കേരള ഗവൺമെന്റ് മെഡിക്കൽ ഓഫീസേഴ്സ് അസോസിയേഷന്റെ എതിർപ്പുകൾ തള്ളിക്കൊണ്ടാണ് ആരോഗ്യവകുപ്പ് പദ്ധതിയുമായി മുന്നോട്ടുപോകുന്നത്. പുതിയ തസ്തികകൾ സൃഷ്ടിക്കാതെ, പ്രധാന ആശുപത്രികളിലെ ആറ് സ്പെഷ്യാലിറ്റി വിഭാഗങ്ങളിൽ മുഴുവൻ സമയവും സേവനം ലഭ്യമാക്കുന്ന രീതിയിലാണ് പദ്ധതി വിഭാവനം ചെയ്തിരിക്കുന്നത്.
തിരുവനന്തപുരം: സംസ്ഥാനത്തെ സർക്കാർ ആശുപത്രികളിൽ 24 മണിക്കൂറും സ്പെഷ്യലിസ്റ്റ് സേവനം ഉറപ്പാക്കുന്ന പദ്ധതിയുടെ ഭാഗമായി ഡോക്ടർമാരുടെ പുനർവിന്യാസത്തിനുള്ള അന്തിമ രൂപരേഖയായി. കേരള ഗവൺമെന്റ് മെഡിക്കൽ ഓഫീസേഴ്സ് അസോസിയേഷന്റെ എതിർപ്പുകൾ തള്ളിക്കൊണ്ടാണ് ആരോഗ്യവകുപ്പ് പദ്ധതിയുമായി മുന്നോട്ടുപോകുന്നത്. പുതിയ തസ്തികകൾ സൃഷ്ടിക്കാതെ, പ്രധാന ആശുപത്രികളിലെ ആറ് സ്പെഷ്യാലിറ്റി വിഭാഗങ്ങളിൽ മുഴുവൻ സമയവും സേവനം ലഭ്യമാക്കുന്ന രീതിയിലാണ് പദ്ധതി വിഭാവനം ചെയ്തിരിക്കുന്നത്. പദ്ധതി ആദ്യമായി നടപ്പിലാക്കുന്ന പുനലൂരിൽ 15 സ്പെഷ്യലിസ്റ്റ് ഡോക്ടർമാരെയാണ് അധികമായി ആവശ്യമായി വരുന്നത്. കൊല്ലം ജില്ലയിൽ മാത്രം പ്രാഥമിക, സാമൂഹ്യ ആരോഗ്യകേന്ദ്രങ്ങളിൽ നിന്നുള്ള 74 ഡോക്ടർമാരെ പുനർവിന്യസിക്കും. കൂടാതെ, ആവശ്യാനുസരണം നഴ്സുമാരെയും മറ്റ് ജീവനക്കാരെയും മാറ്റി നിയമിക്കുകയും, ആവശ്യമെങ്കിൽ പാരിപ്പള്ളി മെഡിക്കൽ കോളേജിൽ നിന്നുള്ള സേവനം പ്രയോജനപ്പെടുത്തുകയും ചെയ്യും. ഈ മാതൃക പിന്നീട് സംസ്ഥാനത്തെ എല്ലാ ജില്ലകളിലേക്കും വ്യാപിപ്പിക്കും.
ഈ പദ്ധതിക്കായി പുതിയ തസ്തികകൾ സൃഷ്ടിക്കില്ലെങ്കിലും, പി.ജി യോഗ്യതയുള്ള അസിസ്റ്റന്റ് സർജന്മാരെ ജൂനിയർ കൺസൾട്ടന്റുമാരായി താത്കാലികമായി നിയമിക്കുകയും പിന്നീട് ഈ തസ്തികകൾ പുനർനാമകരണം ചെയ്യുകയും ചെയ്യും. പുനർവിന്യസിക്കുന്ന സ്പെഷ്യലിസ്റ്റുകൾക്ക് പകരമായി, ജോലിഭാരം കുറഞ്ഞ ആശുപത്രികളിൽ നിന്നും പുതുതായി നിയമിക്കുന്ന പി.ജി യോഗ്യതയുള്ള അസിസ്റ്റന്റ് സർജന്മാരിൽ നിന്നും ഡോക്ടർമാരെ കണ്ടെത്തി നിയമിക്കും. പൊതുജനങ്ങൾക്ക് മികച്ചതും തടസ്സമില്ലാത്തതുമായ ചികിത്സാ സൗകര്യങ്ങൾ ഉറപ്പാക്കുന്നതിനാണ് ആരോഗ്യവകുപ്പ് ഈ സമഗ്ര പുനർവിന്യാസ പദ്ധതി നടപ്പിലാക്കുന്നത്.

