ദില്ലി: കേരളത്തിലേക്ക് 30 വിമാന സർവ്വീസുകൾ കൂടി അനുവദിച്ച് കേന്ദ്ര സർക്കാർ . മുഖ്യമന്ത്രി പിണറായി വിജയൻ വ്യോമയാന മന്ത്രി ഹർദീപ് സിംഗ് പുരിയുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് തീരുമാനം. ഉത്സവകാലങ്ങളിൽ വിദേശത്ത് നിന്നടക്കം കൂടുതൽ യാത്രക്കാർ കേരളത്തിലേക്ക് എത്തുന്ന സാഹചര്യത്തിലാണ് നടപടി. വിമാനകമ്പനികൾ ഉയർന്ന നിരക്ക് ഈടാക്കുന്ന വിഷയും കേരളം വ്യോമയാന മന്ത്രിയുടെ ശ്രദ്ധയിൽപെടുത്തി. ആഭ്യന്തര , അന്താരാഷ്ട്ര സ‍ർവ്വീസുകളിലെ യാത്രക്കാരുടെ വർദ്ധന ചൂണ്ടിക്കാട്ടി വിമാനകമ്പനികൾക്ക് കൂടുതൽ ഇളവുകൾ നൽകാൻ തയ്യാറാകണമെന്നും കേരളം ആവശ്യപ്പെട്ടു. കൊച്ചി മെട്രോയുടെ അടുത്ത ഘട്ടം ഉടൻ ആരംഭിക്കുമെന്നും കേന്ദ്ര മന്ത്രി പറഞ്ഞു.

കരിപ്പൂർ എയർപ്പോർട്ടിൽ നിന്ന്‌ കൂടുതൽ വിമാനസർവ്വീസുകൾ ആരംഭിക്കുന്നതുമായി ബന്ധപ്പെട്ട്‌ ഉന്നതതല യോഗം ഒക്ടോബറിൽ ഡൽഹിയിൽ വിളിച്ചു ചേർക്കുമെന്ന്‌ ഹർദീപ്‌ സിംഗ്‌ പുരി നേരത്തെ അറിയിച്ചിരുന്നു . വ്യോമയാന മന്ത്രാലയ സെക്രട്ടറി, ഡി.ജി.സി.എ, എയർ ഇന്ത്യ, എയർ ഇന്ത്യ എക്സ്പ്രസ്‌, കൂടാതെ വിവിധ  സ്വകാര്യ വിമാന കമ്പനികളുടെ  പ്രതിനിധികളും  ജനപ്രതിനിധികളുടെയും യോഗമാണ്‌ ചേരുകയെന്നു മന്ത്രി എം കെ രാഘവൻ എം പി ക്ക് ഉറപ്പ് നൽകിയിരുന്നു. ഏതാനും വർഷങ്ങളായ്‌ അധികൃതരിൽ നിന്ന്‌ കരിപ്പൂർ വിമാനത്താവളം എല്ലാ രീതിയിലും കടുത്ത അവഗണനയാണ്‌ നേരിടുന്നതെന്നും എം പി കൂടികാഴ്ചയിൽ ചൂണ്ടിക്കാട്ടിയിരുന്നു.