തിരുവനന്തപുരത്തെ പനച്ചമൂടിൽ സിവിൽ സപ്ലൈസ് വകുപ്പ് നടത്തിയ മിന്നൽ പരിശോധനയിൽ 246 ചാക്ക് റേഷൻ ഭക്ഷ്യധാന്യങ്ങൾ പിടിച്ചെടുത്തു. സ്വകാര്യ ഗോഡൗണുകളിലും തമിഴ്‌നാട് രജിസ്‌ട്രേഷൻ ലോറിയിലുമായി കരിഞ്ചന്തയിൽ വിൽക്കാൻ സൂക്ഷിച്ചിരുന്ന അരിയും ഗോതമ്പുമാണ് പിടികൂടിയത്. സംഭവത്തിൽ അവശ്യസാധന നിയമപ്രകാരം കർശന നടപടി സ്വീകരിക്കുമെന്ന് അധികൃതർ അറിയിച്ചു.
തിരുവനന്തപുരം: പനച്ചമൂടിലും പരിസരപ്രദേശങ്ങളിലുമുള്ള സ്വകാര്യ ഗോഡൗണുകളിൽ സിവിൽ സപ്ലൈസ് വകുപ്പ് നടത്തിയ മിന്നൽ പരിശോധനയിൽ 246 ചാക്ക് റേഷൻ ഭക്ഷ്യധാന്യങ്ങൾ പിടിച്ചെടുത്തു. അർധരാത്രി വരെ നീണ്ട പരിശോധനയിൽ, പനച്ചമൂട് അൽ അമീൻ ട്രേഡേഴ്‌സ് കോമ്പൗണ്ടിൽ നിർത്തിയിട്ടിരുന്ന തമിഴ്‌നാട് രജിസ്‌ട്രേഷൻ ലോറിയിൽ കടത്താൻ ശ്രമിച്ച 101 ചാക്ക് (5,050 കിലോ) പുഴുക്കലരി, 25 ചാക്ക് (1,250 കിലോ) കുത്തരി, 55 ചാക്ക് (2,750 കിലോ) ഗോതമ്പ് എന്നിവയാണ് സംഘം പിടികൂടിയത്. പിടിച്ചെടുത്ത ഭക്ഷ്യധാന്യങ്ങളും ലോറിയും മഹസ്സർ റിപ്പോർട്ട് സഹിതം വെള്ളറട പോലീസിന് കൈമാറി.
പനച്ചമൂട് പഞ്ചായത്ത് ഓഫീസിന് സമീപമുള്ള എസ്.എൻ.എസ് ഗ്രോസറി ട്രേഡിങ് എന്ന സ്ഥാപനത്തിൽ അനധികൃതമായി റേഷൻ അരി സംഭരിച്ചിട്ടുണ്ടെന്ന രഹസ്യവിവരത്തെ തുടർന്നാണ് പരിശോധന നടന്നത്. സ്ഥാപനം പൂട്ടിയ നിലയിലായിരുന്നതിനാൽ ഉടമയോട് എത്താൻ ആവശ്യപ്പെട്ടെങ്കിലും തയാറായില്ല. തുടർന്ന് വാർഡ് മെമ്പർ ശശിധരൻ, വില്ലേജ് ഓഫീസർ എന്നിവരുടെ സാന്നിധ്യത്തിൽ പൂട്ട് പൊളിച്ച് അകത്തുകയറി നടത്തിയ പരിശോധനയിൽ രേഖകളില്ലാത്ത 142 ചാക്ക് പുഴുക്കലരിയും 15 ചാക്ക് കുത്തരിയും 8 ചാക്ക് ഗോതമ്പും 6,750 രൂപയും കണ്ടെത്തി. കാലിത്തീറ്റ, രാസവളം എന്നിവയുടെ പഴയ ചാക്കുകളിലാണ് ഭക്ഷ്യധാന്യങ്ങൾ സൂക്ഷിച്ചിരുന്നത്.
പിടിച്ചെടുത്ത ധാന്യങ്ങൾ സുരക്ഷിതമായി സൂക്ഷിക്കാൻ അമരവിളയിലെ സപ്ലൈകോ എൻ.എഫ്.എസ്.എ ഗോഡൗണിലേക്ക് മാറ്റി. അവശ്യസാധന നിയമപ്രകാരം കർശന നടപടികൾ സ്വീകരിക്കുന്നതിനായി തിരുവനന്തപുരം ജില്ലാ കളക്ടർക്ക് റിപ്പോർട്ട് സമർപ്പിച്ചിട്ടുണ്ട്. റേഷനിങ് കൺട്രോളർ സി.വി. മോഹൻകുമാർ, ദക്ഷിണ മേഖല ഡെപ്യൂട്ടി റേഷനിങ് കൺട്രോളർ എ. സജാദ്, ജില്ലാ സപ്ലൈ ഓഫീസർ സ്മിത എസ്.ആർ. എന്നിവരുടെ നേതൃത്വത്തിലായിരുന്നു മിന്നൽ പരിശോധന. റേഷൻ ധാന്യങ്ങൾ കരിഞ്ചന്തയിൽ മറിച്ചുവിൽക്കുന്നവർക്കെതിരെ വിട്ടുവീഴ്ചയില്ലാത്ത നടപടിയുണ്ടാകുമെന്ന് മന്ത്രി അനൂപ് ജേക്കബ് മുന്നറിയിപ്പ് നൽകി.


