'ഇന്നേവരെ കണ്ടിട്ടില്ലാത്തത്': തലസ്ഥാനത്ത് എട്ടു കിലോമീറ്റര്‍ ലൈറ്റ് ഷോ, ബസുകളിലും വൈദ്യുതാലങ്കാരം
യു.വി സ്റ്റേജ് ലൈറ്റ് ഷോ, കൈനറ്റിക് എല്‍.ഇ.ഡി ബോള്‍സ്, എല്‍.ഇ.ഡി ലൈറ്റ് ഫൗണ്ടെയ്ന്‍ എന്നിങ്ങനെ വിവിധ വൈദ്യുതാലങ്കാര കാഴ്ചകളും തലസ്ഥനത്ത് ഒരുക്കുന്നുണ്ടെന്ന് അധികൃതര്‍.
തിരുവനന്തപുരം: കേരളീയം 2023 പരിപാടിയുടെ ഭാഗമായി തിരുവനന്തപുരം നഗരത്തില്‍ എട്ടുകിലോമീറ്റര്‍ ദൈര്‍ഘ്യത്തില്‍ വൈദ്യുതദീപാലങ്കാരം. നഗരം ഇന്നേവരെ കണ്ടിട്ടില്ലാത്ത വര്‍ണങ്ങളുടെ ആഘോഷവും അലങ്കാരവുമാണ് ഒരുങ്ങുന്നതെന്ന് സംഘാടകര്‍ അറിയിച്ചു. കിഴക്കേക്കോട്ട മുതല്‍ കവടിയാര്‍ വരെയുള്ള വഴികള്‍ മുഴുവന്‍ എട്ടു വ്യത്യസ്ത കളര്‍ തീമുകളിലാണ് വൈദ്യുതാലങ്കാരം ഒരുക്കുന്നത്. നവംബര്‍ ഒന്നുമുതല്‍ ഏഴുവരെ തിരുവനന്തപുരം നഗരത്തില്‍ നടക്കുന്ന കേരളീയം മഹോത്സവത്തിന്റെ പ്രധാന ആകര്‍ഷണീയതകളില്‍ ഒന്നാകും ഈ കാഴ്ചയെന്ന് അധികൃതര്‍ പറഞ്ഞു.
എല്‍.ഇ.ഡി ദീപങ്ങള്‍ കൊണ്ട് ആകര്‍ഷകമാക്കിയ 360 ഡിഗ്രി സെല്‍ഫി പോയിന്റുകളും ഒരുങ്ങുന്നുണ്ട്. കനകക്കുന്ന്, സെന്‍ട്രല്‍ സ്റ്റേഡിയം, മ്യൂസിയം കോമ്പൗണ്ട്, ടാഗോര്‍ തിയേറ്റര്‍, സെക്രട്ടേറിയറ്റും അനക്‌സും, പുത്തരിക്കണ്ടം മൈതാനം, ഗാന്ധി പാര്‍ക്ക്, നായനാര്‍ പാര്‍ക്ക് എന്നീ വേദികള്‍ ആശയങ്ങളുടെ അടിസ്ഥാനത്തിലുള്ള വൈദ്യുതദീപങ്ങള്‍ കൊണ്ട് അലങ്കരിക്കും. കനകക്കുന്നില്‍ കേരളീയത്തിന്റെ കൂറ്റന്‍ ലോഗോയായിരിക്കും പ്രധാന ആകര്‍ഷണം. പ്രകാശിതമായ കൂറ്റന്‍ ബലൂണുകളാല്‍ സെന്‍ട്രല്‍ സ്റ്റേഡിയത്തിലുണ്ടാകും. ടാഗോര്‍ തിയേറ്ററില്‍ മൂണ്‍ ലൈറ്റുകളും തയ്യാറാക്കുന്നുണ്ടെന്ന് സംഘാടകര്‍ അറിയിച്ചു.
കനകക്കുന്നില്‍ ലേസര്‍മാന്‍ ഷോയും ഡിജെയും കേരളീയം സന്ധ്യകളെ ഹരം കൊള്ളിക്കുമെന്ന് സംഘാടകര്‍ അഭിപ്രായപ്പെട്ടു. കുട്ടികള്‍ക്കായി മ്യൂസിയത്തില്‍ മൃഗങ്ങളുടെ രൂപത്തിലുള്ള വൈദ്യുതാലങ്കാരങ്ങള്‍ തീര്‍ക്കും. നഗരം ചുറ്റുന്ന രണ്ടു കെ.എസ്.ആര്‍.ടി.സി ബസുകളിലും വൈദ്യുതാലങ്കാരം ഒരുക്കും. ശില്‍പങ്ങളും പ്രതിമകളും വോയ്‌സ് ഓവറോടു കൂടി അലങ്കരിക്കും. ചരിത്രപ്രാധാന്യമുള്ള കെട്ടിടങ്ങള്‍, പ്രധാന ജംഗഷ്‌നുകള്‍, പാലങ്ങള്‍ എന്നിവയും വ്യത്യസ്തനിറങ്ങളിലുള്ള ദീപങ്ങളാല്‍ അലങ്കരിക്കും. യു.വി സ്റ്റേജ് ലൈറ്റ് ഷോ, കൈനറ്റിക് എല്‍.ഇ.ഡി ബോള്‍സ്, എല്‍.ഇ.ഡി ലൈറ്റ് ഫൗണ്ടെയ്ന്‍ എന്നിങ്ങനെ ആകര്‍ഷകമായ വിവിധ വൈദ്യുതാലങ്കാരകാഴ്ചകളും തലസ്ഥനത്ത് ഒരുക്കുന്നുണ്ടെന്ന് അധികൃതര്‍ അറിയിച്ചു.
ഓപ്പറേഷന്‍ അജയ്: ഇസ്രയേലില്‍ നിന്ന് ഇന്ന് തിരിച്ചെത്തിയത് 33 മലയാളികള്‍