കേരളത്തെ നടുക്കിയ ആലുവ കൂട്ടക്കൊല നടന്നിട്ട് 25 വർഷം തികയുകയാണ് ഇന്ന്. ഒരു കുടുംബത്തിലെ ആറു പേരെ ഒരാൾ ഒറ്റയ്ക്ക് കൊന്നുവെന്ന പൊലീസ് കണ്ടെത്തൽ നടുക്കത്തോടെയാണ് കേരളം കേട്ടത്. പ്രതി ആന്‍റണി ശിക്ഷാകാലാവധി കഴിഞ്ഞ് പുറത്തിറങ്ങി.

കൊച്ചി: കേരളത്തെ നടുക്കിയ ആലുവ കൂട്ടക്കൊല നടന്നിട്ട് 25 വർഷം തികയുകയാണ് ഇന്ന്. ഒരു കുടുംബത്തിലെ ആറു പേരെ ഒരാൾ ഒറ്റയ്ക്ക് കൊന്നുവെന്ന പൊലീസ് കണ്ടെത്തൽ നടുക്കത്തോടെയാണ് കേരളം കേട്ടത്. കാൽ നൂറ്റാണ്ടിനിപ്പുറവും ഒരുപാട് പേരുടെ മനസുകളിൽ ഉത്തരം കിട്ടാത്ത ചോദ്യങ്ങള്‍ ബാക്കിയാക്കുന്നുണ്ട് ആലുവ കൂട്ടക്കൊല കേസ്. 2001 ജനുവരി ആറിന് ഒരു കുടുംബത്തിലെ ആറു പേര്‍ മരിച്ചു കിടക്കുന്നെന്ന വാര്‍ത്തയാണ് ആലുവാ പട്ടണം അന്നാദ്യം കേട്ടത്. നഗരത്തിലെ വ്യവസായി മാഞ്ഞൂരാന്‍ അഗസ്റ്റിന്‍, ഭാര്യ ബേബി, മക്കളായ ജോമോന്‍, ദിവ്യ,അഗസ്റ്റിന്‍റെ അമ്മ ക്ലാര, സഹോദരി കൊച്ചു റാണി എന്നിവരാണ് മരിച്ചത്. ഇവരുടെ മരണം കൂട്ടക്കൊലപാതകമാണെന്ന പൊലീസ് കണ്ടെത്തല്‍ കേരളത്തെ നടുക്കി. കൊലപാതകം നടന്ന് ദിവസങ്ങള്‍ പിന്നിട്ടിട്ടും കാര്യമായ തെളിവൊന്നും പൊലീസിന് കിട്ടിയില്ല. അയല്‍വാസികളുടെയെല്ലാം മൊഴികള്‍ വീണ്ടും വീണ്ടും രേഖപ്പെടുത്തുന്നതിനിടെ തോന്നിയ നേരിയൊരു സംശയത്തില്‍ നിന്നാണ് പൊലീസ് കൊല്ലപ്പെട്ടവരുടെ കുടുംബ സുഹൃത്തും അകന്ന ബന്ധുവുമായിരുന്ന ആന്‍റണിയിലേക്ക് എത്തുന്നത്. അപ്പോഴേക്കും ആന്‍റണി ഗള്‍ഫിലേക്ക് കടന്നിരുന്നു.

