Asianet News MalayalamAsianet News Malayalam

പൊലീസുകാർക്ക് കൊവിഡ്; മാനന്തവാടി പൊലീസ് സ്റ്റേഷനിൽ പൊതുജനങ്ങൾക്ക് പ്രവേശനമില്ല, 24 പൊലീസുകാർ ക്വാറന്റൈനിൽ

പിപിഇ കിറ്റ് ധരിച്ച രണ്ടു പൊലീസുകാരും ഒരു ആരോഗ്യപ്രവർത്തകനും മാത്രമാണ് നാളെ മുതൽ സ്റ്റേഷനിൽ ഉണ്ടാവുക. ഒഴിവാക്കാനാകാത്ത നടപടികൾ തീർക്കാനാണ് ഈ സംവിധാനം.
 

24 policemen in mananthavadi entered covid quarantine
Author
Wayanad, First Published May 13, 2020, 10:44 PM IST

വയനാട്:  മാനന്തവാടി പൊലീസ് സ്റ്റേഷനിലെ രണ്ട് പൊലീസുകാർക്ക് ഇന്ന് കൊവിഡ് സ്ഥിരീകരിച്ച സാഹചര്യത്തിൽ സ്റ്റേഷനിലെ 24 പൊലീസുകാരും ക്വാറന്റൈനിലായി. എല്ലാവരുടെയും സാമ്പിൾ നേരത്തെ പരിശോധനയ്ക്ക് അയച്ചിരുന്നു. നാളെ മുതൽ സ്റ്റേഷനിലേക്ക് പൊതുജനങ്ങൾക്ക് പ്രവേശനമില്ല. പിപിഇ കിറ്റ് ധരിച്ച രണ്ടു പൊലീസുകാരും ഒരു ആരോഗ്യപ്രവർത്തകനും മാത്രമാണ് നാളെ മുതൽ സ്റ്റേഷനിൽ ഉണ്ടാവുക. ഒഴിവാക്കാനാകാത്ത നടപടികൾ തീർക്കാനാണ് ഈ സംവിധാനം.

നാളെ സ്റ്റേഷൻ സമ്പൂർണമായി അണുവിമുക്തമാക്കും. പരാതികൾ നൽകാൻ സമീപത്തെ പൊലീസ് സ്റ്റേഷനെ ആശ്രയിക്കണം. ഇമെയിൽ വഴിയും പരാതി നല്കാവുന്നതാണ്.  അഡീഷണൽ എസ്പിക്ക് പ്ര‌ത്യേക ചുമതല നൽകിയിട്ടുണ്ട്. 

വയനാട്ടില്‍ കൊവിഡ് രോഗബാധിതരുടെ എണ്ണം കുത്തനെ കൂടുകയാണ്. കോയമ്പേട് മാർക്കറ്റില്‍ പോയി വന്ന ട്രക്ക് ഡ്രൈവറില്‍ നിന്നും രോഗം ബാധിച്ചവരുടെ എണ്ണം ഇന്നത്തോടെ പത്തായി ഉയർന്നു. ഇയാളില്‍ നിന്നും രോഗം പകർന്നയാളുമായി സമ്പർക്കത്തിലേർപ്പെട്ട പൊലീസുകാർക്കാണ് ഇന്ന് രോ​ഗം സ്ഥിരീകരിച്ചത്.  ഇവർ മലപ്പുറം, കണ്ണൂർ സ്വദേശികളാണ്. സംസ്ഥാനത്താദ്യമായാണ് പോലീസുദ്യോഗസ്ഥർക്ക് രോഗം സ്ഥിരീകരിക്കുന്നത്.

ജില്ലയില്‍ കോയമ്പേട് ക്ലസ്റ്ററില്‍ നിന്നുള്ള രോഗവ്യാപനം തുടരുകയാണ്. ചെന്നൈയില്‍ പോയിവന്ന ട്രക്ക് ഡ്രൈവറില്‍ നിന്നും രോഗം പകർന്നവരുടെ എണ്ണം പത്തായി. ഇന്ന് രോഗം സ്ഥിരീകരിച്ചത് 4 പേർക്കാണ്. ട്രക്ക് ഡ്രൈവറുടെ മകളും അഞ്ചു വയസുള്ള പേരക്കുട്ടിയുമാണ് രോഗം ബാധിച്ച മറ്റു രണ്ടു പേർ. ഇതോടെ ഇയാളുടെ കുടുംബത്തിലെ 5 പേർക്ക് രോഗം സ്ഥിരീകരിച്ചു. ഇന്ന് രോഗം സ്ഥിരീകരിച്ച എല്ലാവരും നേരത്തെ തയാറാക്കിയ സമ്പർക്കപ്പട്ടികയിലുള്ളവരാണെന്നും ആശങ്കപ്പെടേണ്ടതില്ലെന്നും ജില്ലാ കളക്ടർ അറിയിച്ചു.  

അതേസമയം രോഗികളുടെ എണ്ണം കുത്തനെ കൂടുന്നതും , ഉദ്യോഗസ്ഥർക്കടക്കം രോഗം ബാധിക്കുന്നതും ആളുകൾക്കിടയില്‍ ആശങ്ക ഉയർത്തിയിട്ടുണ്ട്. ജില്ലയില്‍വച്ച് ഇതുവരെ 15 പേർക്കാണ് രോഗം പകർന്നത്. ഇതില്‍ 12 പേരാണ് നിലവില്‍ ചികിത്സയിലുള്ളത്. 3 പേർ നേരത്തെ ചികിത്സ പൂർത്തിയാക്കി മടങ്ങിയിരുന്നു. നിലവില്‍  9 പേർ രോഗലക്ഷണങ്ങളോടെ ആശുപത്രിയില്‍ നിരീക്ഷണത്തിലാണ്. 


 

Follow Us:
Download App:
  • android
  • ios