ദില്ലി: വര്‍ഷം തോറും വ്യാജ സർവകലാശാലകളുടെ പട്ടിക യുജിസി പുറത്തിറക്കാറുണ്ടെങ്കിലും അതിനുമേല്‍ യാതൊരു നടപടിയും സ്വീകരിക്കാറില്ല. യുജിസി ആക്ട് പ്രകാരം 1000 രൂപ പിഴമാത്രമാണ് ആകെയുള്ള ശിക്ഷ. ഉന്നതവിദ്യാഭ്യാസ രംഗത്തിന് തന്നെ നാണക്കേടുണ്ടാക്കുന്ന വ്യാജ സ‍ർവകലാശാലകൾക്കെതിരെ നടപടിയെടുക്കാന്‍ കർശനനിയമം കൊണ്ടു വരികയല്ലാതെ മറ്റുവഴിയില്ലെന്നാണ് നിയമവിദഗ്ധരുടെ അഭിപ്രായം.

രാജ്യത്തെ സ‍ർവകലാശാലകളുടെ പ്രവര്‍ത്തനം നിയന്ത്രിക്കുന്നത് യുജിസിയാണ്. യുജിസിയുടെ അംഗീകാരം ഉണ്ടായാല്‍ മാത്രമേ രാജ്യത്ത് ഒരു ഉന്നത വിദ്യാഭ്യാസ സ്ഥാപനത്തിന് പ്രവര്‍ത്തിക്കാനാകൂ. കേന്ദ്ര സര്‍വ്വകലാശാലകള്‍ക്കോ, യുജിസി അംഗീകരിച്ച സ്ഥാപനങ്ങൾക്കോ മാത്രമേ നിലവിൽ ബിരുദങ്ങൾ നൽകാനാകൂ. എന്നാല്‍ വ്യാജ സ‍‍ർവകലാശാലകള്‍ നിയമത്തെ വെല്ലുവിളിച്ച് സമാന്തരമായി യഥേഷ്ടം പ്രവര്‍ത്തിക്കുകയാണ്. ഇതിനിതിരെ യുജിസി ആകെ ചെയ്യുന്നത്, എല്ലാ കൊല്ലവും വ്യാജ സര്‍വ്വകലാശാലകളുടെ പട്ടിക പുറത്തിറക്കും എന്നത് മാത്രമാണ്. കഴിഞ്ഞ അഞ്ചുകൊല്ലമായി ഒരു കൊല്ലം പോലും മുടങ്ങാതെ പട്ടികയില്‍ ഇടംപിടിക്കുന്ന വ്യാജ സര്‍വകലാശാലകളും നിരവധിയാണ്. ശക്തമായ നിയമം മാത്രമാണ് വ്യാജന്‍മാരെ ഇല്ലാതാക്കാനുള്ള വഴിയെന്നാണ് നിയമ വിദഗ്ധര്‍ പറയുന്നത്.

ഈ വർഷവും യുജിസി വ്യാജന്‍മാരുടെ പട്ടിക പുറത്തിറക്കിയിട്ടുണ്ട്. രാജ്യത്ത‌് 23 വ്യാജ സർവകലാശാലകളാണ് ഈ വര്‍ഷത്തെ പട്ടികയിലുള്ളത്. ഏറ്റവും കൂടുതൽ ഉത്തർപ്രദേശിലാണ്, എട്ടെണ്ണം. തൊട്ടെടുത്ത് രാജ്യ തലസ്ഥാനമായ ദില്ലിയിലാണ്, എഴെണ്ണം. ഒഡിഷ, പശ്ചിമ ബംഗാൾ എന്നിവിടങ്ങളിൽ രണ്ടുവീതമാണ് ഉള്ളത്. കേരളത്തിലുമുണ്ട് ഒരു വ്യാജസര്‍വ്വകലാശാല. സെന്റ‌് ജോൺസ‌് യൂണിവേഴ‌്സിറ്റിയാണ് കേരളത്തിലുള്ള വ്യാജസര്‍വകലാശാല. കോഴ്സ് പാതി വഴിയില്‍ ഉപേക്ഷിക്കുന്നവരെയാണ് ഇത്തരം സര്‍വകലാശാലകള്‍ പിടികൂടുന്നത്. സ്വകാര്യ സ്ഥാപനങ്ങളില്‍ പേരിനൊരു ഡിഗ്രി, അതല്ലെങ്കില്‍ പെട്ടെന്നൊരു ജോലി. വ്യാജന്‍മാര്‍ക്ക് ഇഷ്ടംപോലെ അവസരമാണിന്നുള്ളത്.