Asianet News MalayalamAsianet News Malayalam

നിത്യ ചെലവിന് പോലും പണമില്ല, കടുത്ത സാമ്പത്തിക പ്രതിസന്ധി, പക്ഷേ കേരളീയത്തിന് അനുവദിച്ചത് 27 കോടി 12 ലക്ഷം

ദീപാലങ്കാരത്തിന് 2 കോടി 97 ലക്ഷം. പബ്ലിസിറ്റിക്ക് ചെലവ് 3 കോടി 98 ലക്ഷം രൂപ. സാംസ്കാരിക പരിപാടികള്‍ക്ക് 3 കോടി 14 ലക്ഷം.

27 crore 12 lakh allotted for keraleeyam program amid financial crisis SSM
Author
First Published Oct 15, 2023, 9:46 AM IST

തിരുവനന്തപുരം: കടുത്ത സാമ്പത്തിക പ്രതിസന്ധിയെന്ന് ആവര്‍ത്തിക്കുന്നതിനിടെ കേരളീയം പരിപാടിക്ക് കോടികൾ മുടക്കാൻ സര്‍ക്കാര്‍. ടൂറിസം വികസനത്തിന് എന്ന പേരിൽ കേരളപ്പിറവിയോട് അനുബന്ധിച്ച് സംഘടിപ്പിക്കുന്ന പരിപാടിക്ക് 27 കോടി 12 ലക്ഷം രൂപ അനുവദിച്ച് ഉത്തരവായിക്കഴിഞ്ഞു. അടിസ്ഥാന സൗകര്യ വികസനത്തിന് എന്ന പേരിൽ കിഫ്ബിയിൽ നിന്ന് വരെ പണമെടുത്താണ് തുക ചെലവഴിക്കുന്നത്. ഇതിന് പുറമെ സ്പോൺസര്‍മാരിൽ നിന്ന് പണം വാങ്ങി പരിപാടി വിജയിപ്പിക്കണമെന്നും സര്‍ക്കാര്‍ പറയുന്നു.

കേരളത്തിന്റെ പാരമ്പര്യവും വികസന നേട്ടങ്ങളുമെല്ലാം പരത്തി പറയുന്നുണ്ടെങ്കിലും കേരളീയം പരിപാടിയുടെ പ്രധാന ഊന്നൽ ടൂറിസം മേഖലയിൽ ഉണ്ടാകുമെന്ന് പറയുന്ന മുന്നേറ്റമാണ്. പണമില്ലാ പ്രതിസന്ധിയും ട്രഷറി നിയന്ത്രണവും ഒന്നും തടസമായില്ല. കേരളീയത്തിന് മുന്നോടിയായി 27 കോടി 12 ലക്ഷം ഇനം തിരിച്ച് അനുവദിച്ച് ധന വകുപ്പ് ഉത്തരവിറങ്ങി. ഏറ്റവും അധികം തുക വകയിരുത്തിയത് പ്രദര്‍ശനത്തിനാണ്- 9.39 കോടി. പരിപാടിയുടെ പ്രധാന ആകര്‍ഷണമായി സംഘാടകര്‍ പറയുന്ന ദീപാലങ്കാരത്തിന് 2 കോടി 97 ലക്ഷം. പബ്ലിസിറ്റിക്ക് ചെലവ് 3 കോടി 98 ലക്ഷം രൂപ. സാംസ്കാരിക പരിപാടികളുടെ സംഘാടനത്തിന് 3 കോടി 14 ലക്ഷം.

സ്റ്റേജ് നവീകരണം അടക്കമുള്ള അടിസ്ഥാന സൗകര്യങ്ങളൊരുക്കാൻ കിഫ്ബി ഫണ്ടിൽ നിന്ന് വരെ കേരളീയത്തിന് വിഹിതം കണ്ടെത്തിയിട്ടുണ്ട്. പ്രോഗ്രാം കമ്മിറ്റിയും 14 സബ് കമ്മിറ്റികളും ചേർന്നാണ് സംഘാടനം. ആദ്യം അനുവദിച്ച തുക പ്രാരംഭ ചെലവുകൾക്ക് മാത്രമാണ്. പരിപാടി ഗംഭീരമാക്കാൻ സ്പോൺസർമാരെ കണ്ടെത്തി പണം വാങ്ങാനും മറ്റ് ചെലവ് അതാത് വകുപ്പുകൾ കണ്ടെത്താനും സർക്കാർ നിർദ്ദേശിക്കുന്നുണ്ട്. കേരളീയത്തിന് ഇനിയും കോടികൾ ഇറങ്ങുമെന്ന് ചുരുക്കം. നിത്യ ചെലവുകൾക്ക് പോലും പണമില്ലാത്ത പ്രതിസന്ധിയിലൂടെയാണ് സംസ്ഥാനം മുന്നോട്ട് പോകുന്നത്. തലസ്ഥാനത്ത് മാത്രമായി നവംബർ ഒന്ന് മുതൽ ഏഴ് വരെ കൊണ്ടാടുന്ന കേരളീയത്തിന് വേണ്ടി ഇത്രധികം തുക ചെലവഴിക്കുന്നതിൽ മന്ത്രിമാര്‍ മുതൽ വകുപ്പ് തലവൻമാർ വരെയുള്ളവർക്കിടയിൽ ഭിന്നാഭിപ്രായമുണ്ട്.

'ഇന്നേവരെ കണ്ടിട്ടില്ലാത്തത്': തലസ്ഥാനത്ത് എട്ടു കിലോമീറ്റര്‍ ലൈറ്റ് ഷോ, ബസുകളിലും വൈദ്യുതാലങ്കാരം
 

 

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

Follow Us:
Download App:
  • android
  • ios