ആന്‍റണിയുടെ ഭാര്യ ജെമിയെ ഉപയോഗിച്ച് ആന്‍റണിയെ തന്ത്രപൂര്‍വം നാട്ടിലെത്തിച്ച് കസ്റ്റഡിയിലെടുത്ത പൊലീസ് ഒരാഴ്ചയിലേറെ നീണ്ട ചോദ്യം ചെയ്യലിനൊടുവിലാണ് കേസ് തെളിയിച്ചത്. കൊലപാതകം നടന്ന് ഒരു മാസത്തിനുശേഷം 2001 ഫെബ്രുവരി 18ന് ആലുവ നഗരസഭയിലെ ഡ്രൈവറായിരുന്ന ആന്‍റണി ഗള്‍ഫില്‍ വിസയ്ക്കായി ശ്രമിച്ചിരുന്നു. എന്നാല്‍, പണം കണ്ടെത്താന്‍ കഴിഞ്ഞില്ല. ബന്ധുവായ കൊച്ചുറാണി പണം നല്‍കാമെന്ന് സമ്മതിച്ചെങ്കിലും അവസാന നിമിഷം പിന്‍മാറി. സഹോദരനായ മാഞ്ഞൂരാന്‍ അഗസ്റ്റിനും കുടുംബത്തിനൊപ്പമായിരുന്നു കൊച്ചുറാണിയുടെ താമസം. കൊലപാതകം നടന്ന ജനുവരി ഏഴിന് ഈ വീട്ടില്‍ ആന്‍റണി എത്തുമ്പോള്‍ മാഞ്ഞൂരാന്‍ അഗസ്റ്റിനും ഭാര്യയും മക്കളും സിനിമയ്ക്ക് പോകാന്‍ ഒരുങ്ങുകയായിരുന്നു. ഇവര്‍ സിനിമയ്ക്ക് പോയതിനു പിന്നാലെ പണത്തിന്‍റെ പേരില്‍ കൊച്ചുറാണിയും ആന്‍റണിയും തമ്മില്‍ വാക്കുതര്‍ക്കമുണ്ടായി. ഈ വാക്കുതര്‍ക്കത്തിനൊടുവില്‍ ആന്‍റണി കൊച്ചുറാണിയെ വാക്കത്തിക്കൊണ്ട് വെട്ടിക്കൊന്നു. ശബ്ദം കേട്ട് ഓടിയെത്തിയ അമ്മ ക്ലാരയെയും തലയ്ക്കടിച്ചു കൊന്നു. എന്നാല്‍, അഗസ്റ്റിനും കുടുംബവും തന്നെക്കണ്ടിരുന്നതിനാല്‍ താന്‍ പിടിക്കപ്പെടുമെന്ന പേടിയില്‍ അവരെയും കൊല്ലാന്‍ ആന്‍റണി തീരുമാനിച്ചു. അങ്ങനെ അവര്‍ സിനിമ കഴിഞ്ഞു വരുന്നതുവരെ വീടിനുളളില്‍ കാത്തിരുന്ന ആന്‍റണി വീട്ടിലെത്തിയ അഗസ്റ്റിനെയും ഭാര്യയെയും മക്കളെയും കോടാലി കൊണ്ട് തലയ്ക്കടിച്ചു കൊന്നശേഷം കടന്നു കളഞ്ഞു. ഇതായിരുന്നു പൊലീസ് അന്വേഷണത്തിലെ കണ്ടെത്തൽ.

എന്നാല്‍, ഒരാള്‍ ഒറ്റയ്ക്ക് ആറു പേരെ കൊന്നെന്ന പൊലീസ് കണ്ടെത്തല്‍ നാട്ടുകാര്‍ക്കും ബന്ധുക്കള്‍ക്കും പോലും അവിശ്വസനീയമായിരുന്നു. കൊല്ലപ്പെട്ട മാഞ്ഞൂരാന്‍ അഗസ്റ്റിന് ബിസിനസ് രംഗത്ത് ശത്രുതയുണ്ടോയെന്ന കാര്യത്തിലടക്കം പൊലീസ് അന്വേഷണം ഉണ്ടായില്ലെന്ന വിമര്‍ശനവും ഉയര്‍ന്നു. അങ്ങനെയാണ് സിബിഐ അന്വേഷണത്തിനുളള മുറവിളി ഉയര്‍ന്നതും കേസ് സിബിഐ ഏറ്റെടുത്തതും. പക്ഷേ ലോക്കല്‍ പൊലീസിന്‍റെ കണ്ടെത്തലുകളെല്ലാം ശരിവയ്ക്കുന്നതായിരുന്നു സിബിഐയുടെയും അന്വേഷണ റിപ്പോര്‍ട്ട്. അങ്ങനെ 2005 ഫെബ്രുവരിയില്‍ കൊച്ചിയിലെ സിബിഐ കോടതി ആന്‍റണിക്ക് വധശിക്ഷ വിധിച്ചു. ഹൈക്കോടതി ആ ഉത്തരവ് ശരിവെയ്ക്കുകയും ചെയ്തു.

13 വര്‍ഷത്തിനുശേഷം 2018ല്‍ സുപ്രീംകോടതി ആന്‍റണിയുടെ വധശിക്ഷ ജീവപര്യന്തമായി ഇളവു ചെയ്തു. പൂജപ്പുര സെന്‍ട്രല്‍ ജയലിലായിരുന്ന ആന്‍റണി അടുത്തിടെ ശിക്ഷാ കാലാവധി പൂര്‍ത്തിയാക്കി ജയിലില്‍ നിന്ന് പുറത്തിറങ്ങി. പിന്നെ പൊതുസമൂഹത്തിനു മുന്നിലേക്ക് ആന്‍റണി വന്നിട്ടില്ല. കൂട്ട കൊലപാതകം നടന്ന മാഞ്ഞൂരാന്‍ വീട് ഇന്നില്ല. അത് പൊളിച്ചു നീക്കി അവിടെയൊരു വലിയ ഷോപ്പിംഗ് കോംപ്ലക്സ് ഉയര്‍ന്നു. കാൽറ്റാണ്ടിനിപ്പുറമിപ്പോഴും കേള്‍ക്കുന്നവരെയെല്ലാം ഭയപ്പെടുത്തുന്നൊരോര്‍മയായി ആലുവ കൂട്ടക്കൊല അവശേഷിക്കുന്നു.

YouTube video player