ഫയർഫോഴ്സ് ഉദ്യോഗസ്ഥർ കുട്ടിയുടെ ശരീരത്തിൽ ഒരു പോറൽ പോലും ഏൽക്കാതെ അതീവ ജാഗ്രതയോടെ കലം മുറിച്ചുമാറ്റി. മണിക്കൂറുകൾ നീണ്ട ആശങ്കയ്ക്കൊടുവിൽ കുട്ടി സുരക്ഷിതനായി പുറത്തെത്തിയതോടെ കുടുംബാംഗങ്ങൾക്കും നാട്ടുകാർക്കും ആശ്വാസമായി.
മലപ്പുറം: കളിക്കുന്നതിനിടെ കലത്തിൽ കുടുങ്ങിപ്പോയ നാല് വയസുകാരന് രക്ഷകരായി ഫയർ ഫോഴ്സ്. മലപ്പുറത്തെ മൂർക്കനാട് സാംസ്കാരിക കേന്ദ്രത്തിന് സമീപം താമസിക്കുന്ന അമ്പായത്തിങ്ങൽ സാദിഖിന്റെ മകനാണ് അപകടത്തിൽപ്പെട്ടത്. വീടിനുള്ളിൽ കളിക്കുന്നതിനിടെ കൗതുകത്തിന് സ്റ്റീൽ കലത്തിൽ കയറാൻ ശ്രമിച്ച കുട്ടി അതിനുള്ളിൽ കുടുങ്ങിപ്പോവുകയായിരുന്നു.
വീട്ടുകാരും നാട്ടുകാരും കുട്ടിയെ പുറത്തെടുക്കാൻ പരമാവധി ശ്രമിച്ചെങ്കിലും പരാജയപ്പെട്ടു. തുടർന്ന് ഉടൻ തന്നെ തിരുവാലി ഫയർഫോഴ്സിനെ വിവരം അറിയിച്ചു. സ്ഥലത്തെത്തിയ ഫയർഫോഴ്സ് ഉദ്യോഗസ്ഥർ കുട്ടിയുടെ ശരീരത്തിൽ ഒരു പോറൽ പോലും ഏൽക്കാതെ അതീവ ജാഗ്രതയോടെ കലം മുറിച്ചുമാറ്റി. മണിക്കൂറുകൾ നീണ്ട ആശങ്കയ്ക്കൊടുവിൽ കുട്ടി സുരക്ഷിതനായി പുറത്തെത്തിയതോടെ കുടുംബാംഗങ്ങൾക്കും നാട്ടുകാർക്കും ആശ്വാസമായി. കുട്ടിക്ക് പരിക്കേൽക്കാതെ കലം മുറിച്ചുമാറ്റുക എന്നതായിരുന്നു ഏറ്റവും വലിയ വെല്ലുവിളിയെന്നും കൃത്യമായ പ്ലാനിംഗിലൂടെ അത് വിജയകരമായി പൂർത്തിയാക്കിയെന്നും ഫയർ ഫോഴ്സ് ഉദ്യോഗസ്ഥർ പറഞ്ഞു.
