ബാങ്കിൽ നിന്ന് 26 കിലോ സ്വർണം തട്ടിയ സംഭവം; പ്രതി തട്ടിപ്പ് നടത്തിയത് 40 പവനിൽ കൂടുതൽ പണയം വെച്ച അക്കൗണ്ടുകളിൽ
ഉന്നത ബാങ്കുദ്യോഗസ്ഥർ ബാങ്കിലെത്തി വിവരങ്ങൾ ശേഖരിച്ചിട്ടുണ്ട്. തട്ടിപ്പിനെക്കുറിച്ച് ബാങ്കും അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
കോഴിക്കോട്: വടകരയിലെ ബാങ്ക് ഓഫ് മഹാരാഷ്ട്ര ബ്രാഞ്ചിലെ 26 കിലോ സ്വർണവുമായി ബാങ്ക് മാനേജർ മുങ്ങിയ സംഭവത്തിൽ പ്രതി ലക്ഷ്യം വെച്ചത് കൂടുതൽ സ്വർണം പണയം വെച്ച അക്കൗണ്ടുകളെന്ന് കണ്ടെത്തൽ. 40 പവനിൽ കൂടുതൽ പണയം വെച്ച സ്വർണ്ണം ആണ് തട്ടിപ്പ് നടത്തിയത്. 42 ഇടപാടുകളിലായുള്ള സ്വർണമാണ് നഷ്ടമായത്. അവയിൽ വൻകിട ഇടപാടുകാരും ബിസിനസുകാരും ഉൾപ്പെടെയുള്ളതാണ് നഷ്ടപെട്ട സ്വർണങ്ങളേറെയും. അതേ സമയം സ്വർണ്ണം നഷ്ടപ്പെട്ടവർ ഇതേവരെ പരാതി നൽകിയിട്ടില്ല. ഉന്നത ബാങ്കുദ്യോഗസ്ഥർ ബാങ്കിലെത്തി വിവരങ്ങൾ ശേഖരിച്ചിട്ടുണ്ട്. തട്ടിപ്പിനെക്കുറിച്ച് ബാങ്കും അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
ബാങ്ക് ഓഫ് മഹാരാഷ്ട്ര വടകര ശാഖാ മാനേജർ തമിഴ്നാട് സ്വദേശി മധു ജയകുമാറാണ് തട്ടിപ്പ് നടത്തിയത്. 17 കോടി രൂപയുടെ തട്ടിപ്പ് ബാങ്ക് മാനേജരുടെ സ്ഥലംമാറ്റത്തോടെയാണ് പുറത്തായത്. കഴിഞ്ഞ മൂന്ന് വർഷമായി തമിഴ്നാട് മേട്ടുപാളയം സ്വദേശി മധുജയകുമാർ ആണ് ബാങ്ക് മാനേജർ. കഴിഞ്ഞ മാസം ജയകുമാറിനെ ബാങ്കിന്റെ കൊച്ചി പാലാരിവട്ടം ശാഖയിലേക്ക് സ്ഥലംമാറ്റി. പുതുതായി ചാർജെടുത്ത മേനേജർ പാനൂർ സ്വദേശി ഇർഷാദ് നടത്തിയ പരിശോധനയിലാണ് തട്ടിപ്പ് പുറത്തായത്.
ബാങ്കിൽ പണയം വച്ച സ്വർണ ഉരുപ്പടികൾക്ക് പകരം മുക്ക്പണ്ടം വച്ചായിരുന്നു തട്ടിപ്പ്. 26 കിലോയുടെ മുക്ക്പണ്ടങ്ങളാണ് ബാങ്കിൽ നിന്നും കണ്ടെത്തിയത്. ഇത്രയും അളവിൽ പണയം വെച്ച സ്വർണ്ണ ഉരുപ്പടികളാണ് നഷ്ടമായത്. ഏകദേശം 17 കോടി 29 ലക്ഷം രൂപയുടെ തട്ടിപ്പ്. പിറകിൽ മധുജയകുമാർ മാത്രമല്ലെന്നാണ് സൂചന. ബാങ്കിലെ മറ്റു ജീവനക്കാരിലേക്കും സംശയം നീളുന്നുണ്ട്. മധുജയകുമാറിനെ പാലാരിവട്ടത്തേക്ക് സ്ഥലംമാറ്റിയെങ്കിലും അവിടെ ചുമതല ഏറ്റെടുത്തിരുന്നില്ല.
തട്ടിപ്പ് പുറത്തായെന്ന് സൂചന ലഭിച്ചതോടെ മുങ്ങി. ബാങ്ക് മാനേജർ ഇർഷാദ് നൽകിയ പരാതിയിൽ വടകര പൊലീസ് കേസെടുത്തു. പ്രതി മധു ജയകുമാറിനെ കണ്ടെത്താനായി അന്വേഷണം നടത്തുമെന്ന് പൊലീസ് വ്യക്തമാക്കി. തട്ടിപ്പിൽ ബാങ്കിലെ മറ്റുള്ളവർക്കും പങ്കുള്ളതായാണ് പൊലീസ് കരുതുന്നത്. മറ്റ് ജീവനക്കാരേയും ഉടൻ ചോദ്യം ചെയ്യുമെന്ന് പൊലീസ് അറിയിച്ചിരുന്നു.