എറണാകുളം പച്ചാളത്തെ ബാറിൽ നിന്ന് ബുള്ളറ്റും പണവും മോഷ്ടിച്ച കേസിലെ മൂന്ന് പ്രതികളെ പോലീസ് അറസ്റ്റ് ചെയ്തു. സിസിടിവി ദൃശ്യങ്ങൾ പോലീസിന് നൽകിയതിന് ബാർ മാനേജരെ പ്രതികളിലൊരാൾ ക്രൂരമായി മർദ്ദിച്ചിരുന്നു. ഇൻസ്റ്റാഗ്രാം വഴി ആശയവിനിമയം നടത്തി ഒളിവിൽ പോയ പ്രതികളെ അതിസാഹസികമായാണ് പോലീസ് പിടികൂടിയത്.
കൊച്ചി: എറണാകുളം പച്ചാളത്തെ ബാറിൽ നിന്നും ബുള്ളറ്റും പണവും ഫോണും മോഷ്ടിച്ച കേസിൽ സിസിടിവി ദൃശ്യങ്ങൾ പൊലീസിന് നൽകിയതിന് ബാർ മാനേജരെ ക്രൂരമായി മർദ്ദിച്ച കേസിലെ പ്രതികളെ എറണാകുളം ടൗൺ നോർത്ത് പോലീസ് മണിക്കൂറുകൾക്കുള്ളിൽ പിടികൂടി. കൊലപാതകശ്രമം ഉൾപ്പെടെയുള്ള വകുപ്പുകൾ ചുമത്തിയാണ് പോലീസ് നടപടി. തേവര മൈലോത്ത് വീട്ടിൽ ജോയൽ ചാക്കോ (23 - ചെകുത്താൻ ജോൺസന്റെ മകൻ), പനമ്പള്ളി നഗർ തൊണ്ടിപ്പറമ്പിൽ വീട്ടിൽ മുഹമ്മദ് അസ്ലൻ (18), കോഴിക്കോട് പുതിയപ്പ മളികപ്പുരയിൽ വീട്ടിൽ വിഘ്നേഷ് (22) എന്നിവരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. പ്രതികളിൽ നിന്നും മോഷ്ടിച്ച ബുള്ളറ്റും പോലീസ് കണ്ടെടുത്തു.
സെപ്റ്റംബർ 16-നാണ് കേസിനാസ്പദമായ ആദ്യ സംഭവം നടക്കുന്നത്. പച്ചാളത്തുള്ള ബാറിലെത്തിയ പരാതിക്കാരൻ മദ്യപിച്ച് ബോധമില്ലാത്ത അവസ്ഥയിൽ കിടന്ന സമയം, പ്രതികൾ ഇയാളുടെ പോക്കറ്റിൽ നിന്നും പേഴ്സും ബുള്ളറ്റിന്റെ താക്കോലും മൊബൈൽ ഫോണും മോഷ്ടിച്ച് കടന്നുകളയുകയായിരുന്നു. പരാതി ലഭിച്ച ഉടൻ എറണാകുളം നോർത്ത് പോലീസ് ബാറിലെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചു. വാഹനം മോഷ്ടിച്ചവർക്കൊപ്പം മദ്യപിക്കാൻ പ്രതിയായ ജോയൽ ഉണ്ടായിരുന്നതായി തിരിച്ചറിഞ്ഞു. പോലീസ് അന്വേഷണം ആരംഭിച്ചതോടെ പ്രതികൾ ഫോൺ ഓഫ് ചെയ്ത് ഒളിവിൽ പോയി.
