വടകരയിലെ 26 കിലോ സ്വർണതട്ടിപ്പ്; 4.5 കിലോ സ്വർണം കണ്ടെത്തി; പ്രതി തിരുപ്പൂരിലെ ബാങ്കിൽ പണയം വെച്ചു
കാർത്തിയുടെ സുഹൃത്താണ് പ്രതി മധ ജയകുമാർ. ഇനി 21.5 കിലോ സ്വർണ്ണം കൂടിയാണ് കണ്ടെത്താനുള്ളതെന്ന് പൊലീസ് വ്യക്തമാക്കി.
കോഴിക്കോട്: വടകരയിലെ ബാങ്ക് ഓഫ് മഹാരാഷ്ട്ര ബ്രാഞ്ചിൽ നിന്ന് മുൻ മാനേജർ കവർന്ന 26 കിലോ സ്വർണത്തിൽ നാലര കിലോ സ്വർണം കണ്ടെത്തി. തമിഴ്നാട് തിരുപൂരിലെ ഡിബിഎസ് ബാങ്ക് ശാഖയിൽ നിന്നാണ് സ്വർണ്ണം കണ്ടെത്തിയത്. കവർച്ചക്കേസ് പ്രതി മധ ജയകുമാർ സ്വർണ്ണം ഇവിടെ പണയം വയ്ക്കുകയായിരുന്നു. കാർത്തി എന്നയാളുമായി ചേർന്നാണ് പണയം വച്ചത്. കാർത്തിയുടെ സുഹൃത്താണ് പ്രതി മധ ജയകുമാർ. ഇനി 21.5 കിലോ സ്വർണ്ണം കൂടിയാണ് കണ്ടെത്താനുള്ളതെന്ന് പൊലീസ് വ്യക്തമാക്കി. പ്രതി മുന്‍ മാനേജര്‍ മധ ജയകുമാറിനെ തമിഴ്നാട്ടിലെത്തിച്ച് തെളിവെടുപ്പ് തുടരുകയാണ്.
അതേ സമയം, ബാങ്ക് ഓഫ് മഹാരാഷ്ട്ര വടകര ശാഖയിലെ സ്വർണ മോഷണത്തിലെ പ്രതി മുൻ മാനേജർ മധ ജയകുമാർ പണം ഉപയോഗിച്ചത് ഓൺലൈൻ ട്രേഡിങ്ങിനെന്ന് പൊലീസ് കണ്ടെത്തി. 26 കിലോ സ്വർണ്ണം വിവിധ ഘട്ടങ്ങളിലായാണ് മോഷ്ടിച്ചത്. സ്വകാര്യ ഇൻഷുറൻസ് സ്ഥാപനത്തിലെ ജീവനക്കാരനുമായി ചേർന്നാണ് ഇയാൾ ഓൺലൈൻ ട്രേഡിങ് നടത്തിയത്. ഓൺലൈൻ ട്രേഡിങ്ങിൽ മധ ജയകുമാറിന്‍റെ ഭാര്യയും പങ്കാളിയാണ്. ഇൻഷുറൻസ് ജീവനക്കാരനെയും ഭാര്യയെയും പൊലീസ് ചോദ്യം ചെയ്യുമെന്നും പൊലീസ് അറിയിച്ചു.
സ്വർണ്ണം മോഷ്ടിച്ചു കടന്ന് കളഞ്ഞ മധ ജയകുമാറിനെ കഴിഞ്ഞ ദിവസം തെnങ്കാനയിൽ നിന്നാണ് പിടികൂടിയത്. തുടർന്ന് കൊയിലാണ്ടി മജിസ്‌ട്രേറ്റിന് മുന്നിൽ ഹാജരാക്കി റിമാന്റ് ചെയ്തു. സ്വകാര്യ ധനകാര്യ സ്ഥാപനം ബാങ്കിൽ പണയം വെച്ച 26 കിലോ സ്വർണ്ണമാണ് ബാങ്ക് മാനേജർ കൂടിയായ പ്രതി കവർന്നത്. പ്രതി മധ ജയകുമാർ പകരം വെച്ച 26 കിലോ വ്യാജ സ്വർണ്ണം പൊലീസ് കഴിഞ്ഞ ദിവസം കസ്റ്റഡിയിലെടുത്തിരുന്നു. പ്രതി മധ ജയകുമാറിന് തമിഴ്നാട്ടിൽ ഹോട്ടൽ കെട്ടിടമുണ്ടെന്ന് പൊലീസ് കണ്ടെത്തി.