കോഴിക്കോട്: പക്ഷിപ്പനി സ്ഥിരീകരിച്ച കോഴിക്കോട്ടെ വേങ്ങേരിയിലും കൊടിയത്തൂരിലുമായി  2058 വളർത്തു പക്ഷികളെ കൊന്നു. ഇന്നലെ 1700 പക്ഷികളെ കൊന്നിരുന്നു. കോഴികൾ, താറാവ്, വളര്‍ത്ത് പക്ഷികൾ എന്നിവയെയാണ് നശിപ്പിച്ചത്. രോഗം സ്ഥിരീകരിച്ചതിന് ഒരു കിലോമീറ്റർ പരിധിയിലുള്ള പക്ഷികളെ നശിപ്പിക്കുന്നത്. ദേശാടന പക്ഷികളിൽ നിന്നാവാം പക്ഷിപ്പനി വന്നതെന്നാണ് മൃഗസംരക്ഷണ വകുപ്പിന്‍റെ പ്രാഥമിക നിഗമനം.

അതേസമയം പക്ഷിപ്പനി നിർമ്മാർജനത്തിനായി കൂടുതൽ സംഘങ്ങളെ നിയോഗിക്കാൻ തീരുമാനിച്ചു. വളർത്തു പക്ഷികളെ കൊന്ന് കത്തിക്കാൻ പുതിയതായി 22 സംഘങ്ങളെയാണ് നിയോഗിക്കുക. പക്ഷിപ്പനി ബാധിത മേഖലകളായ കോഴിക്കോട് വേങ്ങേരിയിലും കൊടിയത്തൂരിലും വളർത്തുപക്ഷികളെ കൊന്ന് കത്തിച്ച് കളയാൻ ഇന്നലെയാണ് ആരംഭിച്ചത്. മൂന്നു ദിവസം കൊണ്ട് 13,000 ത്തോളം വളർത്തു പക്ഷികളെ നശിപ്പിക്കാനായിരുന്നു പദ്ധതി. എന്നാൽ ഈ ചുരുങ്ങിയ ദിവസം കൊണ്ട് ഇത് പൂർത്തിയാക്കാനാവില്ല എന്നാണ് അധികൃതരുടെ നിഗമനം. 

ഇന്നലെ 1700 പക്ഷികളെ മാത്രമാണ് കൊന്നൊടുക്കാനായത്. അതുകൊണ്ടാണ് കൂടുതൽ സംഘങ്ങളെ നിയോഗിക്കാൻ തീരുമാനിച്ചത്. നിലവിൽ അഞ്ചുപേർ അടങ്ങുന്ന 25 സംഘങ്ങളാണ് പക്ഷികളെ കൊന്ന് കത്തിച്ച് കളയുന്ന പ്രവർത്തനത്തിൽ ഏർപ്പെട്ടിരിക്കുന്നത്. പുതുതായി 22 സംഘങ്ങൾ കൂടി രൂപീകരിക്കാനാണ് അധികൃതരുടെ തീരുമാനം. ഇത് സംബന്ധിച്ച് ഇന്ന് രാവിലെ കോഴിക്കോട് നടന്ന അവലോകന യോഗത്തിലാണ് തീരുമാനമാനമെടുത്തത്. 

കോഴിക്കോട്ടെ അയൽ ജില്ലകളിൽ നിന്ന് ഉദ്യോഗസ്ഥരെ കണ്ടെത്തി പുതിയ സംഘങ്ങൾ രൂപീകരിക്കാനാണ് തീരുമാനം. അടുത്തദിവസംതന്നെ ഈ സംഘങ്ങൾ രൂപീകരിച്ച് പ്രവർത്തനം തുടങ്ങും. പക്ഷിപ്പനി ബാധിത മേഖലയിലെ ഒരു കിലോമീറ്റർ ചുറ്റളവിൽ വളർത്തു പക്ഷികളെ മുഴുവൻ കൊന്നെടുക്കാനാണ് തീരുമാനം. അഞ്ചര അടി താഴ്ചയുള്ള കുഴികുത്തി പക്ഷികളെ കത്തിക്കുകയാണ് ചെയ്യുന്നത്. കോഴിക്കോട് കോർപ്പറേഷനിലും മുക്കം മുനിസിപ്പാലിറ്റിയിലും കോഴി ഫാമുകളും ചിക്കൻ സ്റ്റാളുകളും മുട്ട വിതരണ കേന്ദ്രങ്ങളും ഒരറിയിപ്പ് ഉണ്ടാകുന്നത് വരെ അടച്ചിട്ടിരിക്കുകയാണ്.