കാസർകോട്: ഇന്ന് തുടങ്ങിയ എസ്എസ്എൽസി പരീക്ഷ എഴുതാൻ കർണ്ണാടകത്തിൽ നിന്ന് എത്തേണ്ട 26 കുട്ടികൾക്ക് കാസർകോട് എത്താനായില്ല. 266 കുട്ടികളാണ് അയൽ സംസ്ഥാനത്ത് കുടുങ്ങിപ്പോയത്. ഇവരിൽ 240 പേരെയും തിരിച്ചെത്തിക്കാൻ സാധിച്ചു.

കാസർകോട് ജില്ലാ ഭരണകൂടമാണ് പരീക്ഷയ്ക്ക് വിദ്യാർത്ഥികളെ കേരളത്തിലേക്ക് തിരിച്ചെത്തിച്ചത്. തലപ്പാടി അതിർത്തിയിലെത്തിയ കുട്ടികളെ ഇവിടെ നിന്നാണ് ജില്ലാ ഭരണകൂടം ഇവരെ പരീക്ഷാ ഹാളിലേക്ക് എത്തിച്ചത്. ചില വിദ്യാർത്ഥികൾ നേരിട്ട് പരീക്ഷാ ഹാളിലേക്ക് എത്തിയിരുന്നു.

ഇന്നാണ് സംസ്ഥാനത്ത് എസ്എസ്എൽസി പരീക്ഷ ആരംഭിച്ചത്. നാളെ ഹയർ സെക്കണ്ടറി പരീക്ഷയ്ക്കായി അതിർത്തിക്ക് പുറത്ത് നിന്ന് എത്തേണ്ട വിദ്യാർത്ഥികൾ പലരും എത്തിയിട്ടില്ല. അതേസമയം സംസ്ഥാനത്ത് എസ്എസ്എൽസി പരീക്ഷ എഴുതിയത് 99.91 ശതമാനം പേരാണ്. 422450 വിദ്യാർത്ഥികൾ പരീക്ഷയ്ക്ക് രജിസ്റ്റർ ചെയ്തെങ്കിലും 422077 പേർക്ക് മാത്രമേ പരീക്ഷ എഴുതാൻ സാധിച്ചുള്ളൂ.