തിരുവനന്തപുരം: സംസ്ഥാനത്ത് കൊവിഡ് സ്ഥിരീകരിച്ച 962 പേരിൽ ഏറ്റവും കൂടുതൽ രോഗബാധിതര്‍ ഇന്നും തിരുവനന്തപുരം ജില്ലയിൽ. 205 പേര്‍ക്കാണ് ഇന്ന് ജില്ലയിൽ രോഗബാധയുണ്ടായത്. മൂന്ന് ജില്ലകളിൽ ഇന്ന് നൂറിന് മുകളിൽ കൊവിഡ് രോഗികളുണ്ട്. തിരുവനന്തപുരം ജില്ലയെ കൂടാതെ എറണാകുളം, ആലപ്പുഴ എന്നീ ജില്ലകളിലാണ് ഇന്നും രോ​ഗികൾ നൂറ് കടന്നത്. 

അതേസമയം, തിരുവനന്തപുരത്ത് ഇന്ന് രോ​ഗബാധിതരേക്കാൾ കൂടുതൽ രോ​ഗമുക്തരാണ്. 253 പേർക്കാണ് ഇന്ന് കൊവിഡ് നെഗറ്റീവായത്. എറണാകുളത്ത് 106 പേർക്കും ആലപ്പുഴയിൽ 101 പേർക്കുമാണ് രോഗബാധയുണ്ടായത്. തൃശൂർ 85, മലപ്പുറം 85, കാസർകോട് 66, പാലക്കാട് 59, കൊല്ലം 57, കണ്ണൂർ 37, പത്തനംതിട്ട 36, കോട്ടയം 35, കോഴിക്കോട് 33, വയനാട് 31, ഇടുക്കി 26 എന്നിങ്ങനെയാണ് മറ്റ് ജില്ലകളിലെ കണക്കുകള്‍.

ലാർജ് ക്ലസ്റ്ററുകളുടെ എണ്ണം വർധിക്കുന്ന സാഹചര്യമാണ് തിരുവനന്തപുരത്തുള്ളതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. പൂന്തുറ, പുല്ലുവിള, പുതുക്കുറുച്ചി, വിഴിഞ്ഞം, പാറശാല, പെരുമാതുറ, കാരോട് തുടങ്ങി 13 ലാർജ് ക്ലസ്റ്ററുകളുണ്ട്. ജില്ലയിൽ ഇന്ന് രണ്ട് പോസിറ്റീവ് മാത്രമാണ് പുറത്ത് നിന്ന് വന്നത്. 192 പേർക്കും സമ്പർക്കം. അഞ്ച് പേരുടെ ഉറവിടം അറിയില്ല. സ്ഥിതി ഗുരുതരമാണെന്നും മുഖ്യമന്ത്രി പറഞ്ഞു,

എറണാകുളത്ത് ആലുവ ക്ലസ്റ്ററിൽ ചൂർണ്ണിക്കര, എടത്തല പ്രദേശങ്ങളിൽ രോഗവ്യാപനം ശക്തം. നെല്ലിക്കുഴി, കോട്ടപ്പടി എന്നിവിടങ്ങളിലും കൂടുതൽ പേർക്ക് സമ്പർക്കത്തിലൂടെ രോഗം കണ്ടെത്തി. ഇന്ന് 78 പേർക്ക് സമ്പർക്ക വ്യാപനമാണ്. പശ്ചിമ കൊച്ചിയിൽ ലോക്ക്ഡൗൺ പ്രഖ്യാപിച്ചു. തൃക്കാകര കരുണാലയം ആക്ടീവ് ക്ലസ്റ്ററായി തുടരുന്നു. ജില്ലയിലെ മഠങ്ങളിലും വൃദ്ധസദനങ്ങളിലും രോഗവ്യാപനത്തെ ഗുരുതരമായി കാണുന്നുവെന്നും മുഖ്യമന്ത്രി പറഞ്ഞു.

കൊവിഡ് ബാധിച്ച് സംസ്ഥാനത്ത് ഇന്ന് രണ്ടുമരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്‍തു. തിരുവനന്തപുരം പെരുമ്പഴുതൂർ സ്വദേശി ക്ലീറ്റസ് 68, ആലപ്പുഴ നൂറനാട് സ്വദേശി ശശിധരൻ 58 എന്നിവരാണ് മരിച്ചത്.