസാം സ്വദേശി റാഷിദുല്‍ ഹഖും പിടിയിലായിട്ടുണ്ട്. കുട്ടിയെ ആസാമിലേക്ക് കൊണ്ടു പോവുകയായിരുന്നു ലക്ഷ്യമെന്ന് പ്രതികള്‍ പൊലീസിനോട് പറഞ്ഞു. പ്രതികളെ കോടതി രണ്ടാഴ്ചത്തേക്ക് റിമാന്‍ഡ് ചെയ്തു.

Asianet News Live | Malayalam News Live | Kerala News | ഏഷ്യാനെറ്റ് ന്യൂസ് | Latest News Updates