തിരുവനന്തപുരം: ബിനീഷ് കോടിയേരിയുമായുള്ളത് 25 വർഷത്തെ ബന്ധമെന്ന് ബിസിനസ് പങ്കാളിയായ ആനന്ദിന്റെ അച്ഛൻ കെ പദ്‌മനാഭൻ. ബിനീഷിന്റെ ബിനാമിയല്ല ആനന്ദെന്നും അദ്ദേഹം വ്യക്തമാക്കി. ആനന്ദിനൊപ്പം ഓൾഡ് കോഫി ഹൗസ് ബിസിനസിന് വേണ്ടി ബിനീഷ് മുടക്കിയത് 15 ലക്ഷം രൂപയാണ്. ബിനീഷ് ബാങ്ക് വായ്പ മുടക്കിയതിന് ജപ്തി നോട്ടീസ് വന്നു. ബിനീഷുമായി 25 വർഷത്തെ ബന്ധമുണ്ട്. നിയമപരമായുള്ളതാണ് ബിനീഷുമായുള്ള ബിസിനസ് പങ്കാളിത്തമെന്നും അദ്ദേഹം പറഞ്ഞു. 

ഇന്ന് എൻഫോഴ്സ്മെന്റ് വിഭാഗം ആനന്ദിന്റേതടക്കം ബിനീഷുമായി ബിസിനസ് ബന്ധമുള്ള പലരുടെയും വീടുകൾ റെയ്ഡ് ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് പദ്മനാഭൻ വിഷയത്തിൽ പ്രതികരിച്ചത്. ബിനീഷ് കോടിയേരിയുടെ തിരുവനന്തപുരത്തെ വീടിന് പുറമെ അരുൺ വർഗീസ്, അബ്ദുൾ ജബ്ബാർ, കാർ പാലസ് ഉടമ അബ്ദുൾ ലത്തീഫ് എന്നിവരുടെ വീടുകളിലും, കാ‍ർ പാലസിന‍്‍റെ ഓഫീസിലും ഓൾഡ് കോഫി ഹൗസ് പാർട്ണർ ആനന്ദ് പദ്മനാഭന്‍റെ കുടപ്പനകുന്നിലെ വീട്ടിലും, തലശ്ശേരിയിലുമാണ് ബംഗളൂരുവില്‍ നിന്നുള്ള ഇഡി സംഘം റെയ്ഡ് നടത്തുന്നത്. ബിനീഷ് കോടിയേരിയുടെ സുഹൃത്ത് അനസിന്‍റെ വീട്ടിലും അന്വേഷണ സംഘം പരിശോധന നടത്തുന്നുണ്ട്.