രണ്ടു വര്‍ഷം മുന്‍പാണ് വടകര താലൂക്ക് ഓഫീസ് കെട്ടിടത്തിന് യുവാവ് തീയിട്ടത്. കെട്ടിടത്തിന്‍റെ മുക്കാല്‍ ഭാഗവും ഫയലുകളിലേറെയും കത്തി നശിച്ചു
കോഴിക്കോട്: കിഫ്ബിയില്‍ പ്രതീക്ഷയര്‍പ്പിച്ച് തുടക്കമിട്ട നിരവധി പദ്ധതികളാണ് ഫണ്ട് അനുവദിക്കാത്തതിനെ തുടര്‍ന്ന് മുടങ്ങിക്കിടക്കുന്നത്. കോഴിക്കോട് വടകരയില്‍ മിനിസിവില്‍ സ്റ്റേഷന്‍ നിര്‍മാണത്തിനായി 28 കോടി രൂപ വകയിരുത്തി രണ്ടു വര്‍ഷമായിട്ടും കിഫ്ബി പണം അനുവദിച്ചിട്ടില്ല. താലൂക്ക് ഓഫീസ് കെട്ടിടം തീപിടുത്തത്തില്‍ നശിച്ചതോടെ വാടക കെട്ടിടത്തിലാണ് നിലവില്‍ താലൂക്ക് ഓഫീസിന്‍റെ പ്രവര്‍ത്തനം.
രണ്ടു വര്‍ഷം മുന്‍പാണ് വടകര താലൂക്ക് ഓഫീസ് കെട്ടിടത്തിന് ആന്ധ്ര സ്വദേശിയായ യുവാവ് തീയിട്ടത്. കെട്ടിടത്തിന്‍റെ മുക്കാല്‍ ഭാഗവും ഫയലുകളിലേറെയും കത്തി നശിച്ചു. കാലപ്പഴക്കവും അസൗകര്യങ്ങളും കണക്കിലെടുത്ത് താലൂക്ക് ഓഫീസ് അടക്കം വടകരയിലെ പ്രധാന സര്‍ക്കാര്‍ ഓഫീസുകള്‍ക്കായി മിനി സിവില്‍ സ്റ്റേഷന്‍ നിര്‍മിക്കാനുളള നീക്കങ്ങള്‍ക്കിടെയായിരുന്നു ഈ സംഭവം. 28.13 കോടി രൂപ ചെലവില്‍ മിനി സിവില്‍ സ്റ്റേഷന്‍ നിര്‍മിക്കാന്‍ റവന്യൂ വകുപ്പ് ഭരണാനുമതി നല്‍കി. കേരള സ്റ്റേറ്റ് ഹൗസിംഗ് ബോര്‍ഡിനെ നിര്‍വഹണ ഏജന്‍സിയായി വച്ചു. ഹൗസിംഗ് ബോര്‍ഡ് വിശദമായ പദ്ധതി രേഖ ഉള്‍പ്പെടെ സമര്‍പ്പിക്കുകയും ചെയ്തു. 2022 ഏപ്രില്‍ 21ന് റവന്യൂ മന്ത്രി കെ രാജന്‍ മിനി സിവില്‍ സ്റ്റേഷന്‍ കെട്ടിടത്തിന് തറക്കല്ലിടുകയും ചെയ്തു. എന്നാല്‍ വര്‍ഷം രണ്ട് കഴിഞ്ഞിട്ടും കിഫ്ബി പണം അനുവദിച്ചിട്ടില്ല.
അങ്ങനെ മിനി സിവില്‍ സ്റ്റേഷന്‍ കെട്ടിട്ടം വകുപ്പ് മന്ത്രി ഇട്ട തറക്കല്ലില്‍ ഒതുങ്ങി. താലൂക്ക് ഓഫീസ്, സബ് രജിസ്ട്രാര്‍ ഓഫീസ്, സബ് ട്രഷറി, ലീഗല്‍ മെട്രോളജി, പൊലീസ് കണ്‍ട്രോള്‍ റൂം തുടങ്ങി വടകരയിലെ 11 സര്‍ക്കാര്‍ ഓഫീസുകളാണ് മിനി സിവില്‍ സ്റ്റേഷന്‍ യാഥാര്‍ത്ഥ്യമാകുന്നതും കാത്തിരിക്കുന്നത്. ഇത് വടകരയിലെ മാത്രം സ്ഥിതിയല്ല. വിവിധ ജില്ലകളിലായി കിഫ്ബി വഴി നിര്‍മാണം നടത്തുമെന്ന് പ്രഖ്യാപിച്ച പല പദ്ധതികളും സമാനമായ രീതിയില്‍ ഫയലിലുറങ്ങുകയോ തറക്കല്ലില്‍ അവശേഷിക്കുകയോ ചെയ്യുന്നുണ്ട്. 2016-21 കാലയളവില്‍ ആരോഗ്യ, വിദ്യാഭ്യാസ, പൊതുമരാമത്ത് വകുപ്പുകളിലായി നിരവധി പദ്ധതികള്‍ സമയ ബന്ധിതമായി പൂര്‍ത്തിയാക്കാനായ ചരിത്രമുളള കിഫ്ബിയാണ് ഇപ്പോള്‍ മുടന്തി നീങ്ങുന്നത്.
കടുത്ത സാമ്പത്തിക പ്രതിസന്ധി; കിഫ്ബിക്ക് കടിഞ്ഞാണിടാൻ സംസ്ഥാന സർക്കാർ, കർശന നിയന്ത്രണത്തിന് ധാരണ
ബജറ്റ് പ്രഖ്യാപനത്തിലൂടെയോ മന്ത്രിസഭാ തീരുമാനത്തിലൂടെയോ ആണ് കിഫ്ബിയിലേക്ക് ഒരു പദ്ധതി എത്തുന്നത്. ആദ്യ ഘട്ടത്തില്‍ പ്രധാന അടിസ്ഥാന സൗകര്യ വികസന പദ്ധതികളായിരുന്നു കിഫ്ബിക്ക് കീഴില്‍ വന്നിരുന്നത് എങ്കില്‍ പിന്നീട് പദ്ധതികളുടെ എണ്ണം കൂടി. ഒടുവില്‍ കേന്ദ്രത്തിന്‍റെ കടുംപിടുത്തവും മസാല ബോണ്ട് അടക്കമുളള വായ്പ സ്രോതസുകള്‍ അന്വേഷണ പരിധിയില്‍ വരികയും ചെയ്തതോടെയാണ് കിഫ്ബി ഏറ്റെടുത്ത പല പദ്ധതികളും പ്രതിസന്ധിയിലായത്.