തുടർന്ന് കഴിഞ്ഞ ദിവസം ബാറിന് പരിസരത്ത് വീണ്ടുമെത്തി ബഹളമുണ്ടാക്കിയ ജോയൽ, ബാറിനുള്ളിലേക്ക് കയറി മാനേജരെ തലയ്ക്ക് മർദ്ദിക്കുകയായിരുന്നു. "നീ പോലീസിന് ക്യാമറ ഫൂട്ടേജ് നൽകുമോ" എന്ന് ചോദിച്ചായിരുന്നു ആക്രമണം. മർദ്ദനത്തിൽ മാനേജർക്ക് സാരമായി പരിക്കേറ്റു. വിവരം അറിഞ്ഞ് പോലീസ് സ്ഥലത്തെത്തിയെങ്കിലും പ്രതികൾ സമീപത്തെ ചതുപ്പിലേക്ക് ഓടി രക്ഷപ്പെടുകയായിരുന്നു. മാനേജരുടെ പരാതിയിൽ ജോയലിനെതിരെ കൊലപാതകശ്രമത്തിന് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്ത പോലീസ്, വീട് വളഞ്ഞ് പ്രതിയെ പിടികൂടുകയായിരുന്നു.
ജോയലിനെ ചോദ്യം ചെയ്തതോടെയാണ് മോഷണം നടത്തിയത് പനമ്പള്ളി നഗർ സ്വദേശിയായ അസ്ലമും കോഴിക്കോട് സ്വദേശിയായ വിഘ്നേഷുമാണെന്ന് വ്യക്തമായത്. തുടർന്ന് പനമ്പള്ളി നഗർ ഭാഗത്തുനിന്നും അസ്ലമിനെ പോലീസ് കസ്റ്റഡിയിലെടുത്തു. തെളിവുകൾ നിരത്തിയുള്ള ചോദ്യം ചെയ്യലിൽ ഇയാൾ കുറ്റം സമ്മതിച്ചു. പ്രതികളുടെ മൊബൈൽ ഫോണുകൾ പരിശോധിച്ചതിൽ നിന്നാണ് മൂന്നാം പ്രതിയായ വിഘ്നേഷിലേക്ക് പോലീസ് എത്തിയത്. ഇൻസ്റ്റാഗ്രാം വഴിയാണ് പ്രതികൾ ആശയവിനിമയം നടത്തിയിരുന്നത് എന്നതിനാൽ ഇവരെ ട്രാക്ക് ചെയ്യുന്നത് പോലീസിന് വലിയ വെല്ലുവിളിയായിരുന്നു. അന്വേഷണത്തിൽ പ്രതികൾ ആലുവയിലുണ്ടെന്ന് വിവരം ലഭിക്കുകയും, അവിടെ നിന്നും പുണെയിലേക്കുള്ള ട്രെയിനിൽ കയറിയതായി കണ്ടെത്തുകയും ചെയ്തു. റെയിൽവേ പോലീസിന്റെ സഹായത്തോടെ ട്രെയിൻ തൃശൂരിലെത്തിയപ്പോൾ വിഘ്നേഷിനെ പോലീസ് സാഹസികമായി പിടികൂടുകയായിരുന്നു. മറ്റ് രണ്ടു പ്രതികളെയും കൂട്ടി പുണെയിലേക്ക് രക്ഷപ്പെടാനായിരുന്നു വിഘ്നേഷിന്റെ പദ്ധതി.
എറണാകുളം സെൻട്രൽ അസിസ്റ്റന്റ് കമ്മീഷണർ സിബി ടോമിന്റെ നിർദ്ദേശപ്രകാരം എറണാകുളം ടൗൺ നോർത്ത് ഇൻസ്പെക്ടർ സന്തോഷിന്റെ നേതൃത്വത്തിലുള്ള അന്വേഷണസംഘമാണ് പ്രതികളെ വലയിലാക്കിയത്. സബ് ഇൻസ്പെക്ടർമാരായ അനൂപ് ചാക്കോ, ഇ.എം. ഷാജി, സീനിയർ സിവിൽ പോലീസ് ഓഫീസർമാരായ അഖിലേഷ്, പ്രശാന്ത് ബാബു, ഹരീഷ് ബാബു, വിപിൻ എന്നിവരും അന്വേഷണ സംഘത്തിലുണ്ടായിരുന്നു.


